കോഴിക്കോട് കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങലിൽ സ്വർണക്കടത്ത്. വിവധ സമയങ്ങളിൽ എത്തിയ രണ്ട് വിമാനങ്ങളിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 4 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്ന് എത്തിയ എയർ അറേബ്യയിൽ എത്തിയ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണം പിടിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിയിൽ നി്ന്നാണ് സ്വർണം പിടിച്ചത്. അടിവസ്ത്രത്തിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പിടിയിലായ മറ്റ് 3 പേർ ഇന്ന് രാവിലെ എത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സമാനമായ രീതിയിലാണ് ഇവരിൽ നിന്നും സ്വർണം പിടികൂടിയത്. ഒന്നേകാൽ കിലോയാണ് ഇവരും കടത്താൻ ശ്രമിച്ചത്. കണ്ണൂർ സ്വദേശിയായ പുത്തൻപുരയിൽ ബഷീർ, തലശ്ശേരി സ്വദേശികളായ ഫഹദ്, നസിമുദ്ദീൻ എന്നിവരാണ് പിടിയിലായത്.
കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തയിത്. കൊവിഡ് പശ്ചാത്തലത്തിൽ പരിശോധന കർശനമായിരിക്കില്ലെന്ന ധാരണയിലാണ് ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് നിഗമനം. ചാർട്ടേഡ് വിമാനങ്ങളിൽ പരിശോധന കർശനമാക്കാൻ കസ്റ്റംസ് ഇന്റലിജന്റ്സ് തീരുമാനിച്ചിട്ടുണ്ട്.