ലൈംഗിക ആരോപണ വിധേയരായ രണ്ട് വൈദികർക്കെതിരെ നടപടിയുമായി തലശ്ശേരി രൂപത. ആലക്കോട് പൊട്ടൻപ്ലാവ് ഇടവക വികാരി ഫാദർ ജോസഫ് പൂത്തോട്ടാൽ, ഫാദർ മാത്യു മുല്ലപ്പള്ളി എന്നിവർക്കെതിരയാണ് രൂപത നടപടി എടുത്തത്. രണ്ടു പേരെയും വൈദിക വൃത്തിയിൽ നിന്നും മാറ്റിയതായി തലശേരി രൂപത പ്രവസ്താവനയിലൂടെ വ്യക്തമാക്കി. രൂപത സാഹായ മെത്രാൻ ജോസഫ് പാംപ്ലാനിയാണ് പ്രസ്താവന പുറത്തിറിക്കിയത്. വിശ്വാസികൾക്ക് ഉണ്ടായ മനോവിഷമത്തിൽ സഭാ നേതൃത്വം മാപ്പ് പറഞ്ഞു. ഇരു വൈദികരും ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായിരുന്നു.
ആദ്യ ഘട്ടത്തിൽ വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് സഭ നേതൃത്വം സ്വീകരിച്ചത്. എന്നാൽ തന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചത് സമ്മതിച്ചുള്ള മാത്യുവിന്റെ ടെലിഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്നാണ് സഭാ നേതൃത്വം നടപടി എടുത്തത്. തെറ്റ് സമ്മതിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ സംഭാഷണങ്ങൾ . ഇതിനെ തുടർന്ന് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ലോക്ഡൗൺ സമയത്ത് പ്രദേശത്ത് ഇത് വലിയ തോതിൽ ചർച്ചയായിരുന്നു. നേരത്തെ മാത്യു കാസർകോടേക്ക് സ്ഥലം മാറി പോയി. ഇടവക വികാരിയായ ജോസഫിന് പകരക്കാരനായി എത്തിയതായിരുന്നു മാത്യു. ജോസഫ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാത്യു മുതലെടുപ്പ് നടത്തിയതെന്ന് പീഡനത്തിനിരയായ സ്ത്രീസഭാ നേതൃത്വത്തോട് പരാതി പറയുന്ന ഫോൺ സംഭാഷണവും പുറത്തു വന്നിരുന്നു.