ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് പിന്‍വലിച്ചു. മീഡിയാ വണ്ണിന്റെ വിലക്ക് തുടരുന്നു. ഇന്നലെ വൈകുന്നേരം 7.30 മുതൽ ഇന്ന് വൈകുന്നേരം 7.30 വരെ സംപ്രേഷണ വിലക്ക് ഉണ്ടാകുമെന്നാണ് ചാനലുകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സമയപരിധി കഴിയുന്നതിനു മുന്‍പ്തന്നെ ഏഷ്യാനെറ്റിന്റെ വിലക്ക് പിന്‍വലിച്ചുവെന്നാണ് അറിയുന്നത്.
ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് 2 ചാനലുകളുടെയും റിപ്പോർട്ടിങ്ങിനെക്കുറിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം പറഞ്ഞത്. ആർഎസ്എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചതും മീഡിയ വണ്ണിന്റെ പിഴവായി ഉത്തരവിൽ പറയുന്നു.