ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുന്ന സർക്കാറാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അത്തരത്തിലൊരു രാജ്യത്തിൽ ജീവിക്കുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സോണിയ പറഞ്ഞു.
നിരപരാധികൾക്ക് നേരെയുള്ള അതിക്രമങ്ങളും ആരാജകത്വവും രാജ്യത്ത് സർവസാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും സോണിയ ആരോപിച്ചു. രാജ്യത്തെ എല്ലാ മേഖലകളിലും വിവേചനമാണ് ഉള്ളതെന്നും കോൺഗ്രസ് അധ്യക്ഷ കുറ്റപ്പെടുത്തി. ഇനിയും ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ സഹിക്കാൻ ആകില്ലെന്നും ഇന്ത്യയിലെ സർക്കാരിനെതിരെ ഉചിതമായ തീരുമാനമെടുക്കേണ്ട സമയമായെന്നും സോണിയ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കായി കോൺഗ്രസ് പ്രവർത്തിക്കുമ്പോൾ ചില ശക്തികൾ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നതായും സോണിയ ആരോപിച്ചു.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ഗാന്ധി ദിനത്തോടനുബന്ധിച്ച് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അസത്യത്തെ എതിർക്കുന്നതിനായി എന്തും നേരിടാൻ തയ്യാറാണെന്നും അനീതിക്ക് മുൻപിൽ ഒരിക്കലും തലകുനിക്കില്ലെന്നും ലോകത്തൊരാളെയും തനിക്ക് ഭയമില്ലെന്നുമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.