ഡല്‍ഹി: രാജ്യത്താകെ രണ്ടുലക്ഷത്തി നാല്‍പതിനായിരം ബലാല്‍സംഗ ക്കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്ര നിയമ മന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു. 2019 ഡിസംബര്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഉത്തര്‍പ്രദേശ് ആണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഉത്തര്‍പ്രദേശിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 66 ,994 കേസുകളാണ്. തൊട്ടുപിറകില്‍ വരുന്നത് മഹാരാഷ്ട്രയും പശ്ചിമ ബംഗാളുമാണ്. മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 21 ,691 കേസുകളും പശ്ചിമ ബംഗാളില്‍ 20, 511 കേസുകളുമാണ് തീര്‍പ്പാകാതെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ 1023 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാച്ചിരുന്നു.എന്നാല്‍ ഇതുവരെ 195 - ഫാസ്റ്റ് ട്രാക്ക് കോടതികള്‍ മാത്രമേ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇതില്‍ തന്നെ ഒരെണ്ണം പോലും യുപി, മഹാരാഷ്ട്രാ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലില്ല.
നടപ്പിലായിട്ടില്ലാത്ത കേന്ദ്ര പ്രഖ്യാപന പ്രകാരം യുപി, മഹാരാഷ്ട്രാ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 218,138,123, എന്നിങ്ങനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇതുവരെ ഒരു ഫാസ്റ്റ് ട്രാക്ക് കോടതിപോലും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല എന്നും നിയമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു.