LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇത് അവസാനത്തെ ജാഥയാണ്; 2024 മുന്‍പ് ഇനി മറ്റൊരു ജാഥയുണ്ടാവില്ല - എസ്. വി മെഹ്ജൂബ്

പഞ്ചാബി ഹൌസ് എന്ന മലയാളം സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിലീപ് കടക്കെണിയില്‍ പെട്ട്, ആത്മഹത്യാ ശ്രമത്തിലും പരാജയപ്പെട്ട് ഉഴലുന്ന ഒരാളാണ്.  കാശ് കൊടുക്കാനുള്ള ആളുകള്‍ എതിരെവരുമ്പോള്‍ ഒരു പാര്‍ട്ടീ ജാഥയില്‍ ഓടിക്കയറി, മുദ്രാവാക്യം വിളിച്ച് വീട്ടിലേക്ക് രക്ഷപ്പെടുന്ന ഒരു സീനുണ്ട്. ''ഇത് വീടിനടുത്തുകൂടിയുള്ള അവസാനത്തെ ജാഥയാണ് ഇത് പോയാല്‍ ഇന്നിനി മറ്റു ജാഥകളില്ലാ'' എന്ന് ജാഥയിലേക്ക് ഓടിക്കയറുന്നതിനു മുന്പ് അയാള്‍ പറയുന്നുണ്ട്. വളരെ രസകരവും അതേസമയം ചിന്തിപ്പിക്കുന്നതുമാണ് പഞ്ചാബി ഹൌസിലെ ഈ സീനും അതിലെ ഡയലോഗുകളും.

രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസികമായ കര്‍ഷക സമരവും രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉദാസീനത കലര്‍ന്ന പെരുമാറ്റവും കാണുമ്പോള്‍ പഞ്ചാബി ഹൌസിലെ ഈ സീന്‍ ഓര്‍മ്മവരും. സത്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനും സംഘപരിവാര്‍ ആശയങ്ങള്‍ക്കും ഇത്രയേറെ അംഗീകാരം ലഭിക്കുകയും 2024 ലും അവര്‍തന്നെ അധികാരത്തില്‍ വരും എന്ന തോന്നലുണ്ടാവുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ കര്‍ഷക സമരം പോലുള്ള ജനകീയ പ്രതിരോധങ്ങള്‍, ദിലീപ് പഞ്ചാബി ഹൌസില്‍ പറഞ്ഞതുപോലെ " ഒരു പക്ഷെ ഡല്‍ഹിയിലേക്കുള്ള അവസാനത്തെ ജാഥ തന്നെയാണ്.'' ഇതില്‍ കയറിയില്ലെങ്കില്‍ ഇനി 2024 നു മുന്‍പ്‌ മറ്റു പ്രകടങ്ങള്‍ ഉണ്ടാകും എന്ന് പറയാനാവില്ല.

തന്റെ ഏറ്റവും കെട്ടകാലത്ത് ദിലീപിന്റെ കഥാപാത്രത്തിനുണ്ടായ വകതിരിവെങ്കിലും ബിജെപിക്കെതിരെ ഉണ്ടയില്ലാ തോക്കുമായി നടക്കുന്ന കോണ്‍ഗ്രസും വിവിധ ജനതാദളുകളും തൃണമുല്‍ കോണ്‍ഗ്രസും സിപിഎമ്മും മറ്റ് ഇടതു പാര്‍ട്ടികളും ഇപ്പോള്‍ കാണിച്ചേ പറ്റൂ. ഒരിക്കലുമുണ്ടായിട്ടില്ലാത്ത ഇഛാശക്തിയോടെ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ തടസ്സങ്ങളെയും മറികടന്ന് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ ഇരച്ചെത്തിയത് അവര്‍ക്ക് സമരം അത്രമേല്‍ അനിവാര്യമായിത്തീര്‍ന്നതിനാല്‍ മാത്രമാണ്. കമറുദ്ദീന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐക്കാരും ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസും യൂത്ത് ലീഗും സെക്രട്ടേറിയറ്റിനു മുന്നില്‍ ടിവിക്കാര്‍ക്കു വേണ്ടി നടത്തുന്ന വാര്‍ത്താ ഷോ അല്ല ഡല്‍ഹിയില്‍ നടക്കുന്നത്. അതിനെ അതിന്റെ രാഷ്ട്രീയ തീവ്രതയോടെ മനസ്സിലാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നില്ല എന്നു തന്നെയാണ് അവരുടെ ഉദാസീനത നിറഞ്ഞ സമീപനം കാണിക്കുന്നത്. ഒറ്റപ്പെട്ട പ്രസ്താവനകളും ഐക്യദാര്‍ഢൃവും തങ്ങളും അതോടൊപ്പമാണ് എന്ന സ്വയം സമാധാനത്തിനു മാത്രമേ ഉപക്കരിക്കൂവെന്ന് രാജ്യത്തെ എല്ലാ മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തിരിച്ചറിയേണ്ട സമയമാണിത്.

1992 മുതല്‍ വിജയിച്ചുകൊണ്ടേയിരിക്കുന്ന ബിജെപി സംഘപരിവാര്‍ അജണ്ടകളാണ് അവരെ അധികാരത്തിന്റെ സിംഹാസനത്തില്‍ ഇരുത്തിയത്. അവര്‍ അവരുടെ നോട്ട് ബുക്കില്‍ എഴുതിവെച്ച അജണ്ടകള്‍ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികളെക്കൊണ്ടും സാംസ്കാരിക പ്രവര്‍ത്തകരെക്കൊണ്ടും എടുപ്പിക്കാന്‍ സാധിക്കുന്നതിലൂടെയാണ് അവര്‍ വിജയം ആവര്‍ത്തിക്കുന്നത്. എതിര്‍ത്തിട്ടാവട്ടെ അനുകൂലിച്ചാവട്ടെ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി അവര്‍ മുന്നോട്ടു വെച്ചത് തന്നെയായിരുന്നു നാം പേര്‍ത്തും പേര്‍ത്തും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. അവര്‍ രാമക്ഷേത്രം എന്ന് പറയുമ്പോള്‍ എല്ലാവരും രാമക്ഷേത്രത്തെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തുവരും. അവര്‍ പൌരത്വം പറയുമ്പോള്‍, ലൌവ്‌ ജിഹാദ് പറയുമ്പോള്‍, ബീഫ് നിരോധനം പറയുമ്പോള്‍, ശബരിമല പറയുമ്പോള്‍, മുത്തലാക്ക് പറയുമ്പോള്‍ രാജ്യമൊട്ടാകെ എതിര്‍ത്തും അനുകൂലിച്ചും അത് തന്നെ ചര്‍ച്ച ചെയ്യും. ഒരു ചര്‍ച്ച നടക്കുമ്പോള്‍, പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ വൈകാരികതകളെ തൊട്ടുണര്‍ത്തണമെന്ന ഉദ്ദേശത്തോടെ നടത്തുമ്പോള്‍, അതില്‍ ഇരുപക്ഷത്തും ആളുകൂടും ക്രമേണ വൈകാരികമായി സംസാരിക്കുന്നവരുടെ കൂടെ കൂടുതല്‍ ആളുകൂടും. അതുമാത്രമേ നമ്മുടെ രാജ്യത്തും സംഭവിച്ചിട്ടുള്ളൂ.

അതുകൊണ്ടുതന്നെ രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്  ചെയ്യാനുള്ളത് ചര്‍ച്ച മാറ്റുക എന്നതാണ്. പെട്രോളിന് നിരന്തരം വിലകൂടിക്കൊണ്ടിരിക്കുമ്പോള്‍, രാജ്യത്ത് ബി എസ് എന്‍ എല്‍ തുടങ്ങി കല്‍ക്കരി ഖനികള്‍ വരെ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍, തൊഴിലാളികളെ കരാര്‍ തൊഴിലാളികളായി മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, 8 മണിക്കൂറിന് പകരം 12 മണിക്കൂര്‍ പണിയെടുപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍, കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ആനുകൂല്യം നല്‍കി അവരുടെ ലാഭം ശതകോടികളിലേക്ക് ഉയര്‍ത്തിക്കൊടുത്തപ്പോള്‍... അതിനെതിരെ ഒന്നിച്ചുനിന്ന് ജനകീയ പ്രക്ഷോഭം നടത്താന്‍ ശേഷിയില്ലാതെ, ബിജെപിയുടെ ജൈത്രയാത്ര കണ്ടു വിറങ്ങലിച്ചു നില്ക്കുന്ന രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നിലൂടെയാണ്‌ ഇപ്പോള്‍ കര്‍ഷകര്‍ ഇഛാശക്തിയോടെ ഡല്‍ഹി വളയാന്‍ ഇരച്ചെത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ മനുഷ്യര്‍ വലിയ പ്രതീക്ഷയോടെ വന്‍ പിന്തുണയാണ് ആ പ്രക്ഷോഭത്തിന് നല്‍കുന്നത്. 

രാഹുല്‍ ഗാന്ധിയുടെയും അശോക്‌ ഗഹ്ലോട്ടിന്‍റെയുമൊക്കെ പ്രസ്താവനകളില്‍ ഒതുങ്ങുന്നു കോണ്‍ഗ്രസ്സിന്റെ ഐക്യദാര്‍ഢൃം. പാര്‍ട്ടിയില്‍ തമ്മില്‍ തല്ലുണ്ടാകുമ്പോള്‍ മാത്രമേ ഹൈക്കമാണ്ട് യോഗം ചേരൂ എന്ന നിലമാറണം. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ അടിയന്തിര യോഗങ്ങള്‍ ചേരാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് പഠിക്കണം. 

സമരത്തിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷക പ്രസ്ഥാനം ഉള്‍ക്കൊള്ളുന്ന സിപിഎമ്മിന് ആ സമരത്തെ പിന്തുണച്ച് കേരളമടക്കം അവര്‍ക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ സമരം നടക്കുന്നത് ആവശ്യങ്ങള്‍ നേടിയെടുക്കാനാണെങ്കില്‍, വലിയ പ്രസ്ഥാനങ്ങള്‍ അതിന്റെ ബഹുജന സംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അതിനോട് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ച് കൂട്ടായി മുന്നോട്ടുവരുന്നത് പ്രക്ഷോഭകര്‍ക്ക് ആത്മവിശ്വാസം പകരും, അത് ഭരണകൂടത്തെ സമ്മര്‍ദ്ദപ്പെടുത്തും. ഒരു സമരം എല്ലായ്പ്പോഴും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രമല്ല, ചിലപ്പോഴൊക്കെ അത് തങ്ങള്‍ എത്ര കേട്ട ജീവിതമാണ് നയിക്കുന്നത് എന്ന് ബഹുജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ കൂടിയാണ് എന്ന കാര്യം വിസ്മരിച്ചുകൂടാ.

സമരത്തോട് പ്രസ്താവനകള്‍ക്കപ്പുറം പ്രതികരിക്കാത്ത ബാക്കിയുള്ള പാര്‍ട്ടികളെ എടുത്തെടുത്ത് ഉദാഹരിച്ചാലും അവരുടെ നിസ്സംഗതയല്ലാതെ മറ്റൊന്നും പറയാനില്ല. ഇത്രമേല്‍ ഉദാസീനവും നിസംഗവുമാണ് നിങ്ങളുടെ നിലപാടെങ്കില്‍, ബിജെപി മുന്നോട്ടുവെയ്ക്കുന്ന അജണ്ടകളില്‍ തന്നെ ചുറ്റിത്തിരിയാനാണ് നിങ്ങളുടെ പരിപാടിയെങ്കില്‍ ഭാഗ്യാന്വേഷികളായ നിങ്ങളുടെ നേതാക്കന്മാര്‍ മുഴുവന്‍ മറു പാളയത്തിലേക്ക് പോകുന്നത് നോക്കിനില്‍ക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ പ്രിയപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിങ്ങള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും രക്ഷയുണ്ടാവില്ല.

അതുകൊണ്ട് ദിലീപ് പഞ്ചാബി ഹൌസില്‍ പറഞ്ഞതിന്‍റെ ചുവടുപിടിച്ച് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അവസാനത്തെ ജാഥയാണ്  അതില്‍ കയറിയില്ലെങ്കില്‍ ഇനി 2024 നു മുന്‍പ്‌ മറ്റു പ്രകടങ്ങള്‍ ഉണ്ടാകും എന്ന് പറയാനാവില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More