കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ ന്യായമാണെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭയാനകമാവുകയും, തൊഴിലില്ലായ്മ രൂക്ഷമാകുകയും, വ്യവസായങ്ങൾ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതുമെല്ലാം മോദി സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.
'രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങള്‍ അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടവയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. 2.10 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ ഭൂമി കയ്യേറുന്നു' സച്ചിൻ പൈലറ്റ് പറഞ്ഞു.
മോദി ഗവൺമെന്റിന്റെ നയങ്ങൾ കോടിക്കണക്കിന് തൊഴിൽ നഷ്ടത്തിനും ജിഡിപി ചരിത്രത്തില്‍ ആദ്യമായി ഭീകരമായി കൂപ്പുകുത്തിയതും ചൂണ്ടിക്കാട്ടി രാഹുല്‍ നിരന്തരം കേന്ദ്രത്തെ വിമര്‍ശിക്കാറുണ്ട്. ഒരിടവേളക്കു ശേഷമാണ് സച്ചിന് രാഹുലിനെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും രംഗത്തു വരുന്നത് എന്നതും ശ്രദ്ധേയമാണ്.