ഭാരത് ബയോടെക് കൊവിഡിനെതിരെ നിർമ്മിക്കുന്ന കൊവാക്സിൻ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ. മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്നും മുതിർന്ന ഐസിഎംആർ ശാസ്ത്രജ്ഞൻ രാജനീകാന്ത് വ്യക്തമാക്കി. വാക്സിൻ മാർച്ചിൽ തയ്യാറാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് നിർമ്മിക്കുന്ന വാക്സിനാണ് കൊവാക്സിൻ. 2021ന്റെ രണ്ടാംപാദത്തിൽ വാക്സിന് നിർമാണം പൂർത്തീകരിക്കാൻ കഴിയും എന്നാണ് ഐസിഎംആർ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ വാക്സിൻ ഇപ്പോൾ നല്ല പുരോഗമനമാണ് കാണിക്കുന്നതെന്നും രജനീകാന്ത് പറഞ്ഞു. അതേസമയം, ഭാരത് ബയോടെക് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വാക്സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണംപൂർത്തിയായാൽ അവയുടെ വിതരണം നടത്താമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. വാക്സിൻ പരിശോധനയുടെ ആദ്യ രണ്ടു ഘട്ടങ്ങളും വിജയമായിരുന്നുവെന്നും മൂന്നാംഘട്ട പരിശോധന കഴിഞ്ഞ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും ഐസിഎംആർ ഗവേഷകൻ അറിയിച്ചു.