LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാമ്പുള്ള കരിക്കല്ല കൊട്ടത്തേങ്ങയാണ് തോമസ് ഐസക്കിന്റെ ബജറ്റ് - സുഫാദ് സുബൈദ

അധിക നികുതി ചുമത്തിയില്ല. ക്ഷേമ പെന്‍ഷനുകള്‍ ഒരു പൊടിക്ക് കൂട്ടി. കിറ്റ് വിതരണം തുടരും. നിർമ്മിത ബുദ്ധി, ‌നോളജ്‌ എക്കോണമി, ഇൻഡസ്ട്രി 4.0 തുടങ്ങി കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങള്‍. ഒറ്റനോട്ടത്തില്‍ സാധരണക്കാരന്റെ ഉള്ളറിഞ്ഞ ബജറ്റാണ് തോമസ്‌ ഐസക് കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്ന് തോന്നിയേക്കാം. എന്നാല്‍, ഉള്ളു പൊള്ളയാണെന്നറിയാന്‍ അധികം ആഴത്തിലുള്ള വിശകലനമൊന്നും ആവശ്യമില്ല. 

കേരളം ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മിയിലൂടെയാണ് കടന്നുപോകുന്നത് - 24,000 കോടി. ഇതു കോവിഡ് കൊണ്ടുണ്ടായതല്ല. കൊട്ടിഘോഷിക്കുന്ന കിഫ്ബിയിൽ 5 കൊല്ലം കൊണ്ട് വെറും 7000 കോടിയുടെ വികസനം മാത്രമാണ്. എന്നാല്‍ വാർഷിക പദ്ധതിയില്‍ 10,000 കോടി വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വളർച്ച വെറും 3.45% ആയി കുറഞ്ഞു. എന്നാല്‍ കേരളത്തിന്‍റെ കടബാധ്യത മൂന്നുലക്ഷം കോടിയിലെത്തിക്കാന്‍ തോമസ്‌ ഐസക്കിന് സാധിച്ചു.

പണം തികയാതെ വരുമ്പോൾ കടമെടുക്കുകയും പദ്ധതികൾ വെട്ടിച്ചുരുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ അവസാന ബജറ്റില്‍ ഇത്രയധികം പ്രഖ്യാപനങ്ങള്‍ നടത്തിയത് എന്തിനാകും? ‘കിട്ടിയാൽ ഊട്ടി; അല്ലെങ്കിൽ ചട്ടി’, ഇനിയഥവാ തുടര്‍ഭരണമെങ്ങാനും ലഭിച്ചാലോ! എല്ലാ സര്‍ക്കാറുകളുടേയും അവസാന ബജറ്റ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ മുന്നോടിയായി പുറത്തിറക്കുന്ന കുറേ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും, അതൊന്നും നടപ്പാകില്ലെന്നും കാലാ കാലങ്ങളായി ജനത്തിനറിയാം. തോമസ്‌ ഐസക് കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഇനിയും നടപ്പാക്കിയിട്ടില്ല. ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകൾ മാത്രം ഉദാഹരണമായി പറയാം. കുട്ടനാട് പാക്കേജിന് കഴിഞ്ഞ ബജറ്റില്‍ 3400 കോടി രൂപ നീക്കിവച്ചിരുന്നു. എങ്ങുമെത്തിയില്ല. ഇപ്പോൾ വീണ്ടും 2400 കോടി നീക്കിവെച്ചുവെന്നാണ് പ്രഖ്യാപിച്ചത്. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി, 3000 കോടിയുടെ തീരദേശ പാക്കേജ്, 5000 ഏക്കറില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഐ.ടി - ടൂറിസം മേഖലകളില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍, 10000 പട്ടിക വിഭാഗക്കാര്‍ക്ക് തൊഴില്‍, എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, മൂന്നു മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റുകള്‍, ആഴക്കടല്‍ മണല്‍ഘനനം... അങ്ങനെ എത്രയെത്ര മോഹന വാഗ്ദാനങ്ങളാണ് മുന്‍ ബജറ്റുകളില്‍ തോമസ്‌ ഐസക് നല്‍കിയിരുന്നത്.

കേന്ദ്രീകൃത നികുതി സംവിധാനം (ജിഎസ്ടി) നിലവില്‍ വന്നതോടുകൂടി സംസ്ഥാനങ്ങള്‍ റവന്യൂ സ്രോതസ് കണ്ടെത്താന്‍ പാടുപെടുകയാണ്. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം കോടിയിലധികം റവന്യൂ വരവ് വരുമെന്നാണ് ബജറ്റില്‍ പറയുന്നത്. അതെവിടെനിന്ന് വരുമെന്ന കാര്യം 120 പേജുള്ള ബജറ്റ് പ്രസംഗത്തില്‍ എവിടെയും പറയുന്നുമില്ല. 120 കോടി അധിക വിഭവ സമാഹരണം നടത്തുമെന്നും പറയുന്നുണ്ട്, അതും എവിടെനിന്ന് കണ്ടെത്തുമെന്ന് വ്യക്തമല്ല. അതിനിടെ, 191 കോടിയുടെ നികുതിയിളവും പ്രഖ്യാപിച്ചു. അപ്പോള്‍, അധിക വിഭവസമാഹരണത്തില്‍ ബാക്കിയുള്ളത് വെറും 9 കോടി രൂപയാണ്.

ഇത്തവണ കേരളത്തില്‍ ഒരു വൈജ്ഞാനിക വിപ്ലവമാണ് തോമസ്‌ ഐസക് സ്വപ്നം കാണുന്നത്. ജയലളിത സ്റ്റൈലില്‍ എല്ലാവീടുകളിലും ലാപ്ടോപ്പും ഇന്റര്‍നെറ്റും എത്തിച്ചാല്‍ മാത്രം അത് യാഥാര്‍ഥ്യമാകുമോ?, അതിനുള്ള പണമെവിടെ എന്ന ചോദ്യം അവിടെ നിക്കട്ടെ. 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 15-നും 59-നും ഇടയില്‍ പ്രായമുള്ള തൊഴിലില്ലാത്തവരുടെ എണ്ണം കേരളത്തില്‍ 10.4 ശതമാനമാണ്. നിലവിലെ സ്ഥിതി അതിലും പരിതാപകരമായിരിക്കും. പ്രവാസികളില്‍ 60 ശതമാനവും തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കി, എല്ലാ കുടുംബങ്ങളിലും മിനിമം പണലഭ്യത ഉറപ്പുവരുത്തിയുള്ള ഒരു വിപ്ലവമാണ് നിലവില്‍ കേരളം ആവശ്യപ്പെടുന്നത്. ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത പദ്ധതികള്‍ മോഹന  വാഗ്ദാനങ്ങളാക്കി നല്‍കിയ ധനമന്ത്രി എന്ന പേരിലാകും നാളെ തോമസ്‌ ഐസക് ഓര്‍മ്മിക്കപ്പെടുക.

Contact the author

Sufad Subaida

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More