സ്ത്രീകൾ പുരുഷന്മാർക്ക് തുല്യമാണെന്ന് ചിന്തിച്ചുതുടങ്ങിയത് മുതലാണ് സമൂഹത്തിൽ 'മീറ്റൂ' പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായതെന്ന് നടൻ മുകേഷ് ഖന്ന. സ്ത്രീകളുടെ കടമ വീട്ടുകാര്യങ്ങൾ നോക്കിനടത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫിൽമി ചർച്ചക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്ത്രീകൾ ജോലിക്ക് പോവാൻ തുടങ്ങിയത്തോടെയാണ് സമത്വത്തിന് വേണ്ടിയുള്ള പ്രശ്നങ്ങൾ ആരംഭിച്ചതെന്നും അതിനാലാണ് മീറ്റൂ പോലെയുള്ള ക്യാമ്പയ്നുകൾ ഉയർന്നുവന്നതെന്നും മുകേഷ് പറഞ്ഞു. സ്ത്രീകൾ ജോലിക്ക് പോയാൽ അവരുടെ കുട്ടികളുടെ കാര്യം കഷ്ടത്തിലാകുമെന്നും കുട്ടികൾക്ക് അമ്മയുടെ സ്നേഹം പ്രധാനമാണെന്നും നടൻ അഭിപ്രായപ്പെട്ടു. പുരുഷൻ എന്നും പുരുഷനും സ്ത്രീ എപ്പോഴും സ്ത്രീയും ആയിരിക്കുമെന്നും മുകേഷ് കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ അഭിമുഖം പോസ്റ്റ് ചെയ്തതിന് കീഴിലായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. "ഇയാൾ എന്തൊരു തോൽവിയാണ്", "ഇയാളുടെ കൂടെ ജീവിക്കുന്ന സ്ത്രീകളുടെ കാര്യം ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു" എന്നിങ്ങനെയുള്ള രൂക്ഷ വിമർശനങ്ങളാണ് കമന്റുകൾ നിറയെ. ശക്തിമാന്റെ ഏറ്റവും വലിയ ദൗർബല്യം അദ്ദേഹത്തിന്റെ ചിന്താഗതിയാണ് എന്ന് അറിഞ്ഞിരുന്നില്ല എന്ന ക്യാപ്ഷനോടെയാണ് ഗായകൻ സാഹിൽ ഷാ അഭിമുഖത്തിലെ വീഡിയോ ട്വീറ്റ് ചെയ്തത്.