യുഎഇയും ഇസ്രയേലും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പിട്ടു. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള വിവാദപരമായ പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കാമെന്ന് ഇസ്രായേൽ സമ്മതിച്ചതോടെയാണ് ചരിത്രപരമായ കരാര്‍ യാഥാര്‍ത്ഥ്യമായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കരാറിന് മധ്യസ്ഥത വഹിച്ചത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎഇ ഉപ സർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ഫോൺ ചർച്ചയിലാണ് കരാറിന് അന്തിമ ധാരണയായത്. 3 രാജ്യങ്ങളും ചേർന്നു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. പരസ്പര സഹകരണത്തിനും ഒന്നിച്ചു മുന്നോട്ടു പോകുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചതായി അബുദാബി കിരീടാവകാശി തന്‍റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഗൾഫ് അറബ് രാജ്യങ്ങളുമായി ഇസ്രയേലിന് ഇതുവരെ നയതന്ത്രബന്ധമുണ്ടായിരുന്നില്ല. അറബ് ലോകം ഇറാനെ വലിയ ശത്രുവായി കാണുന്നതിനാലാണ് ഇസ്രായേല്‍ അടക്കമുള്ള മുസ്ലിം വിരുദ്ധ ഭരണകൂടങ്ങളുമായി ചങ്ങാത്തംകൂടാന്‍ അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നത്.
അതേസമയം, കരാറില്‍ അത്ഭുതം പ്രകടിപ്പിച്ച പലസ്തീൻ നേതാക്കള്‍ യു.എ.ഇ-യുടെ നിലപാട് വഞ്ചനാപരമാണെന്ന് തുറന്നടിച്ചു. പ്രധിഷേധസൂചകമായി യുഎഇയിലെ പലസ്തീൻ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്. 1948 ൽ ഇസ്രായേൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം ഉണ്ടാക്കുന്ന മൂന്നാമത്തെ ഇസ്രായേൽ-അറബ് സമാധാന കരാറാണിത്.