കാസർകോട് നാല് ദിവസം മുമ്പ് മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയില്ല. മംഗൽപാടി സ്വദേശി ശോഭയുടെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ചയാണ് ഇവർ മരിച്ചത്. ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹത്തിൽ നിന്ന് സ്രവമെടുത്ത് പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം നെഗറ്റീവാണ്. പൊലീസ് റിപ്പോർട്ടിൽ മരണകാരണം വിശദീകരിക്കാത്തതിനാൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് ആവശ്യപ്പെട്ടു. മൃതദേഹം പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തേണ്ടതുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പൊലീസ് സർജൻ പരിയാരം മെഡിക്കൽ കോളേജിൽ മാത്രമാണ് ഉള്ളത്.
ഇന്നലെ മാത്രമാണ് മരണത്തെ കുറിച്ച് പൊലീസിനെ അറിയിക്കുന്നത്. ആശുപത്രിയിലെത്തിയ പൊലീസ് ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ആശുപത്രി അധികൃകരാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത് പൊലീസ് വ്യക്തമാക്കി. അതേസമയം മരണകാരണം പൊലീസ് വ്യക്തമാക്കിയില്ലെന്നാണ് ആശുപത്രി അധികൃതര് പറയുന്നത്. ഈ സാഹചര്യത്തിൽ മൃതദേഹം പരിയാരത്ത് കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.