LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നുസ്രത് ഫത്തേഹ് അലിഖാന്‍ - സൂഫി സംഗീതധാരയെ പാശ്ചാത്യരിലെത്തിച്ച അവധൂത സംഗീതകാരന്‍

നുസ്രത് ഫത്തേഹ് അലിഖാന്‍ - ഓര്‍മ്മ ദിനം 

സംഗീതത്തില്‍ പാശ്ചാത്യ പൗരസ്ത്യ വിഭജനങ്ങള്‍ അപ്രസക്തമാക്കിയ സംഗീതകാരനാണ് നുസ്രത് ഫത്തേഹ് അലിഖാന്‍. അദ്ദേഹം വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഖവാലി സംഗീതത്തോടുള്ള പ്രിയം ആഗോളതലത്തില്‍ കൂടി വരികയാണ്. 

ഖവാലി ഇന്ത്യയില്‍ പ്രചരിച്ചത് സൂഫികളില്‍ കൂടിയായിരുന്നു. 12-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ ഖുറാസനില്‍ ചിശ്തി പരമ്പരയില്‍പെട്ട സൂഫികളില്‍ നിന്നാണ് ഖവാലിയുടെ ഉത്ഭവം. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഖവാലി എത്തുന്നത്‌. ഒരു സംഗീത ശാഖ എന്ന നിലയില്‍ ഖവാലി വികസിപ്പിക്കുന്നതില്‍ വലിയ പരിശ്രമം നടത്തിയത് പണ്ഡിതനും സൂഫി ഗുരുവും കവിയുമായ അമീര്‍ ഖുസ്രുവാണ്.

കൊച്ചുകൊച്ചു വാക്കുകള്‍ കൊണ്ട് വലിയ ആഴവും പരപ്പും ഉണ്ടാക്കുന്ന സംഗീതം എന്ന് ഖവാലിയെ വിശേഷിപ്പിക്കാം. എട്ടോ ഒൻപതോ പേര്‍ അടങ്ങിയ ഗായക സംഘം ചുറ്റുമിരുന്ന്  ആലപിക്കുന്നു. പ്രധാന ഗായകന്‍റെ സമീപം ഹാര്‍മോണിയം, ഡോലക്ക്, തബല എന്നിവ ഉണ്ടാവും. മറ്റുള്ളവര്‍ കയ്യടിയും കൈ താളവും ചേര്‍ത്ത് കൂടെപ്പാടും. ആസ്വാദകരെ ആഹ്ളാദത്തിന്‍റെ കൊടുമുടിയില്‍ എത്തിച്ച് ആത്മവിസ്മൃതിയിലേക്ക് നയിക്കുകയാണ് ഖവാലി ഗായകര്‍ ചെയ്യുന്നത്. 

പതിനാലു മുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെ സൂഫികള്‍ സാധാരണക്കാരോട് സംസാരിച്ചത് സംഗീതത്തിലൂടെയായിരുന്നു. ദഫ്ഫ് മുട്ടി കൈകള്‍ ഉയര്‍ത്തി അവര്‍ നീട്ടിപാടി. അമീര്‍ ഖുസ്രു, ബുല്ലേഷാ, ബാബാ ഫരീദ്, ജലാലുദീന്‍ റൂമി, ഹാഫിസ് എന്നിവരുടെ കവിതകള്‍ അവര്‍ മതിമറന്ന് പാടി. ഖവാലി സംഗീതത്തിന്‍റെ മാസ്മരികതയില്‍ സ്വയം മറന്ന് പറന്നുയരുന്നതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ആസ്വാദകരില്‍ പലരും പറഞ്ഞിട്ടുണ്ട്‌. സൂഫികളുടെ ഇഷ്ടപ്പെട്ട ബിംബ കല്പന (imagery) യാണ് പറക്കല്‍. ദുരിത പൂര്‍ണ്ണമായ ഭൗതിക ജീവിതത്തില്‍ നിന്ന് സ്വത്വനാശത്തിലൂടെ (ഫന) ദൈവവുമായുള്ള സമാഗമത്തിലെത്താമെന്ന് അവർ വിശ്വസിക്കുന്നു.

ഇന്ത്യാ വിഭജനാനന്തരം1948 ഒക്ടോബർ 13 ന് പാകിസ്ഥാനിലെ ഫൈസലാബാദിലാണ് നുസ്രത് ഫത്തേഹ് അലിഖാന്‍ ജനനം.  ശാസ്ത്രീയ സംഗീതത്തിന്‍റെയും സൂഫി സംഗീതത്തിന്‍റെയും പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. അദ്ദേഹത്തിന്‍റ പിതാമഹന്‍മാര്‍ അറിയപ്പെട്ട സൂഫി സംഗീതകാരന്മാരായിരുന്നു. അവരില്‍ മിയാന്‍ദാദ് സാഹിബ്‌, മിയാന്‍ ഖാലിദ്‌ സാഹിബ്‌ എന്നിവര്‍ അക്കാലത്ത് കീര്‍ത്തികേട്ട ദ്രുപദ് ഗായകരായിരുന്നു. നുസ്രത് ഫത്തേഹ് അലിഖാന്‍ 16 - വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. അദ്ദേഹം ഖവാലിയിലും ശാസ്ത്രീയ സംഗീത രംഗത്തും പ്രശസ്തനായിരുന്നു.നുസ്രത് ഫത്തേഹ് അലിഖാന് കുട്ടിക്കാലത്തുതന്നെ തന്നെ തബല, വായ്പ്പാട്ട് എന്നിവയില്‍ ശിക്ഷണം ലഭിച്ചു. പിതാവിന്‍റെ മരണശേഷം പിതൃസഹോദരനായ സലാമത് അലിഖാനാണ് ഫത്തേഹ് അലിഖാന് ഖവാലി അഭ്യസിപ്പിച്ചത്. തന്‍റെ ബാല്യകാലത്തെ കുറിച്ച് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം ഗായകനായ ജഫ്ബക്ലിയോട് ഒരഭിമുഖത്തില്‍ പറഞ്ഞു. “പിതാവിന്റെ മരണം നടന്ന് പത്തു ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം സ്വപ്നത്തില്‍ വന്ന്‌ എന്നെ സ്പര്‍ശിച്ചുകൊണ്ട് പാടാന്‍ ആവശ്യപ്പെട്ടു. എനിക്ക് കഴിയുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. വീണ്ടും ശ്രമിക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ കൈകള്‍ എന്‍റെ തൊണ്ടയെ തഴുകി. ഞാന്‍ പാടാന്‍ തുടങ്ങി. ഞാന്‍ പാടിക്കൊണ്ട്  ഉണര്‍ന്നു”.

ഏകദേശം അറുനൂറു വര്‍ഷത്തെ സംഗീത പാരമ്പര്യം കാത്തുസൂക്ഷിച്ച കുടുംബമായിരുന്നു ഫത്തേഹ് അലിഖാന്‍റേത്. പിതൃസഹോദരന്‍റെ മരണശേഷം 1971ല്‍ ഖവാലി ഗായക സംഘത്തിന്‍റെ നേതൃസ്ഥാനം ഫത്തേഹ് അലിഖാന്‍ ഏറ്റെടുത്തു. ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.1972 ല്‍ ലാഹോറിലെ സൂഫി മ്യുസിക് ഫെസ്റ്റിവെലില്‍ പങ്കെടുത്തതോടെ അദ്ദേഹം പരക്കെ അറിയപ്പെടാന്‍ തുടങ്ങി. കൈകള്‍ മേല്‍പ്പോട്ടു ഉയര്‍ത്തി, മതിമറന്നു പാടുന്ന ശൈലി എല്ലാവരെയും ആകര്‍ഷിച്ചു.  

നുസ്രത് ഫത്തേഹ് അലിഖാന്‍ തന്‍റെ യൂറോപ്യന്‍ പരിപാടികള്‍ക്ക് 1980-ല്‍ ലണ്ടനില്‍ തുടക്കം കുറിച്ചതോടെ പാശ്ചാത്യരാജ്യങ്ങളില്‍ അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. മാര്‍ട്ടിന്‍ സ്കോര്‍സസേ സംവിധാനം ചെയ്ത ''ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ്'' എന്ന സിനിമയില്‍ പീറ്റര്‍ ഗബ്രിയേലിന്‍റെ കൂടെ ചെയ്ത ഫിലിം സൌണ്ട് ട്രാക്ക് പാശ്ചാത്യര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു. തുടര്‍ന്ന് കുറെ ആല്‍ബങ്ങള്‍ പുറത്തുവന്നു. മിക്കതും ഖവാലിയുടേയും പാശ്ചാത്യ സംഗീതത്തിന്റെയും സമന്വയമായിരുന്നു. കനേഡിയന്‍ ഗിറ്റാറിസ്റ്റ്  മൈക്കല്‍ ബ്രൂക്കുമായി ചേര്‍ന്ന് ചെയ്ത 'മസ്ത്‌ മസ്ത്‌', 'നൈറ്റ്‌ സോങ്ങ്' എന്നിവ ശ്രദ്ധിക്കപ്പെട്ടു. നൈറ്റ്‌ സോങ്ങ് 1996 ലെ ഗ്രാമി അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ടു. എഡിവെഡറുമായി ചേര്‍ന്ന് ചെയ്ത ''ഡെഡ് മാന്‍ വാക്കിംഗ്'' എന്ന സിനിമ 1995ല്‍ പുറത്തുവന്നു. ഇക്കാലയളവില്‍ അമേരിക്കയില്‍ നുസ്രത് ഫത്തേഹ് അലിഖാന്‍റെ കാസറ്റുള്‍ക്ക് റെക്കോര്‍ഡ്‌ വില്‍പ്പനയായിരുന്നു.''ബന്‍ഡിറ്റ് ക്യൂന്‍''. ''ഓര്‍ പ്യാര്‍ ഹോഗയാ'' എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കി.

നുസ്രത് ഫത്തേഹ് അലിഖാന്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഫ്യുഷന്‍ സംഗീതം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആരാധകര്‍ക്ക് നീരസമുണ്ടായിരുന്നു. ഇത് ഖവാലിയുടെ തനിമ നഷ്ടപ്പെടുത്തുമെന്ന് അവര്‍ ഭയന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഫത്തേഹ് അലിഖാന്‍ പറഞ്ഞു. “പാരമ്പര്യത്തെ ഒരു ജഡമായ വസ്തുവായി കാണേണ്ടതില്ല. കാലഘട്ടത്തിനനുസരിച്ച് ജനങ്ങള്‍ക്കുവേണ്ടി സംഗീതമുണ്ടാക്കുക സംഗീതകാരന്‍റെ കര്‍ത്തവ്യമാണ്”.

നാടോടി സംഗീതത്തിന്‍റെ ശീലുകള്‍ തന്‍റെ പാട്ടില്‍ ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് എളുപ്പം ആസ്വദിക്കാന്‍ വഴി തുറന്നു എന്നത്  ഫത്തേഹ്  അലിഖാന്‍റെ ശ്രദ്ധേയമായ ഒരു സംഭാവനയാണ്. കൂടാതെ ക്ലാസ്സിക്കല്‍ സംഗീതത്തിന്‍റെ രീതികളും അദ്ദേഹം ഖവാലിയില്‍ ഉപയോഗിക്കുകയുണ്ടായി. അമീര്‍ ഖുസ്രുവിന്‍റെ ''ആജ്‌ രംഗ് ഹെ'', ബുല്ലെഷായുടെ ''തെരി ഇഷ്ഖ് ന ചായ'', നിസാമുദ്ദീന്‍ ഔലിയയുടെ ''മേം ജാഗി പിയാകെ സംഗ്'' എന്നീ പ്രശസ്ത ഖവാലികള്‍ ഇതിന് ഉദാഹരണങ്ങളാണ്. കൂടാതെ ''അള്ളാഹു അള്ളാഹു'', ''ദം മസ്ത്‌ കലന്തര്‍'',  ''മൌലാ അലി ദം'' എന്നിങ്ങനെ അദ്ദേഹം പാടി, ലോകം ഏറ്റെടുത്ത ഖവാലികളുടെ ലിസ്റ്റ് നീളുന്നു.

പല സൂഫി സങ്കല്‍പ്പങ്ങളും സൂഫി ചിന്താലോകത്തെ പദാവലികളും  ഫത്തേഹ് അലിഖാന്‍ തന്‍റെ സംഗീതത്തില്‍ ഉപയോഗിക്കുകയുണ്ടായി. ദിവ്യപ്രണയം (ഇഷ്ഖ്), വിരഹം (ഫിറഖ് ), സമാഗമം (വിസ്വാല്‍ ) എന്നിവ അദ്ദേഹത്തിന്‍റെ ഖവാലികളില്‍ കാണാം. വിരഹത്തെ കുറിച്ചാണ് പാടുന്നതെങ്കില്‍ ആലാപനത്തിന്റെ ദൈര്‍ഘ്യത്തിലൂടെയാണ് അകലത്തെപ്പറ്റി സൂചന നല്‍കുക. സമാഗമമാണെങ്കില്‍  വാക്കുകള്‍ തമ്മിലുള്ള അടുപ്പത്തിനും ആലാപനത്തിലെ വളവു തിരിവുകള്‍ക്കും ദ്രുതവേഗം കൈവരും.

നുസ്രത് ഫത്തേഹ് അലിഖാന്‍റെ ട്യൂണുകള്‍ നമ്മുടെ രാജ്യത്ത് കൂടുതല്‍ ശ്രദ്ധ നേടിയത് മോഷണത്തിലൂടെയാണ് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ബോളിവുഡിലെ ചലച്ചിത്ര സംഗീത സംവിധായകരില്‍ വലിയൊരു വിഭാഗം അദ്ദേഹത്തിന്റെ പാട്ടുകള്‍ വികലമായി അനുകരിക്കുകയും മിക്കപ്പോഴും അതേപടി വികലമായി ഉപയോഗിക്കുകയും ചെയ്തു. ‘മൊഹറ’ എന്ന ഹിന്ദി ചിത്രത്തിലെ ''തൂ ചീസ് ബഡി ഹെ മസ്ത്‌ മസ്ത്'' എന്നത് ''മസ്ത് കലന്തര്‍ മസ്ത് മസ്ത്'' എന്ന പ്രശസ്തമായ ഖവാലിയുടെ അനുകരണമാണ്. വിജുഷാ എന്ന സംഗീത സംവിധായകനാണ് ഈ മോഷണം നടത്തിയത്. അനു മലിക് ആണ്  മോഷണത്തിൽ റെക്കോർഡ് തന്നെ സ്ഥാപിച്ചത്. ഏറ്റവും വികലമാക്കിയതും അദ്ദേഹം തന്നെ. നുസ്രത് ഫത്തേഹ് അലിഖാൻ്റെ പ്രശസ്തമായ ''അള്ളാഹു അള്ളാഹു'' എന്നാ ഗാനം ''ഐ ലവ് യൂ ഐ ലവ് യൂ'' എന്ന് മാറ്റി അനുമാലിക് ഒരു സിനിമയിൽ ഉപയോഗിക്കുകയുണ്ടായി. പൊതുവില്‍ തൻ്റെ പാട്ടുകൾ മോഷ്ടിക്കുന്നതിനെതിരെ കാര്യമായി പ്രതികരിക്കാതിരുന്ന ഫതെഹ് അലിഖാൻ ഈ പാട്ട്  വികലമാക്കിയപ്പോൾ പ്രതികരിച്ചിരുന്നു. ''യാരാനാ'' യിലെ ''മെര പിയ ഘര്‍ ആയ ഓ രാംജി'',  ''കിന്ന സോനാ തേനു രബനെ ബനായാ'' എന്നിങ്ങനെ പ്രത്യക്ഷത്തിൽ മോഷ്ടിക്കപ്പെട്ട പാട്ടുകൾ എത്രയോ അധികം. അതിലും എത്രയോ കൂടുതലായിരിക്കും പ്രചോദനം എന്ന പേരിൽ പരോക്ഷമായി അനുകരിക്കപെട്ടവ.

തൊണ്ണൂറുകളുടെ രണ്ടാം പകുതിയായത്തോടെ അമേരിക്കയിലും യൂറോപ്പിലുമൊക്കെ പ്രോഗ്രാമുകളുടെ വലിയ തിരക്കിലായിക്ക്ഴിഞ്ഞിരുന്നു നുസ്രത് ഫത്തേഹ് അലിഖാന്‍. അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും അദ്ദേഹത്തിന്‍റെ പ്രശസ്തി വര്‍ദ്ധിച്ചു. നിരന്തരമുള്ള പരിപാടികള്‍ ആരോഗ്യം ക്ഷയിപ്പിച്ചു. ശരീരം ക്ഷീണിച്ചു. പ്രമേഹവും മറ്റു രോഗങ്ങളും പിടികൂടാന്‍ തുടങ്ങി. നോര്‍ത്ത് അമേരിക്കന്‍ പരിപാടി കഴിഞ്ഞ് നാട്ടിലെത്തിയതോടെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കകളും കരളും തകരാറിലായി. വൃക്ക മാറ്റിവെയ്ക്കാന്‍ ലോസ് ആഞ്ചല്‍സിലേക്ക് പോയി. തിരിച്ച് ലണ്ടനില്‍ ഇറങ്ങി.  അവിടെ വെച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതല്‍ തകരാറിലായി. 1997 അഗസ്ത് 16 ന് നുസ്രത് ഫത്തേഹ് അലിഖാന്‍ വിടവാങ്ങി. മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന സാരംഗി വാദകന്‍ സുല്‍ത്താന്‍ ഖാന്‍ പറഞ്ഞു- “ഒരു മികച്ച പാട്ടുകാരന്‍ മാത്രമല്ല നല്ലൊരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. സംഗീതത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അത്രയ്ക്ക് വലുതാണ്‌. അവ വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല.”

Contact the author

Nadeem Noushad

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More