തിരുവനന്തപുരം: ജലജന്യരോഗ ഭീഷണിക്ക് പരിഹാരമായാണ് സംസ്ഥാന ഹരിത കേരളം മിഷന്റെ പദ്ധതി വരുന്നത്. ഒരു പ്രദേശത്തെ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, തുടങ്ങി ജലസ്രോതസ്സുകളിലെ വെള്ളത്തിന്റെ നിലവാരമാണ് പരിശോധിക്കുക.
എല്ലാ പഞ്ചായത്തിലും ജല ഗുണനിലവാര പരിശോധന എന്ന ലക്ഷ്യം വെച്ച് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജല പരിശോധനാ ലബോറട്ടറികള്‍ സജ്ജീകരിക്കും.
പുതിയ ലാബുകള്‍ സ്ഥാപിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അതത് പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ ലാബുകളിലായിരിക്കും ജലഗുണ നിലവാര പരിശോധനാ സംവിധാനം ഒരുക്കുക. സ്കൂളുകളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പരിശീലനം നല്‍കും.