മുംബൈ നഗരത്തില്‍ വൈദ്യുതി നിലച്ചു. ടാറ്റയുടെ വൈദ്യുത നിലയത്തില്‍ ഉണ്ടായ തകരാറാണ് കാരണം. മുംബൈ സബർബൻ ട്രെയിൻ സർവീസുകൾ അടക്കം മുടങ്ങിയ നിലയിലാണ്. ഗ്രിഡ് തകരാറുമൂലം മുംബൈയുടെ ബഹുഭൂരിപക്ഷം ഭാഗങ്ങളിലും താനെയിലെ ചില പ്രദേശങ്ങളിലും രാവിലെ 10:15 മുതൽ വൈദ്യുതി നിലച്ചിരിക്കുകയാണ്.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജുഹു, അന്ധേരി, മീര റോഡ്, നവി മുംബൈ, താനെ, പൻവേൽ എന്നിവിടങ്ങളിലാണ് ഏറ്റവുംവലിയ തടസ്സം നേരിടുന്നത്.
ആശുപത്രികളിൽ ഇതുവരെ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, വെന്റിലേറ്റർ, ഐസിയു എന്നിവയ്ക്കായി ബാറ്ററി ബാക്കപ്പ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഡീസല്‍ ജനറേറ്ററുകള്‍ പരമാവധി ഉപയോഗിച്ച് തടസ്സം മറികടക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.