രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 2644 പേർക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധിതരുടെ ആകെ എണ്ണം 40000 ത്തോട് അടുക്കുകയാണ്. കൊവിഡ് ബാധിച്ച് 83 പേർ മരിച്ചു. ഒരു ദിവസം രോഗം ബാധിച്ച് ഇത്ര അധികം ആളുകൾ ഇന്ത്യയിൽ മരിക്കുന്നത് ആദ്യമായാണ്. ആകെ മരണ സംഖ്യ 1301 ആയി. ഇന്നലെ 1400 പേർക്കാണ് രോഗം ബാധിച്ചത്.
ഇന്ന് റിപ്പോർട്ട് ചെയ്ത 2644 കേസുകളിൽ പകുതിയും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, ഗുജറാത്ത്,ഡൽഹി സംസ്ഥാനങ്ങളാണ് ഇവ. മഹാരാഷ്ട്രയിൽ 790 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടമായി. മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലും രോഗം വ്യാപിക്കുകയാണ്. ഗുജറാത്തിൽ ഇന്നലെ മാത്രം 333 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.26 പേർ മരിച്ചു. ഡൽഹിയിൽ 384 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 3 പേർ മരിച്ചു. കൂടാതെ മധ്യപദേശ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതിവർദ്ധിക്കുകായണ്. കൊവിഡ് വ്യാപനത്തിന്റെ തോത് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
രണ്ടാം ഘട്ട ലോക് ഡൗൺ അവസാനിക്കുന്ന നാളെ മുതൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസം അടച്ചിട്ടിട്ടും രോഗ വ്യാപനം ഇരട്ടിക്കുന്നത് അതീവ ആശങ്കയോടെയാണ് ആരോഗ്യമന്ത്രാലയം കാണുന്നത്.