LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രകാശവർഷങ്ങൾ താണ്ടിയെത്തുന്ന പ്രാർത്ഥന: ധാരാളം ജലമൊഴുകുന്ന കണ്ണുകൾ നൽകിയാലും! - ഇ.രാജേഷ്‌

'ആരാധനയെന്നാൽ മൂന്നു തരമുണ്ട്. ദൈവത്തെ മറ്റൊരു ഉണ്മയായിക്കണ്ട്  സ്വർഗ്ഗസ്ഥനായ അവനെ ആരാധിക്കൽ, ദേവീദേവന്മാരായോ വിഗ്രഹരൂപത്തിലോ അവതാരരൂപത്തിലോ കണ്ട് ഭൂമിയിൽ  ആരാധിക്കൽ. പിന്നൊന്നാണ്, സ്വന്തം ഉണ്മയിൽ അന്തര്യാമിയായിക്കണ്ട് ആരാധിക്കൽ. സൂഫികളും വേദാന്തികളും, ക്രിസ്തുവും മുഹമ്മദും പോലത്തെ മഹാഗുരുക്കന്മാരും അറിഞ്ഞ തലം ഇതത്രെ'.  (ഹസ്രത്ത് ഇനായത്ത് ഖാൻ)

********

മൂസാ നബിയോട് ജനങ്ങൾ പറഞ്ഞു:

-'നീ ഇപ്പറയുന്നതെല്ലാം സത്യമാണോ സ്വയം പടച്ചുണ്ടാക്കി പറയുന്നതാണോ എന്നു ഞങ്ങളെങ്ങനെ അറിയും. നീ നിന്റെ നാഥനെ പരസ്യമായി കാണിക്കുക. എന്നാൽ ഞങ്ങൾ വിശ്വസിക്കാം'.

- അവിവേകികളായ സമൂഹമേ, നിങ്ങൾക്കവനെ കാണാനുള്ള ശക്തിയില്ല. അതുകൊണ്ട് നിങ്ങൾക്കും അവനുമിടയിലെ ഇടയാളനാക്കിയിരിക്കുകയാണെന്നെ.

പക്ഷെ, ജനം മൂസാ നബിയുടെ വാക്ക് ചെവിക്കൊണ്ടില്ല. അവർ അവരുടെ ധാർഷ്ട്യത്തിൽ നിലയുറപ്പിച്ചു.

അള്ളാഹു മൂസാ നബിയോട് പറഞ്ഞു:

- നീ അവരിൽ എല്ലാ ഗോത്രക്കാരോടും അവരിൽനിന്ന് ശക്തനും ആദരണീയനുമായ ഓരോ നേതാവിനെ തിരഞ്ഞെടുക്കാൻ പറയുക. എന്നെ കാണാനും കേൾക്കാനും അവരെ സീനാ പർവ്വതത്തിലേക്ക് വിളിക്കുക.

അങ്ങനെ എഴുപതു പേർ തിരഞ്ഞെടുക്കപ്പെട്ടു. അവർ സീനാ പർവ്വതത്തിലെത്തി.  അള്ളാഹു തന്റെ നേരിയൊരു പ്രത്യക്ഷപ്പെടൽ നടത്തിയതേയുള്ളൂ, മൂസാ നബി ഒഴികെയുള്ളവരെല്ലാം  മരിച്ചുവീണു.

മൂസാ നബി പറഞ്ഞു:

- അള്ളാഹുവേ, അവർ വിവരമില്ലാത്തവർ. നീയവർക്ക് മാപ്പരുളുക.

അള്ളാഹു വീണ്ടുമവർക്ക് ജീവൻ നൽകി. അവർ ലജ്ജിച്ച് തൗബാ ചെയ്തു. തുടർന്നവർ പറഞ്ഞു: - നബിയേ, ഞങ്ങൾ തുറന്നു സമ്മതിക്കുന്നു. ഞങ്ങൾക്ക് അള്ളാഹുവുമായി നേരിട്ട് സംവദിക്കാൻ സാധിക്കില്ല.

************

യെസ്രായേല്യരെന്ന് അറിയപ്പെടുന്ന ഹീബ്രു ജനതയുടെ ചരിത്രമെന്നത് പ്രവാചകന്മാരുടെ പരമ്പരയുടെ ചരിത്രം തന്നെ. നബിം എന്നു ഹീബ്രുവിലും നബിയെന്നു അറബിയിലും പറയുന്ന പ്രവാചകന്മാരുടെ പരമ്പരയിലെ പ്രഥമസ്ഥാനീയൻ, മൂസ.

അള്ളാഹുവിന്റെ മധുരഭാഷണം കേട്ടപ്പോൾ മൂസാ നബി പ്രാർത്ഥിച്ചു: 'തമ്പുരാനേ, നിന്റെ സത്ത എനിക്കൊന്നു കാട്ടിത്തരിക. ഞാൻ നിന്നെയൊന്നു നോക്കിക്കാണട്ടെ'.

എന്നാൽ, ആ ദർശനം മൂസാ നബിക്ക് ലഭിച്ചില്ല. മുഹമ്മദിനേ അതിനു സൗഭാഗ്യം ഉണ്ടായുള്ളൂ. അതും, ജിബ്രീൽ മാലാഖക്കു പോലും പടിവാതിൽക്കൽ കാലറച്ചു നിൽക്കേണ്ടിവന്ന ദിവ്യസവിധത്തിലേക്കുള്ള പ്രവേശം!

മൂസാ നബിക്ക് തെറ്റുപറ്റിപ്പോയെന്നും അന്ത്യപ്രവാചകനത് പറ്റിയില്ലെന്നും അതിനു കാരണം വിശദീകരിക്കുന്നു ആ ജീവിതങ്ങളെഴുതിയവർ. 'ആ കണ്ണുകൾ വ്യതിചലിച്ചില്ല, അതിരു ലംഘിച്ചതുമില്ല' എന്ന ഖുർ-ആൻ സൂക്തത്തിൽ അവരാ സൗഭാഗ്യരഹസ്യം കണ്ടെത്തുന്നു. 'ഒരിക്കലും ഹൃദയത്തെ പാദവും പാദത്തെ ഹൃദയവും മറികടക്കരുത്, പാദം ഹൃദയം ചെന്നുനിൽക്കുന്നേടത്ത് തമ്പടിക്കണ'മെന്ന് അവർ കണ്ടെത്തിപ്പറഞ്ഞുതരുന്നു, പാഠം. പ്രവാചകൻ ആവർത്തിച്ചു പഠിപ്പിക്കുന്ന മിതത്വം, വകതിരിവ്, മര്യാദ തുടങ്ങിയ പാഠങ്ങളാണത്.

അതില്ലായിരുന്നെങ്കിലോ? മിഹ്റാജ് യാത്രയിൽ പല ആകാശങ്ങളിൽ താൻ കണ്ട പല പ്രവാചകന്മാരുടെ അധോനിലകളിലെവിടെയെങ്കിലും ആകുമായിരുന്നു മുഹമ്മദിനു സ്ഥാനമെന്ന് നബിചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതുണ്ടായില്ല. പകരം, 'അവിടുന്ന് ആകാശങ്ങളെല്ലാം മറികടന്നു. മറകളുടെ കാർമേഘങ്ങൾ ഒന്നൊന്നായി നീങ്ങിപ്പോയി. ഒടുവിൽ കണ്ണു വ്യതിചലിക്കാതെ, അതിരുലംഘിക്കാതെ, നേരിയ പാലത്തിൽ നേരെ നിന്നു. പിന്നെ സമാഗമത്തിനായി മിന്നൽപ്പിണർപോലെ പുരോഗമിച്ചു'.

അപ്പോൾ, മൂസാ നബിക്ക് പിണഞ്ഞതായി കരുതപ്പെടുന്ന മിതത്വമില്ലായ്മ എന്തായിരുന്നു? നബിചരിത്രകാരർ ഉത്തരമരുളുന്നുണ്ട്. സത്ത കാണിച്ചു തരണമെന്ന അപേക്ഷ നിരസിച്ച് അള്ളാഹു നേരത്തേ മൂസാനബിയോട് അരുളിയിരുന്നു:

'നബിയേ, ജീവനുള്ള വസ്തു എന്നെക്കണ്ടാൽ മരിച്ചുപോകും, ഉണങ്ങിയ വസ്തു എന്നെക്കണ്ടാൽ ചിതറിപ്പോകും, പച്ചയായ വസ്തു എന്നെക്കണ്ടാൽ ചതഞ്ഞുപോവും. സ്വർഗ്ഗത്തിലുള്ളവർക്ക് മാത്രമാണ് എന്നെ കാണാനാവുക. അവർക്ക് മരണമില്ല, ജീർണ്ണതയുമില്ല'.

*********

അപ്പോൾ പ്രവാചകരുടെയും പ്രവാചകനായ മുഹമ്മദ് ആരാണ്?   അതിങ്ങനെ വിശദീകരിക്കപ്പെടുന്നു: 

മുഹമ്മദ് എന്ന നാമം അള്ളാഹുവിന്റെ സമ്പൂർണ്ണ സാക്ഷാത്ക്കാരമാണ്. എന്നു മാത്രമല്ല, ഇതുവരെയുള്ള എല്ലാ പ്രവാചകന്മാരിലും ഈ പ്രവാചകനുണ്ടായിരുന്നു. റസൂൽ ഇല്ലായിരുന്നുവെങ്കിൽ ഒരു പ്രവാചകനും ഉണ്ടാകുമായിരുന്നില്ല. എങ്ങനെ?

അള്ളാഹു സ്വയം വിവൃതമാവാൻ ഉദ്ദേശിച്ചപ്പോൾ ആദ്യം തന്റെ പ്രകാശത്തിൽ നിന്ന് പ്രവാചകന്റെ പ്രകാശം സൃഷ്ടിച്ചു. ആ പ്രകാശത്തിന്റെയും ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും കണ്ണാടിയിൽ തന്നെത്തന്നെ ദർശിച്ചുകൊണ്ടിരുന്നു.

പിന്നെ ആ പ്രകാശത്തോട് പറഞ്ഞു:

എന്റെ പ്രിയപ്പെട്ടവനേ, എന്നോടു സംസാരിക്കൂ.

ആ സമയം ആ പ്രകാശം നിലവിൽവന്നു, രണ്ടുലക്ഷത്തി എഴുപതിനായിരം വർഷം ആ പ്രകാശം 'യാ അള്ളാഹ്' എന്ന് ദൈവസ്മരണയിൽ മുഴുകിനിന്നു, അള്ളാഹു അതിനെ നോക്കിയുമിരുന്നു.

പിന്നെ, സ്നേഹവാൽസല്യങ്ങളോടെ പറഞ്ഞു: പ്രകാശമേ, ആത്മാവാകുക. അങ്ങനെ പ്രകാശം മുഹമ്മദിന്റെ ആത്മാവായി മാറി.

അള്ളാഹു പിന്നെ പറഞ്ഞു:

'മുഹമ്മദീ ആത്മാവേ, എന്നോട് സംസാരിച്ചുകൊണ്ടിരിക്കുക'.

അങ്ങനെ റൂഹെ മുഹമ്മദ് പറഞ്ഞു:

ലാ ഇലാഹ് ഇല്ലള്ളാ. 'ഉള്ളത് അതു മാത്രം' എന്ന ഉപനിഷദ് ഋഷികൾ തിരഞ്ഞുകണ്ടെത്തിയ ദർശനം. ഏറ്റവും മഹത്തായതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിക്റ് അഥവാ ജപമന്ത്രം.

അള്ളാഹു അതിന് മറുപടിയും പറഞ്ഞു:

'മുഹമ്മദ് റസൂലുള്ളാ'. അങ്ങനെ വിശുദ്ധവചനമുണ്ടായി. 

മുപ്പതുലക്ഷത്തി മുപ്പത്തിമൂവായിരം വർഷം അള്ളാഹു മുഹമ്മദീ ആത്മാവിന് വിജ്ഞാനങ്ങൾ പകർന്നുകൊണ്ടേയിരുന്നു. അതിനുശേഷം മുഹമ്മദീപ്രകാശത്തിൽനിന്ന് സകലലോകവും സൃഷ്ടിച്ചു. ആത്മാവുകളുടെ ലോകത്തെയുണ്ടാക്കി മുഹമ്മദീആത്മാവിനു മുന്നിൽ നിർത്തി. എന്നിട്ടു പറഞ്ഞു:

'ആത്മാവുകളേ, മുഹമ്മദ് നബിയെക്കൊണ്ട് വിശ്വസിക്കുക. മുഴുലോകത്തെയും നിങ്ങളെയും എന്റെ ഹബീബിനുവേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്റെ ഹബീബിനെ എനിക്കുവേണ്ടിയും. എന്റെ ഹബീബിന്റെ തൃപ്തി എന്റെ തൃപ്തിയാണ്. അവരെ നിങ്ങൾ വിശ്വസിച്ചാൽ ഞാൻ നിങ്ങളെ പ്രവാചകന്മാരും ഔലിയാക്കളും ആക്കും.'

റസൂൽ പ്രകാശമാണെന്ന രത്നച്ചുരുക്കമാണത്.. 'നിങ്ങളിലും അവന്റെ പ്രവാചകനുണ്ട്'. നമ്മളിൽ ഒളിഞ്ഞിരിക്കുന്ന നിധിയാണ് പ്രവാചകനെന്നും നമ്മുടെ വഴികാട്ടിയെന്നുമുള്ള മാർഗ്ഗദർശനം.

അള്ളാഹുവിനെ ചെവിക്കൊണ്ട ചില ആത്മാവുകൾ ജീവൻ കൊണ്ടും ഹൃദയംകൊണ്ടും പ്രവാചകനിൽ അനുരക്തരായി. ചിലർ നാവുകൊണ്ടംഗീകരിച്ചു, പക്ഷെ വിശ്വസിച്ചില്ല. ചിലർ നാവുകൊണ്ടും മനസ്സുകൊണ്ടും വിശ്വസിച്ചില്ല. 

അങ്ങനെ ചിലർ സ്വർഗ്ഗത്തെത്തൊട്ടും ചിലർ ഭൗതികലോകത്തെത്തൊട്ടും വിലങ്ങപ്പെട്ടു.

*************

ഈ വിശ്വപ്രവാചകൻ, സകല സൃഷ്ടിയുടെയും കാരണക്കാരൻ, മുറബ്ബിയായ ശെയ്ഖ്, താൻ ദൈവമാണെന്ന് അവകാശപ്പെട്ടോ? ഇല്ല. എന്നാൽ, അള്ളാഹു അരുളി: ആരെങ്കിലും എന്റെ പ്രവാചകനെ വഴിപ്പെട്ടാൽ, അവൻ എന്നെ വഴിപ്പെട്ടു.

എന്നിട്ടും, എങ്ങനെയിരുന്നു ആ ജീവിതം?

ദാരിദ്ര്യത്തിന്റെ അങ്ങേയറ്റമായിരുന്നു 63 വർഷത്തെ ആ ഭൗതികജീവിതം. എത്രത്തോളമെന്നാൽ, അവരുടെ മുമ്പോ ശേഷമോ അത്തരത്തിലൊരു ദാരിദ്ര്യം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ലെന്ന് ജീവചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. അന്ത്യമായപ്പോൾ പരിശുദ്ധ ശരീരത്തിലേക്ക് വെളിച്ചം കാണാൻ അയൽവാസിയുടെ പക്കൽനിന്ന് എണ്ണ വായ്പ വാങ്ങുകയായിരുന്നെന്നും ചരിത്രം രേഖപ്പെടുത്തുന്നു. വീട്ടിൽ ദിവസങ്ങളോളം അടുപ്പിൽ തീ പുകയാറുണ്ടായിരുന്നില്ല. വയറിൽ കല്ലു കെട്ടി നടക്കുമായിരുന്നു. 

ആയിഷാബീവി പറയുന്നു:

'നബിതിരുമേനിയുടെ ജീവിതകാലത്ത് ആകെ മൂന്നു ദിവസം പോലും അവിടുന്ന് ഗോതമ്പുറൊട്ടി വയറുനിറയെ കഴിച്ചിട്ടില്ല'.

അപ്പോഴും ആ ലോകാനുഗ്രഹി രാത്രികൾ മുഴുവൻ കഴിഞ്ഞതോ, തന്റെ യജമാനനോടുള്ള പ്രേമരസത്തിൽ. ഒരു ഈത്തപ്പഴം കൊണ്ട് നോമ്പുതുറന്ന് പിറ്റേന്നും നോമ്പു പിടിക്കുമായിരുന്നു. 

അദൃശ്യ ലോകങ്ങളുടെ കവാടങ്ങളിൽ തുടർച്ചയായി മുട്ടുവിൻ, തുറക്കപ്പെടുമെന്നും നബിചര്യയുടെ അനുഭവത്തിൽ ആയിഷാബീവി രേഖപ്പെടുത്തുന്നു. എങ്ങനെയാണ് അദൃശ്യ ലോകങ്ങളുടെ കവാടങ്ങളിൽ മുട്ടുകയെന്ന ചോദ്യത്തിന് അവർ പ്രതിവചിച്ചു: വിശപ്പുകൊണ്ടും ദാഹം കൊണ്ടും. നബി തന്നെ അതു ശരിവച്ചു:

'മനുഷ്യാ, നീ നിറക്കുന്ന പാത്രങ്ങളിൽവച്ച് ഏറ്റവും ചീത്ത പാത്രം നിന്റെ വയറാണ്. മനുഷ്യപുത്രന് മുതുക് നിവർത്തി നടക്കാൻ തുച്ഛം ഉരുള ഭക്ഷണമേ വേണ്ടൂ'.

'ഭൂമിയിൽ സഞ്ചരിക്കാൻ കഴിവില്ലാത്തവർ, അള്ളാഹുവിന്റെ (വിധിയുടെ) മാർഗ്ഗത്തിൽ ജീവിതം നിയന്ത്രിക്കപ്പെട്ടവർ...' എന്നു ഖുർആൻ വിശേഷിപ്പിച്ചവരിലേക്ക് നബി വിശേഷാൽ നോട്ടമെത്തിച്ചു. അങ്ങനെ നാരായണ ഗുരു വിശേഷിപ്പിച്ച 'കരുണാവാൻ നബി മുത്തുരത്ന'മായി. ആ ഉന്നതമായ അവസ്ഥ പ്രാപിക്കാൻ നബി പ്രാർത്ഥിച്ചതിതാണ്:

'അള്ളാഹുവേ, ധാരാളം ജലം പ്രവഹിക്കുന്ന രണ്ടു കണ്ണുകൾ നീ എനിക്ക് പ്രദാനം ചെയ്യേണമേ!'

അള്ളാഹുവിനോടുള്ള പ്രേമത്താലുണ്ടാകുന്ന വിലാപം, അള്ളാഹുവിനു വേണ്ടിയുള്ള വിലാപം. അള്ളാഹുവിന്റെ സൃഷ്ടികൾക്കു വേണ്ടിയുമുള്ള വിലാപം.

കരുണാവാനായ പ്രവാചകനു എല്ലാ സ്തുതിയും അർപ്പിക്കപ്പെടാൻ ഈ പെരുന്നാൾ വേളയും!

ഈദുൽ ഫിത്വർ ആശംസകൾ

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More