LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധ്യാപകരുടെ ധാർമികതയും ഓണ്‍ലൈന്‍ അധ്യയനവും - ദിലീപ് രാജ്

കേരളത്തിലെ ഒരു കോളേജധ്യാപകനാണ് ഞാൻ. ജൂൺ ഒന്നാം തീയതി മുതൽ ഓൺലൈൻ ക്‌ളാസ് എടുക്കുകയും അതിന്റെ ഹാജർ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് ഉത്തരവു വന്നപ്പോൾ എന്റെ ധാർമികത മുൻ നിർത്തി, പ്രത്യാഘാതങ്ങൾ എന്തു തന്നെയായാലും,  അങ്ങനെ ചെയ്യില്ല എന്ന് തീരുമാനിച്ചു. നിസ്സഹകരണം ഒരു ജനാധിപത്യ സമരരൂപമാണെന്നുള്ള ബോധ്യത്തിലാണ് ഈ നിശ്ചയം. ക്‌ളാസ് എടുക്കൽ ഈ ജോലിയിലെ ഏറ്റവും എളുപ്പമുള്ള ഭാഗമാണ്. അതേക്കാളൊക്കെ തയാറെടുപ്പുകൾ വേണം ഉളടക്കം ഇ ലേണിങ്ങിനു വഴക്കിയെടുക്കാൻ. എന്നാൽ ഇക്കാരണം കൊണ്ടുമല്ല നിസ്സഹകരണം.

വാസ്തവത്തിൽ ബ്യുറോക്രസി ഒരു ബ്ലാക്ക് മെയിലിങ്ങിന് കീഴ്‌പെടുകയല്ലേ ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അധ്യാപകരൊക്കെ ജോലി ചെയ്യാതെ "ഭീമമായ" ശമ്പളം വാങ്ങുന്നവരാണെന്ന ഭീമമായ തെറ്റിദ്ധാരണ പൊതുബോധത്തിലുണ്ട്. അധ്യാപകർക്കെതിരായ വികാരവും അതുയർത്തിവിട്ടിട്ടുണ്ട്. ഈ വികാരം ശമിപ്പിക്കാനായി, 'ഇതാ ഞങ്ങൾ ജൂൺ ഒന്നാം തീയതി മുതൽ അധ്യാപകരെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട്'- എന്ന് നാട്ടുകാരെ കാണിക്കാനുള്ള ഒരു വ്യഗ്രതയാണ് ഇത്തരം തീരുമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഒരു തരത്തിലുമുള്ള ബ്ലാക്ക് മെയിലിങ്ങിനു വഴങ്ങേണ്ട കാര്യം വിദ്യാഭ്യാസ മേഖലയിലുള്ളവർക്കില്ല. കൂടിയാലോചനകളിലൂടെ കൃത്യമായ പദ്ധതിയനുസരിച്ച് ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുകയാണ് വേണ്ടത്. എന്നുവെച്ചാൽ ഓൺലൈൻ ക്‌ളാസ് എടുത്തു എന്ന് വരുത്തി രേഖയുണ്ടാക്കുന്നതിനേക്കാൾ എത്രയോ അധികം ജോലികൾ ഇപ്പോൾ ചെയ്യാനുണ്ട്.

 ഡിജിറ്റൽ ഡിവൈഡ് ഉണ്ട്, അത് പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങളും 

നാട്ടുകാരുടെ വികാരമൊ അധ്യാപകർ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ കേന്ദ്രം എന്ന അന്ധവിശ്വാസമൊ അല്ല സുപ്രധാനമായ വിദ്യാഭ്യാസ നയങ്ങളെ ഭരിക്കേണ്ടത്. വിദ്യാർത്ഥികളും അവരുടെ സുസ്ഥിതിയും തന്നെയായിരിക്കണം അത്തരം നയങ്ങളുടെ പരിഗണന. ഈ വിഷയത്തെക്കുറിച്ച് സ്‌കൂളുകളും കോളേജുകളും തുറക്കും മുമ്പ് എഴുതിയ രണ്ട് ലേഖനങ്ങളിൽ ഈ ഉദ്വേഗം ഇങ്ങനെ ഞാൻ പ്രകടിപ്പിച്ചു:

"നമ്മുടെ നാട്ടിൽ ഡിജിറ്റൽ ഡിവൈഡ് ഉണ്ട് എന്നതും അത് ഗുരുതരമായ പ്രശ്നമാണ് എന്നതും നിസ്തർക്കമാണ്. അത് പരിഹരിക്കാൻ സവിശേഷമായ ശ്രമം ആവശ്യവുമാണ്. ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാൻ എന്റെ പരിമിതമായ അറിവും ആലോചനയും വെച്ച് ചില സാദ്ധ്യതകൾ താഴെ കൊടുക്കുന്നു. 

1. സർക്കാർ സഹായത്തോടെ ഉപകരണങ്ങൾ ലഭ്യമാക്കുക. 

2. പങ്കാളിത്ത സമത്വം ഉണ്ടാക്കുക. വെറും ഉപകരണ ലഭ്യതയ്ക്കപ്പുറം വിമർശനാത്മക ഡിജിറ്റൽ സാക്ഷരത ലക്ഷ്യമിടുക.

3. നിലവാരമുള്ള ഉള്ളടക്കം മാതൃഭാഷയിൽ സൃഷ്ടിക്കുക. 

4. ജാതീയവും ലിംഗപരവും ഒക്കെയായ അന്തരങ്ങളെ  സവിശേഷമായി പരിഗണിക്കുക.

ഡിജിറ്റൽ തുല്യതയ്ക്കായി  വയനാട് പോലുള്ള സ്ഥലങ്ങളിൽ (കണക്ക് പ്രകാരം സ്‌കൂൾ വിദ്യാർത്ഥികളിൽ കൂടുതൽ പേർക്ക് മൊബൈൽ ഇല്ലാത്ത സ്ഥലങ്ങളിലൊന്ന് വയനാടാണ്) വിവിധ പൊതു - സ്വകാര്യ സംവിധാനങ്ങളും സംഘടനകളും  ഉൾപ്പെടുന്ന  സാമൂഹ്യ മുൻകൈ ഉണ്ടാക്കുക. ഓരോ സ്ഥലത്തെയും ഡിജിറ്റൽ ഡിവൈഡ് പ്രശ്നത്തിൽ മുൻ ഗണനയര്ഹിക്കുന്നത് എന്ത് (കണക്ടിവിറ്റി, ലഭ്യത, പ്രാപ്യത...) എന്ന് നിശ്ചയിക്കുക. "ഇന്റർനെറ്റ് അവശ്യതാ" കൂട്ടുകെട്ടുകൾ രൂപീകരിക്കുക ("ഓൺലൈൻ പഠിപ്പ്, മാറേണ്ടത് മനോഭാവം"- ട്രൂ കോപ്പി തിങ്ക്, 2020 മെയ് 15) 

"സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന നിർദേശം തീർച്ചയായും സുപ്രധാനമാണ്. സമഗ്രമായ സർവേ നടത്തി ഉപകരണങ്ങൾ  ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അതുറപ്പു വരുത്തേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക്, അവർക്ക് പ്രാപ്യമായ മാധ്യമത്തിൽ ഉള്ളടക്കം ലഭിക്കുന്നു എന്നുറപ്പു വരുത്തണം. ശ്രദ്ധയും പ്രത്യേക ശ്രമവും ഇക്കാര്യത്തിൽ തീർച്ചയായും ആവശ്യമാണ്. ഇക്കാലത്തെ ആരോഗ്യ പ്രവർത്തകരെയാണ് ഇതിൽ മാതൃകയാക്കേണ്ടത്. എന്ത് സൗകര്യങ്ങളാണോ ഉള്ളത് അത് പരമാവധി ഉപയോഗപ്പെടുത്തുകയും കൂടുതൽ സൗകര്യങ്ങൾ കിട്ടാവുന്ന എല്ലാ മാർഗ്ഗത്തിലും സംഘടിപ്പിക്കുകയും വേണം. അതിനു സൗകര്യമൊരുക്കുന്ന നയസമീപനങ്ങൾ അധികൃതർ സ്വീകരിക്കണം. വിദ്യാർത്ഥികളുടെ സുസ്ഥിതി (well being) ഒന്നു മാത്രമായിരിക്കണം ആത്യന്തിക പരിഗണന. ഒരു തരത്തിലും പ്രാപ്യത ഇല്ലാത്തവരെ  കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ഹോസ്റ്റലിൽ നിൽക്കാൻ അനുവദിക്കുന്നതും  അവിടെ ഉപകരണങ്ങൾ ലഭ്യമാക്കുന്നതും ഒക്കെ  ആലോചിക്കാവുന്നതാണ്. ഇത് ഓരോ കോളേജിന്റെയും സവിശേഷ സാഹചര്യമനുസരിച്ച് ഉണ്ടാകേണ്ട സ്ട്രാറ്റജിയാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ തുല്യാവകാശം എന്നത് മറ്റൊന്നിനു വേണ്ടിയും ബലി കഴിക്കാൻ ഇട വരരുത്. ഒരു ക്‌ളാസ്സിലെ എല്ലാ വിദ്യാർത്ഥികളെയും ഒരുമിച്ച് അഭിമുഖീകരിക്കുക എന്നതിന് പകരം പല പശ്ചാത്തലമുള്ളവരുമായി  അവരുടെ സാഹചര്യങ്ങളനുസരിച്ച് പല മാധ്യമങ്ങളിലൂടെ (ശബ്ദം, എഴുത്ത്, വിഡിയോ) ഇടപെടുക എന്ന ഉത്തരവാദിത്തമാണ് ഇത് സൃഷ്ടിക്കുന്നത്. അധ്യാപകർ ഈ അധിക ജോലി സന്തോഷത്തോടെ ഏറ്റെടുക്കണം.

ഇക്കാര്യങ്ങളിൽ തീരുമാനമാക്കുകയും ജൂൺ മാസത്തിൽ അധ്യാപർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ സിസ്റ്റം ഒന്നടങ്കം പ്രതിസന്ധിയിലാകും. കൂടിയാലോചനകളും പരിശീലനവും തയ്യാറെടുപ്പുമാണ് അടിയന്തിരമായി ഉണ്ടാവേണ്ടത്." ("ഹാജരല്ല , ശ്രദ്ധ"- ട്രൂ കോപ്പി തിങ്ക്, 2020 മെയ് 26)

ഓൺലൈൻ പഠിപ്പ് കോവിഡ് അടിയന്തരാവസ്ഥയിൽ മുഖ്യധാരയായി മാറുന്ന സാഹചര്യത്തിൽ ആ പരിവർത്തനത്തിന്റെ ഒന്നാം ഘട്ടം ഇത്തരം കണക്കെടുപ്പും തുല്യത ഉറപ്പു വരുത്തലുമാവണമെന്നതിൽ ആർക്കും സംശയമുണ്ടാവേണ്ട കാര്യമില്ലാത്തതാണ്. ഇതിനു സമാന്തരമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിൽ  ഫലപ്രദമായി ഏർപ്പെടാനുള്ള പരിശീലനങ്ങൾ ലഭ്യമാക്കേണ്ടതുമാണ്. കാരണം  ഇത് പോലുള്ള ഒരു സംക്രമണ ദശയിൽ യാതൊരു തയ്യാറെടുപ്പുമില്ലാതെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഓൺലൈൻ പഠനം ആരംഭിക്കുക മനുഷ്യ സാധ്യമായ കാര്യമല്ല. 

വിദ്യാഭ്യാസം എന്നാൽ അധ്യാപകരുടെ പ്രഭാഷണമല്ല 

ഏറ്റവും പ്രധാനം വിദ്യാഭ്യാസം എന്നാൽ അധ്യാപകരുടെ പ്രഭാഷണമാണ് എന്ന അന്ധവിശ്വാസം കയ്യൊഴിയലാണ്. വിക്ടേഴ്‌സ് ചാനലിലെ അധ്യാപകരുടെ പ്രകടനത്തെ ഹിംസാത്മകമായി ആക്രമിച്ചതും ആഘോഷപൂർവം കൊണ്ടാടിയതും വിദ്യാർത്ഥികളല്ല; ഈ പ്രക്രിയയിൽ പ്രത്യേകിച്ച് കാര്യമില്ലാത്ത മുതിർന്നവരാണ്. സ്റ്റുഡന്റ് അസ്സെസ്മെന്റിനു പകരം നാട്ടുകാരുടെ സദാചാര അസ്സെസ്മെന്റ്  നടപ്പായി. 

ഇതല്ല വേണ്ടത്. അധ്യാപകരുടെ ഏകപക്ഷീയമായ നാടകാഭിനയമല്ല പഠനം. ദൗർഭാഗ്യവശാൽ ഈ പ്രക്രിയകളോട് വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്ക് വന്നത് ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലൂടെയാണ്. ഈ ഫീഡ്ബാക്ക് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്, വിദ്യാഭ്യാസമാണ് നമ്മുടെ താൽപ്പര്യ വിഷയമെങ്കിൽ. എങ്ങോട്ടാണ് ഇങ്ങനെ ധൃതി പിടിച്ച് നമുക്ക് ഓടാനുള്ളത്?

അതുകൊണ്ട് ആദ്യം ചെയ്യാനുള്ളത് ചെയ്തു എന്നുറപ്പു വരുത്തിയിട്ടു തന്നെ മുന്നോട്ടു പോവണം. അധ്യാപകർക്ക് ഒരു പാട് ചെയ്യാനുണ്ട് ഈ സമയത്ത്. അവർ അതിൽ സ്വയം സന്നദ്ധമായി സമർപ്പിക്കുന്നുമുണ്ട്.

നാട്ടുകാരുടെ അധ്യാപകരോട് പൊതുവെയും സ്ത്രീകളോട് പ്രത്യേകിച്ചും ഉള്ള  സദാചാര പോലീസിംഗ് ദയവു ചെയ്ത് നിർത്തണം. അവർ സ്വസ്ഥമായും സൂക്ഷ്മ ശ്രദ്ധ വിടാതെയും ഈ സംക്രമണ ഘട്ടത്തെ നേരിടട്ടെ. പ്രശ്നപരിഹാരങ്ങൾക്കായി അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ജനങ്ങളുടെ പ്രാദേശിക കൂട്ടായ്മകൾ രൂപപ്പെടുത്താം. കേരളം ചരിത്രപരമായിത്തന്നെ കൂട്ടായ്മയുടെ പൊതു പ്രസ്ഥാനങ്ങൾ വഴി സാഹോദര്യവും മൈത്രിയും സാധ്യമാണെന്ന് തെളിയിച്ചിട്ടുള്ള നാടാണെന്ന ആനുകൂല്യം ഇക്കാര്യത്തിൽ നമുക്കനുകൂലമായുണ്ട്. ഇന്നാട്ടിലെ വിദ്യാർത്ഥികളുടെ ജീവനും ജീവിതവുമാണ് ഈ പ്രക്രിയയിൽ പെട്ടുകിടക്കുന്നതെന്നത് നമുക്കെല്ലാം ഓർക്കാം.

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More