LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

“ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു” - ബിബിത്ത് കെ. കെ.

"കവിമാതെ പുതിയലോകം

കണികാണാൻ തുയിലുണരൂ

തുയിലുണരൂ പഴയലോകം

തുലഞ്ഞുകാണാൻ തുയിലുണരൂ..

തുയിലുണരൂ ചെങ്കൊടിതൻ

തൂമ കാണാൻതുയിലുണരൂ

മുനികൾക്കും മുനിയായി

മണിരത്നഖനിയായി

ഖനിയായി ധനതത്വ

പ്രണവത്തിന്നുയിരേകി

ഉയിരേകി തൊഴിലുകൾക്കു

ണർവ്വേകി കാറൽമാർക്സ്

മാർക്സിനെ നീ കവിമാതെ

മാനിക്കാൻ തുയിലുണരൂ."

‘രമണൻ' എഴുതിയ മലയാളത്തിന്രെ പ്രണയകവിയെന്നു വിളിക്കപ്പെടുന്ന ചങ്ങമ്പുഴതന്നെയാണ് വാഴക്കുലയെഴുതിയതും. കവിയെ പ്രണയത്തിന്റെമാത്രം തടവുകാരനാക്കുകയെന്നത് മറ്റൊരു പ്രത്യയശാസ്ത്ര ദൗത്യനിർവഹണമാണ്. ചങ്ങമ്പുഴതന്നെയാണ് കാറൽമാർക്സിനെക്കുറിച്ചുള്ള മേൽക്കവിതയും എഴുതിയത്.

"മാർക്സ് തന്റെ വായനയുടെ വെളിച്ചം പകർന്നു" -  കെ.പി.അപ്പൻ

അർഥശാസ്ത്രജ്ഢനെന്നും തത്വചിന്തകനെന്നും വിളിക്കപ്പെടുന്ന കാറൽ മാർക്സ് ഉജ്ജ്വലനായ വായനക്കാരൻ കൂടിയായിരുന്നു. തത്വചിന്ത മുതൽ നിസാരമായ നോവലുകളും അദേഹം വായിക്കുമായിരുന്നു. ഇത്തരം കൃതികൾ മാർക്സ് വായിച്ചു എന്നല്ല മലയാളത്തിന്‍റെ വിഖ്യാത നിരൂപകൻ കെ.പി.അപ്പൻ പറയുന്നത്, അത്തരം കൃതികളിൽ "മാർക്സ് തന്റെ വായനയുടെ വെളിച്ചം പകർന്നു" എന്നാണ്.

ഉജ്ജ്വലമായ തന്റെ ഭാഷാ സ്വാധീനത്തിൽ അഭിമാനിയായിരുന്നു മാര്ക്സ്. ഒരിക്കൽ ഒരു പത്രപ്രവർത്തകൻ മാർക്സിനോട് ചോദിച്ചു, "താങ്കൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കവി ആരാണെന്ന്". മാർക്സ്‌ പറഞ്ഞു. "എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കവി ഹെയ്നെയാണ്. പക്ഷെ ഹെയ്നയുടെ കവിതയെക്കാൾ സുന്ദരമാണ് എന്റെ ഗദ്യം" എന്ന്.

ഷേക്സ്പിയറുടെ കടുത്ത ആരാധകർ ആയിരുന്നു മാർക്സും കുടുംബവും. അദ്ദേഹത്തിന്റെ മൂന്ന് പുത്രിമാർക്കും ഷേക്സ്പിയുടെ നാടകങ്ങൾ മന:പാഠമായിരുന്നു.

“മനുഷ്യവർഗം നേടിയെടുത്ത വിജ്ഞാനത്തിന്‍റെ സാകല്യമായിരുന്നു മാർക്സിന്റെ മൂലധനം. യൂറോപ്പിലെ ക്ലാസിക്കൽ ഭാഷകളും ആധുനിക ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു. അവയിലെ ഉൽകൃഷ്ടകൃതികൾ ആവർത്തിച്ചു വായിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഷെയ്ക്സ്പിയറുടെ കൃതികൾ കടുംബ ബൈബിളായിരുന്നു എന്നു മകൾ എലിയനോർ രേഖപ്പെടുത്തിയിട്ടുണ്ട്. മൂലധനത്തിലെ നിരവധി സാഹിത്യ പരാമർശങ്ങളിൽ ജർമ്മൻ സാഹിത്യകാരന്മാരായ ഗ്വൈറ്റെ, ഹൈനെ, ലെസിംഗ് ഇംഗ്ലീഷ് സാഹിത്യകാരൻമാരായ ഷെയ്സ്ക്പിയർ, ഡ്രൈഡൻ, ഡിക്കന്സ്, പ്രാചീന ക്ലാസിക് സാഹിത്യകാരന്മാരായ ഹോമർ, സോഫക്ലീസ്, പിന്ഡാർ ലുക്രിഷ്യസ്, ഇറ്റാലിയൻ മഹാകവിയായ ദാന്തേ എന്നിവർ ഉൾപ്പെടും“ എന്ന് മൂലധനത്തിന്റെ ആമുഖത്തിൽ ജി.ബി. മോഹൻ തമ്പി എഴുതുന്നുണ്ട്. മനുസ്മൃതിയിൽ നിന്നുപോലും മാർക്സ് ഉദ്ധരണികൾ എടുത്തു ചേർക്കുന്നുണ്ട്. രസകരമാണത്. “ബ്രാഹ്മണനെയോ ഗോവിനെയോ രക്ഷിക്കാൻവേണ്ടി പ്രതിഫലേച്ഛകൂടാതെ ജീവത്യാഗം ചെയ്യുന്ന നീചജാതിക്കാർ സ്വർഗം പ്രാപിക്കും.” മൂലധനം പ്രാഥമികമായി അർഥശാസ്ത്ര ഗ്രന്ഥമാണെങ്കിലും സൗന്ദര്യശാസ്ത്ര പ്രശ്നങ്ങൾപോലും അതിന് അന്യമല്ല എന്നും മോഹൻ തമ്പി ചൂണ്ടിക്കാണിക്കുന്നുണ്ട്.

വായന, ചിന്ത, എഴുത്ത്... എല്ലാറ്റിലും മാർക്സ്‌ ഉജ്ജ്വലമായ മാതൃകകൾ സൃഷ്ട്ടിച്ചു. പുസ്തകങ്ങൾ ആഡംബര വസ്തുക്കൾ അല്ലെന്നും അവ തന്റെ അടിമകൾ ആണന്നും താൻ പറയുന്പോൾ അവ തന്നെ സേവിക്കണമെന്നും പറയുന്നു ആ മഹാ മനീഷി.

എല്ലാ യൂറോപ്യൻ ഭാഷകളും വായിക്കാനും ജർമ്മൻ ഫ്രഞ്ച് ഇംഗ്ലീഷ് ഭാഷകളിൽ എഴുതാനും വശമുണ്ടായിരുന്ന മാർക്സ്, 'ന്യൂയോർക്ക് ഡെയിലി ട്രിബ്യൂണലിനുള്ള ലേഖനങ്ങൾ ക്ലാസിക്കൽ ഇംഗ്ളീഷിലും 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' ക്ലാസ്സിക്കൽ ഫ്രെഞ്ചിലുമാണ് എഴുതിയത്.

"വിദേശ ഭാഷകൾ ജീവിതസമരത്തിലെ ആയുധമാണെന്ന് ഇടക്കിടെ പറയാറുണ്ടായിരുന്നു. തുർകി ഭാഷയും അറബിയും പഠിക്കാൻ അദ്ദേഹം ഉദ്ദേശിച്ചെങ്കിലും നടന്നില്ല. ഇതൊക്കെ ആയാലും തന്റെ പ്രഭാഷണത്തിൽ തൊഴിലാളികൾക്ക് മനസ്സിലാകാത്ത വാക്കുകൾ പറയാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ലോകോത്തരമെന്നു വിളിക്കപ്പെടുന്ന ബ്രിട്ടീഷ് മ്യൂസിയത്തിലാണ് മാർക്സ് തന്റെ രാപ്പകലുകൾ ചെലവഴിച്ചത്. അവരുടെ പ്രത്യേകാനുമതിയോടെ രാത്രിയിലും പഠനവും കുറിപ്പെടുക്കലുകളും തുടർന്നു. മഹാനായ ആ ചിന്തകന്റെ, വായനക്കാരന്റെ, മനുഷ്യസ്നേഹിയുടെ സ്മരണാർഥം മ്യൂസിയത്തിൽ അദ്ദേഹമുപയോഗിച്ച മേശയും കസേരയും കുറിപ്പുകളോടെ സ്ഥലം മാറ്റാതെ സംരക്ഷിച്ചിട്ടുണ്ട്.


മൂലധനത്തിലെ സാഹിത്യപരാമർശങ്ങളെക്കുറിച്ചുമാത്രം അനേകം ഗവേഷണങ്ങൾ നടക്കുകയുണ്ടായി. S.S. Praver എഴുതിയ Karl Marx and World Literature എന്ന പുസ്തകത്തിൽ ഇതുസംബന്ധിച്ച് കൂലങ്കഷമായി ചർച്ചചെയ്യുന്നുവെന്ന് പറയുന്നുണ്ട് മോഹൻ തമ്പി. ‘സാഹിത്യം തൊഴിലാക്കാത്ത ഒരു മനീഷി എങ്ങനെ സാഹിത്യത്തെ ഉപയോഗിക്കുന്നുവെന്നു കൂടി മനസ്സിലാക്കാനാണ് താൻ ഇത്തരമൊരു ഗ്രന്ഥത്തിലൂടെ ശ്രമിച്ചതെന്നു പറയുന്നുണ്ട് ഗ്രന്ഥകർത്താവ്.

ചാര്ള്സ് ഡാർവിന്റെ ഗവേഷണത്തിന്റെ പ്രാധാന്യം ആദ്യമായി ഗ്രഹിച്ചവരിൽ ഒരാളായിരുന്നു മാർക്സ്. ഡാർവിന്റെ കണ്ടുപിടുത്തത്തിന് ശേഷം മാസങ്ങളോളം മാർക്സിന്റെ സംസാരവിഷയം ഇതുമാത്രമായിരുന്നു. ഡാർവിന്റെ പരിണാമ കൃതി എന്നതുപോലെ തന്നെ മാർക്സിനു മൂലധനമെഴുതാനും 40 വർഷത്തെ പരിശ്രമം ആണ് വേണ്ടിവന്നത്.

ലോക രാഷ്ട്രീയ ഗതിയെ മാറ്റിമറിച്ച 'മൂലധനം എന്ന കൃതി എഴുതുമ്പോൾ, താൻ വലിച്ച ചുരുട്ടിന്റെ പൈസ പോലും അതിൽ നിന്നും തനിക്ക് കിട്ടില്ലെന്ന് തമാശയായി മാർക്സ് പറയാറുണ്ടായിരുന്നു. മൂലധനം ചാൾസ് ഡാർവിനു സമർപ്പിക്കാനായിരുന്നു മാർക്സിന്റെ ആഗ്രഹം. ഡാർവിൻ അത് സ്നേഹപൂർവം നിരസിക്കുകയായിരുന്നു.

മലയാളത്തിന്റെ സ്വകാര്യ അഭിമാനമായിരുന്ന എം.കൃഷ്ണൻ നായർ പറയുന്നു, "സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ട്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രം, നേടാനോ, പുതിയൊരു ലോകവും" എന്നതുപോലെ ശക്തമായ മറ്റൊരു വാക്ക് ഞാൻ കേട്ടിട്ടില്ല" എന്ന്.

ജർമ്മനിയിൽ നിന്ന് കോളോണിലേക്കും തുടർന്ന് പാരീസിലേക്കും അവിടെനിന്ന് ബൽജിയത്തിലേക്കും ഇംഗ്ലണ്ടിലേക്കും ഭരണകൂടം നിർദ്ദയം നാടുകടത്തിയ പത്രപ്രവർത്തകൻകൂടിയായിരുന്നു കാറൽ മാർക്സ്. 

തുറമുഖത്ത് ഒരുങ്ങി നിൽക്കുന്ന ഒരു പടക്കപ്പലായാണ് മാർക്സിന്റെ തലച്ചോറിനെ പോൾ ലഫാർഗ് ഉപമിക്കുന്നത്. ഏതു ചിന്താമണ്ഡലത്തെയും കടന്നാക്രമിക്കാൻ അത് സദാ സന്നദ്ധമായിരുന്നു.

ചരിത്രത്തിൽനിന്നും ഇതിഹാസങ്ങളിൽ നിന്നും ഉദ്ധരിച്ചുകൊണ്ട് സ്വതസിദ്ധമായ ശൈലിയിൽ പിന്തിരിപ്പൻ ആശയങ്ങളെയും ചിന്തകളെയും കരുണയില്ലാതെ നേരിടുകയും അതിന്റെ പൊള്ളത്തരങ്ങളെ ദയാരഹിതമായി കീറിയെറിയുകയും ചെയ്തു.

"എതിരാളികളെ ആക്രമിക്കുമ്പോള്‍  എന്തുകൊണ്ടാണ് താങ്കൾ ഇത്ര കഠിനമായ ഭാഷ പ്രയോഗിക്കുന്നത് "എന്ന് മലയാളത്തിലെ പ്രമുഖ നിരൂപകൻ കെ.പി.അപ്പനോട് ചോദിച്ചപ്പോൾ അത് തനിക്കു മാർക്സിൽ നിന്നും കിട്ടിയ ശിക്ഷണം ആണെന്ന് പറയുന്നുണ്ട്.

"ഒരു ദ്രോഹിയുടെ ദുഷ്ടചിന്തയ്ക്ക് പോലും സ്വർലോക അത്ഭുതങ്ങളേക്കാൾ പ്രൗഡിയും ശ്രേഷ്ഠതയും ഉണ്ട്"

ഹെഗലിന്റെ ഈ വാക്കുകൾ കാറൽ മാർക്സിനു വളരെ പ്രിയപ്പെട്ടതായിരുന്നു. ചിന്തിക്കാത്ത മനുഷ്യൻ എന്നതു മാർക്സിനു ചിന്തിക്കാൻ കഴിയാത്ത ഒന്നായിരുന്നു. ചിന്തയാണ് ആ മനുഷ്യസ്നേഹിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്.

ഇരുപത്തിയൊന്നാം വയസ്സിൽ മാർക്സ് ഒരു കവിതയിൽ ഇങ്ങനെ പാടുന്നു.

"എനിക്കുവേണ്ടാ ശാന്ത-

സ്വച്ഛജീവിതം- ഭൂമി

നടുക്കും കൊടുങ്കാറ്റിൻ

കരുത്താണെന്നാത്മാവിൽ,

എന്‍റെ ജീവിതം സംഘർ-

ഷങ്ങളാൽ നിറയട്ടെ

ഉന്നതമാകും മഹാ-

ലക്ഷ്യമൊന്നണഞ്ഞിടാൻ”

കാറൽ മാർക്സിന്റെ പ്രണയകവിതയുടെ ആമുഖത്തിലാണ്, “ശവകുടീരത്തിൽ നീയുറങ്ങുന്പോഴും ഇവിടെനിൻ വാക്കുറങ്ങാതിരിക്കുന്നു” എന്ന കേരളത്തിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട കാവ്യശകലമുള്ളത്.

1818 മെയ് 5-നു പ്രഷ്യയിലെ ട്രയര്‍ എന്ന സ്ഥലത്താണ് മാർക്സ്‌ ജനിച്ചത്‌. ലോകമാകെ ആ ധിഷണാശാലിയുടെ ഇരുനൂറാം ജന്മദിനം രണ്ടുവർഷങ്ങൾക്ക് മുന്പ് സമുചിതമായി ആചരിക്കുകയുണ്ടായി. മനുഷ്യരാശിയെക്കുറിച്ചു ഏറ്റവും കൂടുതൽ ചിന്തിച്ച, ആകുലപ്പെട്ട പ്രതീക്ഷ നല്കിയ ആ തലച്ചോർ 1883 മാർച്ച് 14ന് നിശ്ചലമായി..

Contact the author

Bibith K. K.

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More