LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇത് കടന്ന കളിയാണ്; ബിജെപിക്ക് നിലമൊരുക്കലാണ് - ഡോ. ആസാദ്

കേരളത്തിന്റെ സാമൂഹിക ഘടനയിലും പൊതുബോധത്തിലും വലിയ കടന്നുകയറ്റങ്ങളും മല്‍പ്പിടുത്തങ്ങളും അരങ്ങേറുകയാണ്.  സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാനത്തിന്റെയും മഹത്തായ പാരമ്പര്യവും പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ചടുലതയും ജനാധിപത്യ മതേതര മൂല്യങ്ങളുടെ വെളിച്ചവും വഴിഞ്ഞ പ്രദേശം സാമുദായികവും വര്‍ഗീയവുമായ വേര്‍തിരിവുകളിലേക്ക് വലിച്ചെറിയപ്പെടുന്നു. സംഘപരിവാര അജണ്ടകള്‍ കേരളത്തെ കീറിമുറിച്ചു തുടങ്ങുകയാണ്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഷയും പ്രവൃത്തിയും ഈ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നു. മുന്നോക്ക വിഭാഗങ്ങളാല്‍ നയിക്കപ്പെടുന്ന പൊതു അധികാരത്തിന്റെ കീഴില്‍ ന്യൂനപക്ഷങ്ങളെ അന്യോന്യ ശത്രുക്കളാക്കാനാണ് ശ്രമം. ആര്‍ എസ് എസ് കാര്യാലയത്തില്‍ നിന്ന് പാകം ചെയ്യുന്ന രാഷ്ട്രീയ പദ്ധതികളും സമീപനങ്ങളും ധാരാളമായി വിതരണം ചെയ്യപ്പെടുന്നു.

ആര്‍എസ്എസ്സിനും ബിജെപിക്കും കേരള ഭരണത്തിലേക്കു വഴി തുറന്നുകൊടുക്കാന്‍ ഉത്സാഹിക്കുന്നവര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. അവര്‍ ഫാഷിസത്തെ ചെറുക്കാന്‍ ഇനിയുമൊന്നിക്കേണ്ട ചെറുതും വലുതുമായ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തകരുന്നതില്‍ ആനന്ദിക്കുന്നു. അവയ്ക്കുമേല്‍ പതിക്കുന്ന ഓരോ ആഘാതവും ആഘോഷിക്കുന്നു. അവര്‍ ആര്‍എസ്എസ്സും സംഘപരിവാരങ്ങളും ആഗ്രഹിക്കുന്നതു പോലെ കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് വിത്തും വളവും നല്‍കുന്നു. ന്യൂനപക്ഷങ്ങളെ അന്യോന്യം ശത്രുക്കളാക്കാന്‍ വെമ്പല്‍ കൊള്ളുന്നു. ഭൂരിപക്ഷ വര്‍ഗീയതക്ക് അഥവാ ഫാഷിസത്തിന് കാലുറപ്പിക്കാന്‍ മണ്ണു നല്‍കുന്നു. അതിനിടയില്‍ തങ്ങള്‍ക്കു ചിലതു വീണുകിട്ടുമെന്നു വെറുതെ മോഹിക്കുന്നു!

ഇസ്ലാമിക ഭീകരവാദമാണ് കേരളത്തിലെയും മുഖ്യ പ്രശ്നമെന്ന് തീര്‍പ്പുകല്‍പ്പിക്കുന്നു. ക്രിസ്തീയ സമുദായങ്ങളില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട മുസ്ലീംവിരോധത്തിന്റെ കനലുകള്‍ ഊതിക്കത്തിക്കുന്നു. യു ഡി എഫിനെ തകര്‍ക്കാനും കോണ്‍ഗ്രസ് വിമുക്ത ഭാരതം കെട്ടിപ്പടുക്കാനും ഇതുതന്നെയാണ് അവസരമെന്ന് ബി ജെ പിക്ക് അറിയാം. അവര്‍ ക്രിസ്തീയ സമൂഹത്തിലേക്ക് ലൗജിഹാദ് ഭീതി പടര്‍ത്തുന്നു. തുര്‍ക്കിയിലും ഫ്രാന്‍സിലും ലോകത്തു പലയിടത്തും ക്രിസ്ത്യന്‍ സഹോദരന്മാരെ വേട്ടയാടുന്നത് ഇസ്ലാമിക ഭീകരരാണെന്ന മുന്നറിയിപ്പും ഓര്‍മ്മപ്പെടുത്തലും നല്‍കുന്നു. മുസ്ലീം ഭീകരവാദം = മുസ്ലീം ജീവിതം എന്ന സമവാക്യം പറഞ്ഞുറപ്പിക്കുന്നു. കേരളത്തില്‍ ഇതുവരെ ഇല്ലാത്ത കലഹത്തിന്റെ വിത്തുകള്‍ നട്ടുകൊണ്ടിരിക്കുന്നു.

മുസ്ലീംലീഗുള്ള മുന്നണിയെ ഭയപ്പെടണം എന്നിടത്തോളം ചിന്തിപ്പിക്കാനുള്ള ആസൂത്രിത മുന്നൊരുക്കങ്ങള്‍ നടക്കുന്നു. യു ഡി എഫില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ പ്രബലരാണ് മുസ്ലീംലീഗെന്ന പ്രചാരണം ക്രിസ്തീയ സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണ്. ജോസ് വിഭാഗം കേരള കോണ്‍ഗ്രസ് വിട്ടതോടെ യു ഡി എഫ് മുസ്ലീംപക്ഷ രാഷ്ട്രീയത്തിനു മേല്‍ക്കൈയുള്ളതായി എന്നുകൂടി പ്രചരിപ്പിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ഇന്നോളമില്ലാത്ത സാമുദായിക വിഭജനവും ശത്രുതയും സൃഷ്ടിക്കപ്പെടുന്നു.

ഇതിന്റെയെല്ലാം ഗുണഭോക്താവ് ബി ജെ പിയും സംഘപരിവാരങ്ങളുമല്ലാതെ മറ്റാരും ആവാനിടയില്ല. യു ഡി എഫിനെ തകര്‍ത്ത് പുതിയ മുന്നണിതന്നെ രൂപപ്പെടുത്താനാവും ബി ജെ പി ശ്രമിക്കുക. ദേശീയതലത്തില്‍ അതിനനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നു. ക്രിസ്തീയ സമൂഹത്തില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട ഭയാശങ്കകളെ അഭിസംബോധന ചെയ്യാന്‍ ഞങ്ങളുണ്ട് എന്ന് ബി ജെ പി അറിയിച്ചു കഴിഞ്ഞു. നിരവധി ആഭ്യന്തര പ്രശ്നങ്ങളെ നേരിടുന്ന ക്രിസ്തീയസഭകള്‍ രാഷ്ട്രീയാധികാരത്തിന്റെ തണല്‍ തേടുന്ന സമയവുമാണ്. ഫ്രാങ്കോ പ്രശ്നം മുതല്‍ ഭൂമി ഇടപാടുകളും പള്ളിത്തര്‍ക്കങ്ങളുംവരെ പരിഹാരം കാത്തു കിടക്കുന്നു. ഭരണനേതൃത്വങ്ങള്‍ക്ക് ഇതു നല്ല അവസരമാണ് തുറന്നു കൊടുത്തത്.

കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണനേതൃത്വങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെ ക്രിസ്തീയ സമൂഹത്തെ തുണയ്ക്കാനെത്തുന്നു. അവരില്‍ ഇസ്ലാം ഭീതി സൃഷ്ടിച്ചുകൊണ്ട് ഹിന്ദുത്വ വോട്ടുബാങ്കുമായി അടുപ്പിച്ചു നിര്‍ത്തുന്നു. താല്‍ക്കാലികമായ താല്‍പ്പര്യങ്ങള്‍ നേടുന്നതിന് ഒരു സംസ്ഥാനത്തെ ആഭ്യന്തര കലഹങ്ങളിലേക്കും വര്‍ഗീയ കലാപങ്ങളിലേക്കും ദീര്‍ഘമായ ഫാഷിസ്റ്റ് വാഴ്ച്ചയിലേക്കും തള്ളിവിടുകയാണ്.

ഇത്രയും വഷളായ ഒരു ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട വിഭാഗങ്ങള്‍ ബി ജെ പി അജണ്ട വിജയിപ്പിക്കാന്‍ രംഗത്തു വരുന്നത് ഭയപ്പെടുത്തുന്നു. ജനാധിപത്യ വാദികള്‍ കൂടുതല്‍ ജാഗ്രതയോടെ ഈ വിഷമസന്ധിയെ നേരിടാന്‍ തയ്യാറാവണം. 

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More