LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ക് ഡൌണ്‍: ആരുടെ ബോധ്യങ്ങളാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളെ നയിക്കുന്നത് - ഇ. രാജേഷ്‌

കേരളം പുതിയ കൊറോണ ബാധിതരില്ലാത്ത ആശ്വാസനാൾ കടന്ന ദിവസവും ലോക്ക്ഡൗണിൽ പൊതുവായ ഇളവുകൾക്ക് തുടക്കമായ ദിവസവും ഒന്നുചേര്‍ന്നെത്തുകയായിരുന്നു ഇന്നലെ. ആ ദിനത്തിന്റെ ദേശീയ പ്രാധാന്യം പക്ഷെ, മറ്റൊന്നായിപ്പോയി: രാജ്യത്ത് അതുവരെയുള്ളതിൽ ഏറ്റവുമധികം കൊറോണമരണം നടന്ന ദിവസം !

ഇളവും ഭീതിദാവസ്ഥയും ഒരേ ദിവസം കെട്ടുപിണഞ്ഞു വന്നതിൽ പൊരുത്തക്കേടു കാണേണ്ടതുണ്ടോ? ആലോചിക്കാതെ വയ്യ.

കേരള മുഖ്യമന്ത്രിയുടെ നേതൃപാടവം സംസ്ഥാന ജനതക്ക് നൽകുന്ന ആത്മവിശ്വാസം നല്ലത്, തുടരാനാവട്ടെ. പക്ഷെ, കൊറോണയെ പിടിച്ചുകെട്ടിയെന്ന ആത്മവിശ്വാസത്തിലേക്ക് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക നേതൃത്വം പതിയെ ഇരിപ്പുറപ്പിക്കുകയാണോ? ലോക്ക് ഡൗൺ ഇളവുകൾക്ക് ശാസ്ത്ര-ആതുരചികിത്സാ മേഖലകൾ മാത്രമേ എതിരു നിൽക്കുന്നുള്ളൂവെന്നതാണ് നിലവിൽ രാജ്യത്തെത്തന്നെ പൊതുചിത്രം.

ജനകീയ ശാസ്ത്രസമൂഹത്തിന്‍റെ തിരോധാനം !

ലോക്ക് ഡൗൺ അനന്തമായി നീട്ടുക സാധാരണജനങ്ങളുടെ പക്ഷത്തുനിന്നാലോചിച്ചാലും ഒരു പരിഹാരമല്ല. എന്നാൽ, അറുപതു ശതമാനം പേരിലേക്കെങ്കിലും വ്യാപിച്ചല്ലാതെ സംക്രമണം നിലയ്ക്കാനിടയില്ലെന്ന് ശാസ്ത്രലോകം വിലയിരുത്തുന്ന ഈ വൈറസ് ബാധയെ ശാസ്ത്ര വിശകലനങ്ങളെ കണക്കാക്കാതെ ലളിതമായി സമീപിക്കാവുന്ന നില വന്നിട്ടുണ്ടോ?..  ഇല്ലെന്നതാണ് വാസ്തവം.

പിന്നെയതിൽ സ്വീകരിക്കാവുന്ന ഒരു വഴി, വൈറസ് നിയന്ത്രിതമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജനസംഖ്യാനുപാതത്തിലേക്ക് രോഗബാധയെ കൊണ്ടെത്തിച്ച്, അതിനെ നിയന്ത്രണവിധേയമാക്കുകയെന്ന 'ഹേർഡ് ഇമ്യൂണിറ്റി' രീതിയാണ്. നിയന്ത്രിത രീതിയിലുള്ള തുറന്നുകൊടുക്കലിലൂടെയേ അതു സാധിക്കൂവെന്നും ചെയ്യാവൂവെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  അത്തരമൊരു ആസൂത്രണ ഭാഗമായാണോ ലോക്ക് ഡൗൺ ഇളവുകൾ?

അതും അല്ലെന്നു വേണം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ. ശാസ്ത്രലോകം എന്തു പറയുന്നുവെന്ന് പ്രധാനമന്ത്രിയുടെ പതിവു സംവേദനങ്ങളിലൊന്നും ഇതുവരെ വെളിപ്പെടുത്തപ്പെട്ടു കണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ദൈനംദിന വാർത്താ സമ്മേളനങ്ങളിലും അതുണ്ടാവാറില്ല. വളരെ സജീവമായി രോഗപ്രതിരോധ രംഗത്തുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുപോലും ഭരണ നേതൃത്വവുമായുള്ള ഇക്കാര്യത്തിലെ അവരുടെ ആശയവിനിമയങ്ങളെപ്പറ്റി പറഞ്ഞു കേൾക്കുന്നേയില്ല. അത്രയ്ക്ക് അരിക്കിലാക്കപ്പെട്ടു ശാസ്ത്രസമൂഹം!

ചുരുക്കത്തിൽ, വൈറസ് പ്രതിരോധത്തിന്റെ ശാസ്ത്രീയമാർഗങ്ങൾ മെനയുന്നതായി കരുതേണ്ട ശാസ്ത്രസമൂഹത്തിന്റെ നിഗമനങ്ങൾ, രാജ്യത്തും സംസ്ഥാനത്തും കട്ടപിടിച്ച ഇരുട്ടിലാണെന്നു വേണം കരുതാൻ. രാഷ്ട്രീയനേതൃത്വത്തിന്റെ ഏതെങ്കിലും തലത്തിൽ അവരെ മുഖവിലക്കെടുക്കുന്നുണ്ടോ എന്നുപോലും ഒട്ടും വ്യക്തമല്ല. ലോക്ക് ഡൗൺ ഇളവുകളിലേക്ക് നയിക്കുന്ന 'ബോധ്യങ്ങൾ' അവരുടെ ഭാഗത്തു നിന്നുള്ളതല്ല, വ്യക്തം. 'സ്വന്തം യജമാനരുടെ ശബ്ദ'മായൊതുങ്ങാൻ വിധിക്കപ്പെട്ട ശാസ്ത്ര-ആതുരശുശ്രൂഷാ ഉദ്യോഗവൃന്ദത്തെക്കുറിച്ചല്ല പറയുന്നത്.

പിന്നെ, രാഷ്ട്രീയനേതൃത്വത്തെ നയിക്കുന്ന 'ബോധ്യങ്ങൾ' ആരുടെ ഭാഗത്തു നിന്നുള്ളതാവാം?

ലോക്ക് ഡൗൺ മൂന്നാം ഘട്ടം (ഇളവുകളുടെ പുതുഘട്ടമെന്നും പറയാം) ആരംഭിക്കുന്ന മെയ് നാലിലെ 'ദി ഹിന്ദു' പത്രം പ്രമുഖമായി കൊടുത്തിരിക്കുന്ന രണ്ട് പ്രസ്താവനകൾ ഇവരുടെതാണ്: ഒന്ന്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) എന്ന രാജ്യത്തെ ഒന്നാംനിര വ്യവസായിസംഘടനയുടെത്. രണ്ട്, കേരളത്തിലെ ഒരു ലക്ഷത്തിലധികം മൈക്രോ- ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഛാത്ര സംഘടനയായ കേരള സ്റ്റേറ്റ് സ്മാൾ സ്കെയില്‍ ഇൻഡസ്ട്രീസ് അസോസിയേഷന്റെ.

പ്രതീക്ഷിത സമ്പദ് പ്രതിസന്ധിയാണ് ഇരു സംഘങ്ങളുടെയും പരിഗണനാ വിഷയങ്ങൾ. ഉല്പാദന അളവുകോലുകളേതു വച്ചാലും ആനയും ആടുമായ രണ്ട് സംഘങ്ങൾ. എന്നാൽ, ഇവർ മുന്നോട്ടു വെയ്ക്കുന്ന പരിഹാരനിർദ്ദേശങ്ങളിലൂടെ ഒന്നു കണ്ണോടിയ്ക്കുക. വരികളിലൂടെയല്ല, കുറച്ചൊക്കെ വരികൾക്കിടയിലൂടെ പോയാൽ കണ്ടു കിട്ടുന്നത് സമാനമായ മാർഗ്ഗ നിർദേശങ്ങളാണ്. പൊതുവിൽ ഇങ്ങനെ സംഗ്രഹിക്കാവുന്നവ:

1. തൊഴിലന്തരീക്ഷത്തിലും തൊഴിൽ വിധായക നിയമങ്ങളിലും വലിയ മാറ്റം കൊണ്ടുവരണം.

2. വിദ്യാർത്ഥികളെ പാർട്ട് ടൈം തൊഴിലാളികളാക്കി നിയമിക്കാനുള്ള നിയമാന്തരീക്ഷം ഉണ്ടാവണം. ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ പരമാവധി തൊഴിലധിഷ്ഠിത കോഴ്സുകളാക്കി തൊഴിൽപ്പടയുടെ ക്ഷാമം തീർക്കണം.

3. എട്ടു മണിക്കൂറിന് ദിവസക്കൂലിയെന്നത് മാറി, മണിക്കൂറിന് കൂലിയാക്കണം. തൊഴിലാളി ക്ഷേമ ഫണ്ടുകളിലേക്കുള്ള തൊഴിൽദായക വിഹിതം കൂട്ടുകയെന്ന നിർദ്ദേശം തള്ളണം. മിനിമം ബോണസ് സംവിധാനം ഒഴിവാക്കിക്കിട്ടണം.

4. കോവിഡ് പ്രതിരോധത്തിനായി രൂപകല്പന ചെയ്ത 'കണ്ടെയ്ൻമെന്റ്' പ്രദേശങ്ങളിലടക്കമുള്ള വ്യവസായശാലകൾ തുറന്നു പ്രവർത്തിപ്പിക്കണം. നൂറു ശതമാനം പരിശോധനാസംവിധാനവും ഊർജിത ആരോഗ്യനിർദ്ദേശതത്ത്വങ്ങൾ പാലിക്കലും നടപ്പാക്കിയാലും, സമ്പൂർണ്ണ ഷട്ട് ഡൗണിനേക്കാൾ ലാഭം അതാവും.

ആസന്നമായ പ്രതിസന്ധിയിൽ, പകുതിയോളം വ്യവസായ സംരംഭങ്ങൾ തൊഴിലിൽ വെട്ടിക്കുറവും, മൂന്നിലൊന്നോളം സംരംഭങ്ങൾ മുപ്പതു ശതമാനമെങ്കിലും ലേ ഓഫും  പ്രതീക്ഷിക്കുന്നതാണ് വ്യവസായീസംഘങ്ങളെ ഈ നിർദേശങ്ങളിലേക്ക് നയിക്കുന്നതിന് അടിസ്ഥാനമായി പറയുന്നത്. വളരെ സ്വാഭാവികമായ യുക്തിയുടെ കിന്നരമുള്ള നിർദ്ദേശങ്ങൾ.

പക്ഷെ, മറ്റൊരു കാര്യവുമുണ്ട്. മുതലാളിത്ത ഉല്പാദന സംവിധാനങ്ങളിൽ നവ ഉദാരീകരണഘട്ടത്തിൽ നടപ്പിലായ 'കണ്ണിൽച്ചോരയില്ലാത്ത' സമ്പ്രദായങ്ങളാണ് കോവിഡ് വ്യാപന റൂട്ടിൽ നിന്നടക്കം കണ്ടുകിട്ടുന്നതെന്ന ഗുരുതര വിമർശനങ്ങൾ ഉയർന്നുവന്നിട്ടുള്ള സമയവുമാണിത്. ജീവിവർഗ്ഗങ്ങളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയുടെ സ്വാഭാവികാടിസ്ഥാനങ്ങളിൽപ്പെട്ട 'നാച്ചുറൽ സെലക്ഷ'നിൽ നവ മുതലാളിത്ത അഗ്രോ ഇൻഡസ്ട്രീസ് ഘട്ടത്തിൽ നടപ്പിലായ 'മാനിപ്പുലേഷ'നുകളടക്കം ഇതിൽ പ്രതിസ്ഥാനത്തു വരുന്നത് കാണാതിരുന്നു കൂടാ. വിശ്വമാനവ പദവി അവകാശപ്പെടാവുന്ന സ്ലവോയ് സിസെക്കിനെപ്പോലുള്ള സാംസ്കാരിക വിമർശകർ, മുതലാളിത്തവ്യവസ്ഥയും, പാശ്ചാത്യലോകം ഒന്നടങ്കവും, സ്വയം ആന്തരികവിമർശനം നടത്തേണ്ട ഘട്ടമായി കോവിഡ് കാലത്തെ മുന്നോട്ടുവെക്കുന്നതും കാണാതിരുന്നിട്ട് പ്രയോജനമില്ല.

ഇതൊക്കെ സങ്കീർണ്ണവിഷയങ്ങളാണെന്നതാണ് നമ്മുടെ പൊതുബോധം. സങ്കീർണ്ണവിഷയങ്ങളിലേക്ക് പ്രതിസന്ധിക്കാലം കഴിഞ്ഞ്, രോഗമുക്തി കഴിഞ്ഞ്, പതിയെ കടക്കാമെന്നേ തൊഴിലാളി സംഘങ്ങൾക്കും പറയാൻ പറ്റൂ. ആ ഉദാരഭാവത്തിന്റെ തണലിൽ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അറിയുമെങ്കിൽക്കൂടിയും.

എന്തൊക്കെയാണവ? ഉദാരീകരണഘട്ടത്തോടെ രാജ്യത്ത് പ്രാവർത്തികമാക്കിത്തുടങ്ങിയ തത്ത്വങ്ങളുടെ മൂർത്തിമദ് ഭാവങ്ങൾ തന്നെയാണ് ഇവിടെയും കേളികൊട്ടുന്നതെന്ന് സംശയലേശമില്ലാതെ ധരിക്കാം.

കമ്പോളത്തിനു വേണ്ടത് മനുഷ്യവിഭവ ശേഷിയല്ല, അസംസ്കൃത മനുഷ്യശേഷി !

തൊഴിൽനിയമങ്ങൾ സ്വതന്ത്ര കമ്പോളചലനങ്ങൾക്ക് വിഘാതമാണെന്നും വിദ്യാഭ്യാസം ധാർമ്മികബോധ്യങ്ങളുള്ള പൗരസമൂഹസൃഷ്ടിക്കല്ല, വിപണിയാവശ്യങ്ങൾ നിറവേറ്റാനുള്ള അസംസ്കൃത മനുഷ്യശേഷി (Row human resource) ഉറപ്പാക്കാനാണെന്നുമുള്ള തത്ത്വങ്ങൾ നമുക്ക് പുതിയതല്ലല്ലോ. കാൽ നൂറ്റാണ്ടിലേറെയായി ആ തത്ത്വങ്ങൾ ആശയച്ചോരയായി നമ്മിലും ഒഴുകുന്നുണ്ട്. ദുഷിച്ച ചോരയായി പുറത്തു കളയുകയല്ല, ഏറിയകൂറും സ്വാംശീകരിക്കുകയാണ് നാമാ ആശയധാരയെ ചെയ്തിട്ടുള്ളത്. തത്ത്വത്തിൽ മാത്രമല്ല, പ്രയോഗത്തിലും.

ആ നിലയ്ക്ക്, അതേ തത്ത്വങ്ങൾ ഒരാപൽഘട്ടത്തിന്റെ അതിജീവനത്വരക്കുള്ളതെന്ന ആനുകൂല്യകവചമണിഞ്ഞ് വീണ്ടും മുന്നോട്ടു വരുമ്പോൾ എന്തു കാണാനാകണം? ഏറ്റവും ചുരുങ്ങിയത്, സ്വന്തം അവകാശബോധത്തെ പടച്ചട്ടയാക്കി പണിയെടുക്കുന്ന തൊഴിലാളരുടെ അവകാശങ്ങൾ ഇനിയും പറിച്ചെറിയപ്പെടാൻ പോകുന്നുവെന്നെങ്കിലും വ്യക്തമായി കാണണം.

അത്രയെങ്കിലും പറ്റിയില്ലെങ്കിൽ, സമഗ്രമെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതെങ്കിലും വിശ്വജനതതിയുടെ സ്വച്ഛവികാസത്തിന്, സഹജമായ കടുംലാഭ-കൊള്ള വാസനയാൽ, സമ്പൂർണ്ണ തടസ്സമെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു കഴിഞ്ഞ ഒരു വ്യവസ്ഥയുടെ സ്വാംശീകരണപാടവത്തിൽ നാമും വഴിപ്പെട്ടുപോയിരിക്കുന്നെന്ന് മനസ്സിലാക്കണം.

അതോടെ, ബാഹ്യമായ ഫാസിസം പോയിട്ട്, മനുഷ്യരാശിയുടെ അതിജീവനത്തിനുള്ള സാധ്യതകളെ മായ്ച്ചുകൊണ്ടിരിക്കുന്ന സ്വന്തം പ്രവൃത്തികളെക്കുറിച്ചുപോലും ആലോചിക്കാൻ നമുക്ക് പ്രാപ്തിയുണ്ടായെന്നു വരില്ല.

തുടക്കത്തിലേക്ക് തിരിച്ചു വന്നാൽ, നമുക്കെത്താവുന്ന ലളിതമായ നിഗമനം എന്താണ്?

ലോക്ക് ഡൗണുകൾ ചുരുങ്ങുകയും, മൃത്യു കാഹളം തീക്ഷ്ണമാവുന്ന മുറക്ക് ഇനിയും മുറുകുകയും ചെയ്യും.

പക്ഷെ, ശാസ്ത്രലോകത്തിന്റെ അനാഥത്വമോ? വാണിജ്യത്തിന്റെയും, അതിന്റെ സാധകരായ രാഷ്ട്രീയ വ്യവസ്ഥയുടെയും മുൻഗണനകളിലേ ലോകം ഇനിയും ചലിക്കുകയുള്ളൂ എന്ന ദുഃഖവാസ്തവത്തിൽ, സ്വന്തം സത്യാന്വേഷണത്വരകൾക്ക് തുടർവഴി കാണാതെ നീറുകയല്ലാതെ മറ്റെന്ത്?

സ്വതന്ത്രചിന്തയെന്നത് പുല്ലുവില കിട്ടാത്ത ചരക്കായ കാലം, അതിന്റെ സൽപുത്രിയായ ശാസ്ത്രത്തെ മറ്റെന്തു ചെയ്യുമെന്ന് നാം വിശ്വസിക്കണം? എന്റെ ശാസ്ത്രം എന്റെ ജനതയെ രക്ഷിക്കാനാവാതെ തളർന്നു നിൽക്കുന്നുവല്ലോ എന്ന സത്യവിശ്വാസിയായ ശാസ്ത്രജ്ഞന്റെ സന്ദേഹം ആ അനാഥപുത്രിക്കൊപ്പം അദൃശ്യമായിരുന്ന് കണ്ണീർ വാർക്കും - വാർത്തോട്ടെ!

ചുരുക്കത്തിൽ, ഫലിക്കാൻ പോകുന്നത് ദാർശനിക സുഹൃത്തിന്റെ ഇരുണ്ട പ്രവചനമായിരിക്കും  - മനുഷ്യ കുലം അതിജീവിക്കും. വാണിജ്യമെന്ന നിത്യ-സനാതന രഥം സർവ്വ പ്രളയത്തിനും മീതെയെന്ന പോലെ  അതിലും ആലിലയായി കിടക്കും. അതിൽ കാൽവിരലുണ്ട് ശയിക്കുന്ന ഉണ്ണിക്കണ്ണൻ ഇനിയും ലോകം വാഴും.

മുതലാളിത്തത്തിന്റെ പരാജയം കണ്ടുവെന്ന് ഇനിയും ജനിച്ചിട്ടില്ലാത്ത നാം പാഴ് സ്വപ്നം കാണും!

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More