ഡല്‍ഹി: ഓൺലൈൻ വാർത്താ പോർട്ടലുകളെയും നെറ്റ്ഫ്ലിക്സ് പോലുള്ള ഓണ്‍ലൈന്‍ വിനോദ കമ്പനികളേയും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിൽ, ഡിജിറ്റൽ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ ഇന്ത്യയിലില്ല. അച്ചടി മാധ്യമങ്ങളെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും, വാർത്താ ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമാണ് (എൻബിഎ) നിയന്ത്രിക്കുന്നത്.
അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പരസ്യങ്ങളെയും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) സിനിമകളെയും നിയന്ത്രിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളേയും അതുപോയൊരു സ്വയംഭരണ സമിതി നിയന്ത്രിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും, മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യക്കും നോട്ടീസ് നല്‍കിയിരുന്നു.
ന്യൂസ് പോർട്ടലുകളും സ്ട്രീമിംഗ് സേവനങ്ങളായ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയുമെല്ലാം ഒടിടി പ്ലാറ്റ്ഫോമിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.