LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാബസാഹേബ് അംബേദ്‌കര്‍: ജനാധിപത്യത്തിൻ്റെ ചരിത്ര ജീവിതം - ഡോ. കെ.എസ്.മാധവന്‍

അംബേദ്‌കര്‍ വീണ്ടെടുക്കപ്പെടുന്ന ചിന്തകന്‍

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നതും വീണ്ടെടുക്കപ്പെടുന്നതുമായ ഒരു ചിന്തകനാണ് അംബേദ്‌കര്‍ .ജനാധിപത്യത്തെ തുല്യനീതിയുമായി ബന്ധിപ്പിക്കുകയും സാമൂഹിക ജനാധിപത്യത്തിൽ നിലനിൽക്കുന്ന സാഹോദര്യ ജീവിതത്തിലൂടെ മാത്രമെ രാഷ്ട്രിയ ജനാധിപത്യത്തിന് അതിജീവിക്കാൻ കഴിയു എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുകയും ചെയ്തു. ഈ തത്വചിന്താ വിചാരമാണ് അംബേദ്കറെ ആധുനിക ജനാധിപത്യ ചിന്തയുടെ കേന്ദ്രത്തിൽ സ്ഥാനപ്പെടുത്തുന്നതിൻ്റെ പ്രധാന കാരണം. തുല്യത എന്നത് ഒരു തത്വം എന്നതിലുപരി ജനാധിപത്യ സാഹോദര്യ ജീവിതത്തിൻ്റെ അടിത്തറയാക്കിയതിനാലാണ് അംബേദ്കർ ചിന്തയിൽ, ജനാധിപത്യം സമൂഹത്തിൽ തുല്യനീതി സ്ഥാപിച്ചെടുക്കുന്ന രാഷ്ട്രിയ പ്രയോഗമായി മാറുന്നത്. സാമൂഹിക ജീവിതത്തിൽ നിന്നും മുറിഞ്ഞുമാറിനില്ക്കുന്ന കേവലം ഒരു ഭരണ രൂപമായി അംബേദ്കർ ജനാധിപത്യത്തെ വിലയിരുത്തിയിട്ടില്ല. രാഷ്ട്രിയ ജനാധിപത്യം മനുഷ്യരെ തുല്യതയിൽ പുനർനിർമ്മിക്കുന്നത് അധികാര വ്യവസ്ഥയെ ആധുനിക ദേശരാഷ്ട്രമായി പുനക്രമീകരിച്ചു കൊണ്ടാണ്. തുല്യ പൗരത്വ സങ്കല്പത്തിലൂടെ നിയമപരമായ തുല്യതയെ അടിസ്ഥാനപ്പെടുത്തി ആധുനിക മനുഷ്യരെ പൗരജനതയായി നിർവ്വചിക്കുന്നു.

അസമത്വവും തരംതിരിവ് അസമത്വവും  (inequality and graded inequality)

സാമൂഹികവും സാമ്പത്തീകവും സാംസ്കാരികവുമായ അസമത്വ വ്യവസ്ഥിതിയിൽ നൂറ്റാണ്ടുകളായി നിലനിന്ന ഇന്ത്യൻ ജനസമൂഹത്തെ ഒരു ദേശിയ ജനതയായി നിർവ്വചിക്കാൻ, അസമത്വത്തെ (inequality) 'തരം തിരിച്ച' ചരിത്രപരമായ 'അസമത്ത  വ്യവസ്ഥയായി' (graded inequality) സ്ഥാനപ്പെടുത്തിയാണ് അംബേദ്ക്കർ സ്വാത്രന്ത്രത്തെയും തുല്യതയെയും നിർവ്വചിക്കുന്നത്. 'തരംതിരിവ് അസമത്വത്തെ'- അംബേദ്ക്കർ ഒരു വിശകലന സംവർഗമായി നിരൂപിക്കുന്നത് ഇന്ത്യക്കാരെ ഒരു ദേശിയ ജനതയായി നിർവ്വചിക്കാനും രൂപപ്പെടുത്താനുമാണ്. കൊളോണിയൽ വിരുദ്ധദേശിയതയിലൂടെ ഉണ്ടായി വരുന്ന 'ദേശിയ ജനത' എന്ന സങ്കല്പത്തിലേക്ക് തുല്യതയും സാഹോദര്യവും നീതിയും  ഉൾവഹിച്ചുകൊണ്ട് തുല്യപൗരത്വത്തെ സാമൂഹികമായും നൈതീകമായും അംബേദ്ക്കർ നിർവ്വചിച്ചു. അങ്ങനെ അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന്‍റെ  ദേശിയതാ സങ്കല്പത്തില്‍ ഉ ള്‍ച്ചേര്‍ന്ന മുഖ്യധാരാ വരേണ്യദേശിയതയുടെ ബ്രാഹ്മണ്യമൂല്യ മണ്ഡലത്തെ അപനിർമ്മിക്കാനാണ്  ശ്രമിച്ചത്.  ഇതിലൂടെ ഒന്നാമതായി ജാതിയിലും സ്ത്രീ - ബ്രാഹ്മണ്യ- പുരുഷാധിപത്യത്തിലും വർണ്ണബോധ്യത്തിലും ശുദ്ധിവരേണ്യതയിലും ബ്രാഹ്മണ്യ ജീവിതമൂല്യങ്ങൾ കോയ്മ സ്ഥാപിച്ച ഇന്ത്യൻ സമൂഹത്തിന്, തുല്യതയും തുല്യനീതിയും അടിസ്ഥാനമാക്കി ഒരു ദേശിയ ജനതയാകാൻ കഴിയുമൊ എന്നതാണ് അംബേദ്ക്കർ ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിൻ്റെയുള്ളിൽ വിധ്വംസകമായി ഉന്നയിക്കുന്ന പ്രധാന രാഷ്ട്രിയ നൈതിക പ്രശ്നം.

ബ്രാഹ്മണ്യ ആശയമണ്ഡലം തകരാതെ തുല്യ പൗരത്വബോധത്തിലെത്താനാവില്ല

ഇന്ത്യക്കാർക്ക് സാഹോദര്യജീവിതം നിലനിനിൽക്കുന്ന തുല്യ പൗരത്വബോധമുളള ഒരു ദേശിയ ജനതയാകണമെങ്കിൽ തുല്യതയെ അംഗികരിക്കാത്ത ജാതി വ്യവസ്ഥയും അതിനെ ധാർമ്മികമായും സാമൂഹികമായും സാധൂകരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ബ്രാഹ്മണ്യ ഹിന്ദു ജീവിതവും നശിക്കണം. ബ്രാഹ്മണ്യ ആശയമണ്ഡലവും ജാതി ജീവിതവും തകർക്കപ്പെട്ടെങ്കിൽ മാത്രമെ ദേശിയത എന്നത് സാഹോദര്യ ജീവിതബോധ്യവും ജനാധിപത്യ തുല്യതയിൽ ഊന്നുന്ന പങ്കാളിത്ത ജീവിതവുമാകുകയുള്ളൂ.
 അതിനായി മതപരമായി സാമൂഹിക അസമത്തത്തെയും അടിച്ചമർത്തൽ ചൂഷണക്രമത്തെയും ന്യായികരിക്കുന്ന, സാംസ്കാരിക ഹിംസയായും പ്രതീകാത്മക വ്യവസ്ഥയായും  നിലനില്ക്കുന്ന ഹിന്ദുത്വ ബ്രാഹ്മണ്യ ജാതിജീവിതം തകർക്കുക എന്നതാണ് പ്രധാനം. എങ്കിൽ മാത്രമെ തുല്യതയും സാമൂഹിക ജനാധിപത്യവും മുന്നോട്ട് വയ്ക്കുന്ന ജനത എന്ന സങ്കല്പം  നിർമ്മിക്കപ്പെടുകയുള്ളു. ജാതി നശീകരണ ദേശിയ പ്രസ്ഥാനവും ജാതിവിരുദ്ധ ജനാധിപത്യവും ദേശിയ ജനതയെ നിർമ്മിക്കാനുള്ള മുന്നുപാധിയായായി അംബേദ്ക്കർ സ്ഥാനപ്പെടുത്തുന്നത് കാണാം. അംബേദ്ക്കറുടെ അനിഹിലേഷന്‍ ഓഫ് കാസ്റ്റ്  (Annihilation of Caste) എന്ന പുസ്തകം ജാതിവിരുദ്ധ ജനാധിപത്യ സമരത്തിലൂടെ,  അസമത്തത്തെ പരിവർത്തിപ്പിക്കുന്ന ആഭ്യന്തര സമരത്തിലൂടെ, സാമൂഹിക  ജനാധിപത്യത്തെ വികസിപ്പിക്കുന്ന, സാമൂഹിക നീതിയിലൂന്നുന്ന സാഹോദര്യ ജീവിതം നിർമ്മിക്കാൻ ആവശ്യപ്പെടുന്ന കൃതിയാണ്. അതോടൊപ്പം  കൊളോണിയൽ വിരുദ്ധ ദേശിയ സമരത്തിലൂടെ രാഷ്ട്രീയ ജനാധിപത്യം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും എന്നാൽ വൈവിധ്യത്തിൽ നിലനിൽക്കുന്ന അധികാരവ്യവസ്ഥയെ ഉൾക്കൊള്ളൽ ജനാധിപത്യമായും പങ്കാളിത്ത സ്വാതന്ത്രസങ്കല്പമായ "സ്വരാജ് " ആയും അംബേദ്ക്കർ പുനര്‍ നിർവ്വചിക്കുന്നുണ്ട്. ഇവിടെ ദേശിയതയും ദേശിയ ജനതയും രാഷ്ട്രീയ ജനാധിപത്യവും സാമൂഹിക ജനാധിപത്യവും പരസ്പര്യപ്പെട്ടു നിർമ്മിച്ചെടുക്കേണ്ട ഒന്നായിട്ടാണ് അംബേദ്ക്കർ കാണുന്നത്.

അംബേദ്‌കറും ഗാന്ധിയും 

പശ്ചാത്യ ആധുനികതയേയും ലിബറൽ ജനാധിപത്യത്തെയും തുല്യപൗരത്വം. അധികാരത്തിൻ്റെ പ്രതിനിത്യ പങ്കാളിത്തം, വിതരണ നീതിയിലധിഷ്ഠിതമായ റിപ്പബ്ളിക്കൻ പൗരജീവിതം എന്നിങ്ങനെ അംബേദ്കർ സ്ഥാനപ്പെടുത്തിയപ്പോൾ ആധുനികതയേയും അതിൻ്റെ ലിബറൽ ജനാധിപത്യ സങ്കല്പങ്ങളെയും ഭരണകൂട അധികാരത്തെയും വിനാശകരമായ ഒരു പാശ്ചാത്യ നാഗരികതയുടെ അശിഷ്ടമായി ഗാന്ധി സ്ഥാനപ്പെടുത്തുന്നുണ്ട്. ലിബറൽ ജനാധിപത്യത്തിൻ്റെ ആശയങ്ങൾക്കുമേൽ ബ്രാഹ്മണ്യത്തിൻ്റെ പ്രാക്തന നഗരികതയിൽ കാല്പനികമായി പരിഹാരം കണ്ടെത്താൻ ഗാന്ധി ശ്രമിച്ചത് ശുദ്ധിവരേണ്യതയും അപരത്വഹീനതയുമായി വർത്തമാനത്തെ വേട്ടയാടുന്നുണ്ട്. സമത്വത്തെയും ജാതിവിരുദ്ധ ജനാധിപത്യജീവിതത്തെയും സാഹോദര്യത്തെയും സാമൂഹിക ജനാധിപത്യത്തിൽ നിർമ്മിക്കപ്പെടേണ്ടതായിട്ടാണ് അംബേദ്കർ സ്ഥാനപ്പെടുത്തുന്നത്.
 ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയിൽ എനിക്ക് ഒരു രാജ്യം ഇല്ലായെന്ന് അംബദ്ക്കർ സൂചിപ്പിക്കുന്നുണ്ട്. അതെ ഇന്ത്യയിൽ രാഷ്ട്രവും ജനതയും ജനാധിപത്യവും സമൂഹവും നിർമ്മിക്കപ്പെടേണ്ടതാണെന്ന രാഷ്ട്രിയ ഉൾക്കാഴ്ച്ചയാണ് അംബേദ്ക്കറിൻ്റെ ജനാധിപത്യ ചിന്തയുടെ സമകാലിക പ്രസക്തി. ഇതുതന്നെയാണ്  ഗാന്ധിയുൾപ്പടെയുള്ള മറ്റു ദേശിയ വാദികളിൽ നിന്ന് അംബേദ്‌കറെ വ്യത്യസ്തനാക്കുന്നത്. ആധുനിക ലിബറൽ ജനാധിപത്യവും തുല്യതയിൽ അധിഷ്ഠിതമായ നീതി സങ്കല്പവും കൂടിച്ചേർന്ന രാഷ്ട്രീയ ജനാധിപത്യ ഭാവന, ഉൾക്കൊള്ളൽ ജനാധിപത്യമായും സാഹോദര്യ പൗരത്വസങ്കല്പുമായും അംബേദ്ക്കർ വികസിപ്പിക്കുകയും ഭരണഘടനാ
ജനാധിപത്യമായി ഇന്ത്യയിൽ രൂപപ്പെടുത്തുകയും ചെയ്തു അംബേദ്‌കര്‍.

ഇന്ത്യയിലെ ബുദ്ധൻ മുതൽ അയോത്തി ദാസ് പണ്ഡിതർ വരെയുള്ള  ചിന്തകരുടെയും പ്രസ്ഥാനങ്ങളുടെയും ദാർശനികവും നൈതീകവുമായ ചരിത്ര ജീവിതങ്ങളെ 
പാശ്ചാത്യ ജനാധിപത്യ സങ്കല്പത്തിലേക്ക് ഉള്‍ച്ചെര്‍ത്ത് ആലോചിക്കുകയും  അതിനെ സാമൂഹിക ജനാധിപത്യമായും അനുകമ്പയിലധിഷ്ഠിതമായ സാഹോദര്യ സാമൂഹിക ജീവിതമായും അംബേദ്ക്കർ പുനർനിർവ്വചിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ദാർശനിക ഉള്ളടക്കമായി അംബേദ്ക്കറുടെ ഈ ജനാധിപത്യ ദാർശനിക ചിന്ത ഭരണഘടനാ ധാർമ്മികതയായി നിലനിൽക്കുന്നു.

ഹിന്ദുത്വത്തിന്‍റെ കാലത്ത് അംബേദ്‌കറെ വായിക്കുമ്പോള്‍ 

ഭരണഘടനാ ജനാധിപത്യം  ഇന്ത്യനല്ലെന്നു വാദിക്കുന്ന സംഘപരിവാര്‍ ആശയം ഹിന്ദുത്വ ബ്രാഹ്മണ്യത്തിന്‍റെ ആശയസംഹിതകളായി ഭരണകൂടത്തിലും ഭരണ നിര്‍വ്വഹണത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന  സന്ദർഭത്തിലാണ് ജനാധിപത്യവാദികൾ മുമ്പെങ്ങുമില്ലത്ത വിധം അംബേദ്ക്കറെ വായിക്കുന്നത്  മതനിരപേക്ഷ തുല്യപൗരത്വ ഭരണഘടനക്കു പകരം ഇന്ത്യന്‍ ബ്രാഹ്മണൃത്തിന്‍റെ  ആധാരശിലയായ ധര്‍മ്മശാസ്ത്രങ്ങളെ അടിസ്ഥാനമാക്കുന്ന ജാതി, വര്‍ണ്ണ നിയമങ്ങള്‍, ഭരണഘടനയും നീതിന്യായ വ്യവസ്ഥയുമാക്കി മാറ്റുന്ന രാഷ്ട്രീയമാണ്  ഹിന്ദുത്വവാദികൾ ഭരണകൂട പിന്തുണയോടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്. പൗരത്വത്തിന്‍റെ  മാനദണ്ഡം മതമായി മാറുന്നു. മതത്തിന്‍റെ  അടിസ്ഥാനത്തിൽ ദേശിയ പൗരത്വ കണക്കെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.  ഭരണഘടയുടെ തുല്യനീതീ  സങ്കൽപ്പത്തിന് പകരമായി കുറ്റവാളികൾക്ക് നീതി കിട്ടിയ അവസ്ഥയിൽ ബാബരി മസ്ജിദിന്‍റെ  ഭൂമി കൈമാറുന്ന വിധി.  ഭരണഘടനയ്ക്കും ഭരണഘടനാ ധാര്‍മ്മികതയ്ക്കും പകരം ജാതിഹിന്ദു വിശ്വാസം മേല്‍കൈ നേടിക്കഴിഞ്ഞിരിക്കുന്നു. സാമൂഹ്യനീതിയും തുല്യപൗരത്വവും ഇന്ന് ഭൂരിപക്ഷ മതത്തിൻ്റെ പേരിലുള്ള ബ്രാഹ്മണ്യ ഹിന്ദുത്വവും ഹിന്ദുരാഷ്ട്രവാദവും റദ്ദാക്കുന്ന സമകാലിക സന്ദർഭത്തിലൂടെയാണ് നാം കടന്നു പോകുന്നത്.  ബ്രാഹ്മണ്യത്തിൻ്റെ സാമൂഹിക തരംതിരിവ് രൂപങ്ങളായ ജാതി-വർണ്ണ വിഭജനത്തെ അടിസ്ഥാനമാക്കുന്ന മൂല്യങ്ങൾ ഹിന്ദു രാഷട്രത്തിൻ്റെ അടിത്തറയും അതിൻ്റെ സാംസ്കാരിക വ്യസ്ഥയുമായി മാറിക്കഴിഞ്ഞു. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വത്തിന്  തുല്യ മനുഷ്യസങ്കല്പമില്ല എന്നതുകൊണ്ടുതന്നെ ഹിന്ദു രാഷ്ട്രത്തിന് തുല്യ പൗരത്വ സങ്കല്‌പവുമില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. തരംതിരിച്ച മേൽകീഴ് മനുഷ്യ വിന്യാസ സങ്കല്പമാണ് ബ്രാഹ്മണ്യ ത്തിൻ്റ മനുഷ്യഭാവന. ത്രൈവർണ്ണികർക്ക് മാത്രമെ മനുഷ്യൻ്റ പദവി ബ്രാഹ്മണ്യ ഹിന്ദു സംസ്കാരം നിരൂപിച്ചിട്ടുള്ളു. തരംതിരിച്ച സാമൂഹിക അസമത്വ വ്യവസ്ഥയ്ക്ക്  അനുസൃതമായ വർണ്ണ - ജാതി തിരിവിനനുസരിച്ചു മാത്രമെ ജാതി - വർണ്ണവ്യവസ്ഥയെ സനാതന സംസ്കാരമായും ദേശിയതയായും കാണുന്ന രാഷ്ട്രിയ പ്രത്യയശാസ്ത്രത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയു.

തുല്യപൗരത്വം എന്നത് ആധുനിക ദേശരാഷ്ട്രത്തിൻ്റെയും ഭരണഘടന ജനാധിപത്യത്തിൻ്റെയും സങ്കല്‌പമാണ്. ഹിന്ദുത്വത്തിൻ്റെ രാഷ്ട്രീയ സങ്കല്പം വർണ്ണരാജ്യവ്യവസ്ഥയും ത്രൈവർണ്ണിക കോയ്മയുടെ അധികാര വ്യവസ്ഥയും മാത്രമാണ്. അതിന് ജനാധിപത്യ രാഷ്ട്രസങ്കല്പവും തുല്യ അവകാശങ്ങള്‍ ഉള്ള
മനുഷ്യർ നിലനില്ക്കുന്ന സിവിൽ സമൂഹ സങ്കല്പവുമില്ല. ഹിന്ദുത്വത്തിന് ജാതിക്രമങ്ങൾ പാലിക്കുന്ന ജാതി ആൺകോയ്മ "സിവിൽ " സമൂഹ സങ്കല്പമെയുള്ളു. പ്രാചീന മധ്യകാല ജാതി - വർണ്ണവ്യവസ്ഥയുടെ ഭരണകൂടവ്യവസ്ഥയെ രാഷ്ട്രമായി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രഭാവന ജനാധിപത്യ മതേതര സങ്കല്പത്തിനെതിരായ ത്രൈവർണ്ണികരുടെ സാമ്പത്തിക ആധിപത്യവും കോർപ്പറേറ്റുകളുടെയും ജാതിവരേണ്യരുടെയും അടിച്ചമർത്തൽ വ്യവസ്ഥയും മാത്രമാണ്. അതുകൊണ്ടുതന്നെ ഹിന്ദുത്വ ആശയത്തിന് ജനാധിപത്യ മതേതര തുല്യപൌരത്വം എന്ന സങ്കല്പത്തെ രാഷ്ട്രിയ ആശയമായി മുന്നോട്ടുവയ്ക്കാൻ കഴിയില്ല. തരംതിരിവ് അസമത്വത്തിന് അനുസൃതമായ തരംതിരിവ് പൗരത്വവും (graded citizenship)  പൗരത്വം നിഷേധിക്കപ്പെട്ട മനുഷ്യരും / പ്രജകളും [subjects] മാത്രമെ ഹിന്ദുരാഷ്ട്രത്തിൽ ഉണ്ടാകുകയുള്ളു. ഹിന്ദുരാഷ്ട്രം സ്വാമി - ദാസ ബന്ധങ്ങളിൽ മാത്രമെ മനുഷ്യരെ കാണുന്നുള്ളു. തുല്യപൗരത്വം എന്നത് ഹിന്ദുത്വത്തിന് എതിരായ സങ്കല്പമാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യത്തെയും ഭരണഘടനാ ധാര്‍മ്മികതയെയും വീണ്ടെടുത്തുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്‍റെ  വ്യത്യസ്തങ്ങളായ സമരപോരാട്ട രൂപങ്ങൾ ഉയർത്തി കൊണ്ടുവന്ന മൂല്യങ്ങളെയും മതനിരപേക്ഷ ജീവിതത്തെയും ജാതിവിരുദ്ധ ജനാധിപത്യ മൂല്യങ്ങളെയും തിരിച്ചു പിടിക്കേണ്ട ഭരണഘടനാ നീതിയുടെ രാഷ്ട്രീയമാണ് അംബേദ്ക്കറെ അനുസ്മരിക്കുന്ന ഈ സന്ദർഭത്തിൽ ജനാധിപത്യവാദികൾ  മുന്നോട്ട് വയ്ക്കേണ്ടത്.


Contact the author

Web Desk

Recent Posts

Sufad Subaida 1 year ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 1 year ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 3 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 3 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More