തിരുനെൽവേലി: സംഘപരിവാർ എതിർപ്പിനെ തുടർന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്നും നീക്കം ചെയ്ത് സർവ്വകലാശാല. തിരുനൽവേലിയിലെ മനോമണിയൻ സുന്ദരാനൻ സർവകലാശാലയാണ് അരുന്ധതി റോയിയുടെ ' വാക്കിങ് വിത്ത് ദി കോമ്രേഡ്സ്' എന്ന പുസ്തകം സിലബസിൽ നിന്നും ഒഴിവാക്കിയത്.
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ സിലബസിലാണ് പുസ്തകം ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ എബിവിപി രംഗത്തെത്തുകയായിരുന്നു. അരുന്ധതി റോയ് മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്നു എന്ന് കാണിച്ചാണ് സംഘപരിവാർ നോട്ടീസ് നൽകിയത്. സംഘടനയുടെ എതിർപ്പിനെതുടർന്ന് വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പുസ്തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
മാവോയിസ്റ്റുകളുടെ ഒളിത്താവളം സന്ദർശിച്ച് അവരുടെ ജീവിതം അടിസ്ഥാനമാക്കി അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് 'വാക്കിങ് വിത്ത് ദി കോമ്രേഡ്സ്'. 2017 മുതലാണ് പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്.