ഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പേരില്‍ ലോക്സഭയിലുണ്ടായ സംഘര്‍ഷത്തിനിടെ ബിജെപി അംഗങ്ങള്‍ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്തു എന്നാരോപിച്ച് രമ്യാ ഹരിദാസ് എംപി സ്പീക്കര്‍ക്ക് പരാതി നല്കി.
ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുമായി നില്‍ക്കുകയായിരുന്ന തന്നെ ബിജെപി അംഗം ജസ്കൌര് മീണയുള്പ്പെടെയുള്ളവര് ആക്രമിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ദളിതയും വനിതയും ആയതുകൊണ്ടാണോ താന്‍ നിരന്തരം ആക്രമിക്കപ്പെടുന്നത് എന്ന സന്ദേഹവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. രമ്യാ ഹരിദാസിന്റെ പരാതി സ്റെപീക്കര് ഓം ബിര്‍ള സ്വീകരിച്ചു.
രാവിലെ സഭാ ആരംഭിച്ചപ്പോള്‍ തന്നെ അമിത് ഷാ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ബാനറും പ്ലക്കാര്‍ഡുമായാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ എത്തിയത്. ഇതേതുടര്‍ന്നുണ്ടായ ബഹളം സഭയുടെ നടുത്തളത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധവും പ്രതികരണവും കയ്യങ്കളിയിലെത്തിയതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.