ലക്‌നൗ: പിതാവിന്റെ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വിവാഹിതയായ മകള്‍ക്കും തുല്യ അര്‍ഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹം കഴിച്ചോ ഇല്ലയോ എന്ന് നോക്കാതെ മകനെപ്പോലെ തന്നെ മരണപ്പെട്ടയാളുടെ മകളെയും കുടുംബാംഗമായി കാണണം എന്ന് കോടതി വ്യക്തമാക്കി.
2020 ജൂണ്‍ 25ന് ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ പ്രയാഗ് രാജ്, തന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നിയമനത്തിനായുളള അവകാശം നിരസിച്ചുവെന്നാരോപിച്ച് മഞ്ജുല്‍ ശ്രീവാത്സവ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വിവാഹിതനായ ഒരു മകന് തന്റെ പിതാവിന്റെ ജോലിയില്‍ അവകാശമുണ്ടെങ്കില്‍ വിവാഹിതയായതിനാല്‍ മാത്രം മകള്‍ക്ക് ആ ആനുകൂല്യം നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ജസ്റ്റിസ് ജെജെ മുനീര്‍ അധ്യക്ഷനായ കോടതി വിലയിരുത്തി. ഇത്തരം വിവേചനങ്ങള്‍ ഭരണഘടനാവിരുദ്ധവും നിയമലംഘനവുമാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.