LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: വിശകലനങ്ങളില്‍ രാഷ്ട്രീയ സന്ദര്‍ഭം ചോര്‍ന്നുപോകരുത് - കെ.ഇ.എന്‍

K E N 4 years ago

Terry Eagleton, Donald Trump, Milton Friedman

ലോകം നാളിതുവരെയുള്ള അതിന്റെ ചരിത്രത്തില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പ്രത്യേക സന്ദര്‍ഭത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സത്യത്തില്‍ ലോകമഹായുദ്ധങ്ങളും വംശഹത്യകളും നിരവധി സാമൂഹ്യ രാഷ്ട്രീയ അട്ടിമറികളും ഒന്നിന് പിറകെ മറ്റൊന്നായി നാം  അഭിമുഖീകരിച്ചിട്ടുണ്ട്. അതില്‍നിന്നെല്ലാം വ്യത്യസ്തമായി ഒരു സൂക്ഷ്മ വൈറസ് വലിയ ഭീഷണി ഉയര്‍ത്തിയ ഒരു പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ വിശകലനങ്ങളില്‍ നിന്ന് വഴുക്കിപ്പോകുന്നത്, ചോര്‍ന്നുപോകുന്നത്, സൂക്ഷമമായ രാഷ്ട്രീയമാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 

മാനവിക മൂല്യങ്ങള്‍ക്കുമേല്‍ പാറിപ്പറക്കുന്ന മൂലധനത്തിന്റെ കൊടി 

കൊറോണ ഒരു വൈറസിന്റെ പ്രവര്‍ത്തനഫലമാണ് എന്ന് വ്യക്തമാണ്. എന്നാല്‍ അതേസമയം, ഇത്തരമൊരു മഹാമാരിയിലേക്ക് നമ്മുടെ ജീവിതത്തെക്കൊണ്ടെത്തിച്ചത് വൈറസ് മാത്രമാണ് എന്നത് സൂക്ഷ്മതല വിചാരമാവും എന്ന്  തോന്നുന്നില്ല. വൈറസിന്റെ പങ്ക് കൃത്യമാണ്, അത് വേണ്ടതിലേറെ വിശദീകരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അതേസമയം, വര്‍ത്തമാനകാല ലോകരാഷ്ട്രീയത്തിന്റെ, പ്രത്യേകിച്ച് കോര്‍പ്പറേറ്റ് വത്‌കരണത്തിന്റെയും നവ ഫാസിസത്തിന്റെയും പശ്ചാത്തലത്തില്‍ ഈ വൈറസ് സൃഷ്ടിക്കുന്ന വെല്ലുവിളികളെ അതിന്റെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി അപഗ്രഥിക്കുന്നതിനു പകരം ആ സന്ദര്‍ഭവുമായി ചേര്‍ത്തുനിര്‍ത്തിയുള്ള വിശകലനമാണ് അനിവാര്യമായിട്ടുള്ളത്.  

നോം ചോംസ്കിയും മറ്റും വിശദമാക്കിയതുപോലെ കൊറോണ വൈറസ് പെട്ടെന്ന് അപ്രതീക്ഷിതമായി പൊട്ടിപുറപ്പെട്ടു എന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. രണ്ടായിരത്തിമൂന്നില്‍ തന്നെ സാര്‍സ് മഹാമാരിയുടെ സന്ദര്‍ഭത്തില്‍, സാര്‍സിന്റെ തന്നെ വകഭേദമാണ് കൊറോണ എന്നുകൂടി നാം മനസ്സിലാക്കുകയാണെങ്കില്‍ അന്നുതന്നെ വരാനിരിക്കുന്ന ഈ മഹാമാരിയെ കുറിച്ചുള്ള മുന്നറിയിപ്പ് ആരോഗ്യപ്രവര്‍ത്തകരും, ശാസ്ത്രജ്ഞരും നല്‍കിയിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ഒരു അപകടത്തെ പരിചരിക്കാന്‍ വേണ്ടി വലിയ മൂലധന മുടക്കുമുതല്‍ നടത്തുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമല്ല എന്നതുകൊണ്ടാണത്രെ അതേകുറിച്ചുള്ള ഗവേഷണങ്ങള്‍ പാതിവഴിയില്‍ വെച്ച് നിര്‍ത്തികളഞ്ഞത്. മാത്രവുമല്ല, ചിലവുകുറഞ്ഞ വെന്റിലേറ്റര്‍ എന്ന ആശയവും ഇതേ കാലത്തുതന്നെ മുന്നോട്ട് വെയ്ക്കപ്പെട്ടിരുന്നു. അതിനുള്ള പ്രവര്‍ത്തനവും അമേരിക്കയില്‍ തുടങ്ങിയിരുന്നു. എന്നാല്‍ കോര്‍പ്പറേറ്റു താത്പര്യവുമായി പൊരുത്തപെടാത്തതുകൊണ്ട്, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വന്‍ ലാഭസാധ്യതകള്‍ ചിലവുകുറഞ്ഞ വെന്റിലേറ്റര്‍ നിര്‍മ്മാണത്തിലൂടെ ലഭ്യമാകുകയില്ല എന്ന പാശ്ചാത്തലത്തില്‍  അതു ഉപേക്ഷിക്കപെടുകയാണത്രെ ഉണ്ടായത്.

രണ്ടുതരം ഉപേക്ഷിക്കല്‍

1, സാര്‍സ് മഹാമാരിയുടെ വ്യാപനകാലത്തു തന്നെ സാര്‍സിന്റെ വകഭേദമായ കൊറോണ എന്ന ഒരു മഹാമാരി വരാന്‍ പോകുന്നുവെന്ന മുന്നറിയിപ്പിനെ അവഗണിച്ചു.

2,  മഹാമാരികളെ നേരിടാന്‍ അനിവാര്യമായ ചിലവുകുറഞ്ഞ ആരോഗ്യക്രമീകരണങ്ങളെ അത് ലാഭകരമല്ല എന്ന പാശ്ചാത്തലത്തില്‍ അവഗണിച്ചു.

അതോടൊപ്പംതന്നെ രണ്ടായിരത്തിപത്തൊന്‍പതില്‍ കൊറോണ വൈറസ് വ്യാപനം തുടങ്ങിയ സന്ദര്‍ഭത്തില്‍ തന്നെ ചൈന ഈ രോഗത്തിന്റെ അപകടത്തെ കുറിച്ചും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും വളരെ വിശദമായി WHO-ക്കും ലോകത്തിനും വിവരം നല്‍കുകയുണ്ടായി. എന്നാല്‍ ആ സമയത്ത് അമേരിക്കന്‍ ഭരണാധികാരിയായ ഡോണാള്‍ഡ് ട്രംപുള്‍പ്പെടെ പുലര്‍ത്തിയത്‌ പുച്ഛവും പരിഹാസവുമാണ്. അവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പട്ടിക ഇവടെ നിരത്തുന്നത് അനിവാര്യമല്ല. എങ്കിലും നാം മറന്നുപോകാന്‍ പാടില്ല,

ഡോണാള്‍ഡ് ട്രംപിന്റെ ആക്ഷേപങ്ങള്‍ 

a, കൊറോണ ചൈനീസ്‌ വൈറസ് ആണ്.

b, ചൈനക്കാര്‍ പാമ്പിനേയും വവ്വാലിനേയും തിന്നുന്നതു കൊണ്ടാണ് അവര്‍ക്ക് ഇത്തരമൊരു രോഗം ഉണ്ടായത്.

c, ഈ രോഗം യൂറോപ്പിന് ബാധകമല്ല. ഇതൊരു ഏഷ്യന്‍ പ്രതിഭാസമാണ്.

d, ന്യൂമോണിയപോലുള്ള ഒരു രോഗമാണ്. മാസ്ക് ധരിക്കുക ശാരീരികമായ അകലം പാലിക്കുക എന്നിവയൊന്നും ഇതിനെ പ്രതിരോധിക്കാന്‍ ആവശ്യമില്ല. തുടങ്ങി ഒരു മഹാമാരി മനുഷ്യവംശത്തിന്‍റെ മുമ്പില്‍ തീക്ഷ്ണമായ വെല്ലുവിളിയുയര്‍ത്തിയപ്പോള്‍ അതിനെയൊക്കെ നിസ്സാരമാക്കുന്ന മട്ടിലാണ് ട്രംപ് പ്രതികരിച്ചത്.

നവ ലിബറലിസവും കോര്‍പറേറ്റ് വല്‍ക്കരണവും 

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്  ട്രംപിന്റെ കൊമാളിത്തരത്തെയോ അലസതയെയോ അല്ല. മറിച്ച്, മാനവികതയെക്കുറിച്ചും മാനവിക മൂല്യത്തെക്കുറിച്ചും കോര്‍പ്പറേറ്റ് ലോകം പുലര്‍ത്തുന്ന കുറ്റകരമായ സമീപനത്തിന്റെ ഭാഗമാണ്. അമേരിക്കയില്‍ നിന്ന് ഒരു ആരോഗ്യപ്രവര്‍ത്തക, നഴ്സ് എഴുതിയൊരു കുറിപ്പില്‍ പറയുന്നുണ്ടത്രെ ''മനുഷ്യത്വമെന്ന വാക്ക് ഞങ്ങള്‍ക്കിവിടെ അപരിചിതമാണ്. അതൊക്കെ കേരളത്തില്‍ മാത്രം അല്ലെങ്കില്‍ കേരളത്തിലാണ്'' എന്ന്. സത്യത്തില്‍ ഈ കുറിപ്പിനടിസ്ഥാനം കണ്ടെത്താന്‍ ട്രംപില്‍ നിന്നും വിശകാലനമാരംഭിച്ചാല്‍ മതിയാകില്ല. മറിച്ച്, 1950 കളില്‍ നവലിബറല്‍ ആശയങ്ങളിലാണ് ഈ കോര്‍പ്പറേറ്റ് വത്കരണത്തിന്റെ - നോം ചോംസ്കിയുടെ സൂക്ഷമമായ ഒരു പ്രയോഗം കടമെടുത്താല്‍ “പ്രോഫിറ്റ് ഓവര്‍ പീപ്പിള്‍”- കൊള്ളലാഭത്തിന്റെ വേര് ആഴ്ന്ന് കിടക്കുന്നത്. മാര്‍ഗ്രേറ്റ് താച്ചറും ഡോണാള്‍ഡ് റീഗനും മുന്നോട്ട് വെച്ച നവലിബറല്‍ കാഴ്ച്ചപ്പാട് 'മാതൃകകളില്ലാത്ത മാതൃക' എന്ന് പ്രശംസിക്കപ്പെട്ട ജനാധിപത്യത്തെ പോലും എത്ര അപഹാസ്യമായാണ് നോക്കികണ്ടത് എന്ന് വ്യക്തമാക്കാന്‍ നവലിബറല്‍ സാമ്പത്തിക സൈദ്ധാന്തികന്‍ എന്ന് വിളിക്കാവുന്ന മിൽട്ടൺ ഫ്രീഡ്‌മാന്‍റെ ഒരു പ്രയോഗം മാത്രം ഓര്‍മ്മിച്ചാല്‍ മതിയാകും. 

ലാഭസ്വരൂപണമാണ് ജനാധിപത്യത്തിന്റെ അന്തസത്ത - മില്‍ട്ടണ്‍ ഫ്രീഡ്മാന്റെ അശ്ലീല വിമര്‍ശനം 

മിൽട്ടൺ ഫ്രീഡ്‌മാൻ പറഞ്ഞത് ''ജനാധിപത്യമെന്നത് ലാഭമുണ്ടാക്കാനുള്ള ഒരു പ്രവര്‍ത്തനമാണ്. ജനാധിപത്യത്തിന്‍റെ അന്തസത്ത എന്ന് പറയുന്നത് ലാഭമാണ്'' എന്നാണ് ജനാധിപത്യം പലതരം വിമര്‍ശനങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷെ ഇത്രയും അശ്ലീലമായ ഒരു വിമര്‍ശനം ഞാന്‍ ഉറപ്പിച്ചു പറയുന്നു അത് നവലിബറല്‍ സാമ്പത്തിക കാഴ്ച്ചപ്പാടിന്റെ, കോര്‍പ്പറേറ്റ് വത്കരണത്തിന്‍റെ സിദ്ധാന്തമാണ്. ആ സിദ്ധാന്തത്തിന്‍റെ തുടര്‍ച്ചയിലാണ് 'ഭരണകൂടം വേണ്ട, കമ്പോളം മതി'- എന്ന മുദ്രാവാക്യം ഉയരുന്നത്. അതിനര്‍ത്ഥം ഭരണകൂടമേ വേണ്ട എന്നല്ല, മറിച്ച് കമ്പോളത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന സന്ദര്‍ഭത്തിലാണ് ജനാധിപത്യത്തെ കുറിച്ചുള്ള സൂക്ഷ്മമായ ആലോചനകള്‍ പ്രസക്തമാകുന്നത്. എന്നാല്‍ കമ്പോളത്തിന്‍റെ താല്പര്യമാണ് ഭരണകൂടം സംരക്ഷിക്കേണ്ടത് എന്ന് വരുമ്പോള്‍ തീര്‍ച്ചയായും അത് ബിസിനസ് താല്പര്യമായിരിക്കും, വാണിജ്യ താല്പര്യമായിരിക്കും, അതുകൊണ്ടാണ് പ്രോഫിറ്റ് മേകിംഗ് ഈസ് ദി എസ്സന്‍സ് ഓഫ് ഡെമോക്രസി എന്ന മിൽട്ടൺ ഫ്രീഡ്‌മാന്‍റെ വാക്യം ഉദ്ധരിച്ചത്.

ഇത്രയും സൂചിപ്പിക്കുന്നത് ഈ കമ്പോള താല്പര്യമാണ്, ഈ ബിസിനസ് താല്പര്യമാണ്, ഈ സൂപ്പര്‍ പ്രോഫിറ്റ് എന്ന തത്വമാണ്, മാനവിക മൂല്യങ്ങള്‍ക്കുമുകളില്‍ മൂലധന മൂല്യങ്ങളുടെ കൊടി പറക്കണം എന്ന കാഴ്ച്ചപ്പാടാണ്‌, സത്യത്തില്‍ കൊറോണയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ശാസ്ത്രലോകം നല്‍കിയിട്ടും അത് അവഗണിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.  നമുക്കറിയാവുന്നതുപോലെ ആരോഗ്യപരിരക്ഷയേക്കാള്‍ ആയുധപരിരക്ഷക്കാണ് ഭരണകൂടങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. കൊറോണയെ കുറിച്ചുള്ള മുന്നറിയിപ്പുണ്ടായിട്ടുപോലും അമേരിക്ക പ്രാമുഖ്യം നല്‍കിയത് മറ്റൊന്നിനല്ല, മെക്സിക്കോയിലേക്കുള്ള അതിര്‍ത്തിയടക്കാനും, മതിലുകെട്ടാനും വലിയ ആയുധ സന്നാഹം നടത്താനുമാണ് ബട്ജറ്റില്‍ അവര്‍ തുകകള്‍ നീക്കിവെച്ചത്. 

ഇത്തരത്തില്‍ ആരോഗ്യരംഗത്തെ അവഗണിക്കുകയും മറ്റൊരു ഭാഗത്തൂടെ അതിനെ ബിസിനസ് ആക്കുകയും ചെയ്ത നവലിബറല്‍ നയമാണ് സത്യത്തില്‍ ട്രംപിലൂടെ അവതരിക്കപ്പെടുന്നത്. അതാണ് വലിയ സാമ്പത്തിക അടിത്തറ ഉണ്ടായിട്ടും, ശാസ്ത്രസാങ്കേതിക പാശ്ചാതലത്തില്‍ വളരെ മുന്നേറിയിട്ടും, അമേരിക്ക പോലുള്ള രാജ്യമിന്ന് അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് വളരെ സംക്ഷിപ്തമായി സൂചിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യം കൊറോണ വൈറസ് കൃത്യമായും പ്രകൃതിയിലെ ഇനിയും നമ്മള്‍ വിശകലനം ചെയ്യേണ്ട, മനസ്സിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തന്നെ രൂപപ്പെട്ടതാണ്. അതേസമയം, അതിന്റെ വ്യാപനം നിരവധി മഹാമാരികളെ തടഞ്ഞുനിര്‍ത്തിയ ഒരു ജനതയ്ക്ക് ഒരു സമൂഹത്തിന് തടഞ്ഞുനിര്‍ത്താന്‍ പ്രയാസമാകുന്ന അന്തരീക്ഷം സൃഷ്ടിച്ചതില്‍ കോര്‍പ്പറേറ്റ് വത്കരണത്തിന്‍റെ നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.

സാമ്പത്തിക മാന്ദ്യവും താടിവേദനയും - ഒരു ടെറി ഈഗ്ള്‍ട്ടണ്‍ ഉദാഹരണം 

രണ്ടായിരത്തിയെട്ടിലെ സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ജനങ്ങളില്‍ വ്യാപകമായി കണ്ട താടിവേദനയെ കുറിച്ച് ടെറി ഈഗ്ള്‍ട്ടണ്‍ നടത്തുന്ന നിരീക്ഷണം കൂടി ഓര്‍മ്മിച്ചുകൊണ്ട് ഇതവസാനിപ്പിക്കാം. ഈഗ്ള്‍ട്ടണ്‍ പറഞ്ഞതു പ്രകാരം ഈ താടിവേദനയെ കുറിച്ചുള്ള വിശകലനം നടത്തിയത് സാമ്പത്തിക വിദഗ്ധരല്ല മറിച്ച് ഡെന്റിസ്റ്റുകളായിരുന്നു. ഡെന്റിസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധി വീട്ടകങ്ങളിലും പൊതുയിടങ്ങളിലും  സംഘര്‍ഷം സൃഷ്ടിക്കുമ്പോള്‍ സംഘര്‍ഷാവസ്ഥയില്‍ മനുഷ്യര്‍ അതിനോട്‌ പ്രതികരിക്കുന്നത് പല്ലുകടിയിലൂടെയാണ്. ആ പല്ലുകടികളാണ് വ്യാപകമായി ഈ വേദന എല്ലാവരിലും ഉണ്ടാക്കിയത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിലുള്ള ഒരു രോഗമായി വന്നത്. കൊറോണ വൈറസ് ഏതെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാതലത്തില്‍ രൂപം കൊണ്ടതാണെന്ന് പറയാനാകില്ല. പക്ഷേ, അതിന്റെ വ്യാപനം സാമ്പത്തിക നയത്തിന്റെ, ഉദാരവത്കരണ നയത്തിന്റെ, ഉത്പന്നമാണ് എന്ന് കാണാതിരിക്കാനാകില്ല.

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More