LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശബരിമല: ആണധീശ ധാരണകൾക്കെതിരെ സ്ത്രീകൾതന്നെ ഉണരണം - ഡോ. ആസാദ്

ശബരിമലയിലെ സ്ത്രീപ്രവേശനം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു വിശ്വാസിസമൂഹത്തെ നാം അഭിസംബോധന ചെയ്യുകയാണ്. മത സാമുദായിക ബോധത്തിലും ജീവിതത്തിലും നടക്കുന്ന പരിഷ്കരണ ശ്രമങ്ങളുടെ ചെറു സ്പന്ദനങ്ങളെ കലഹങ്ങളില്‍ തളയ്ക്കാനാണ് എപ്പോഴും അധീശപൗരോഹിത്യ വിഭാഗം ശ്രമിച്ചു പോരുന്നത്. അതില്‍ പങ്കു ചേരുന്ന രാഷ്ട്രീയ കക്ഷികള്‍, താല്‍ക്കാലിക ലാഭത്തിന് വിമോചന സ്വപ്നങ്ങളെ ഇല്ലാതാക്കുകയാണ്.

സഖാവ് ഹര്‍ കിഷന്‍ സിംഗ് സുര്‍ജിത് പറഞ്ഞ ഒരു കാര്യം ഞാനോര്‍ക്കുന്നു. അതിങ്ങനെയാണ്: '' പശ്ചിമ ബംഗാളില്‍ നടന്ന ഭൂ വിതരണത്തില്‍ ഒരു നല്ല കാര്യം സംഭവിച്ചിട്ടുണ്ട്. 1967ല്‍ ഹരേ കൃഷ്ണ കോനാരോടു ഞാന്‍ ചോദിച്ചു. നിങ്ങളെന്താണ് ഭൂപരിഷ്കരണ നിയമം പാസാക്കാത്തത്? അന്ന് അദ്ദേഹത്തിന് എന്നേക്കാള്‍ കൂടുതല്‍ ആശയ വ്യക്തതയുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞതിതാണ്: നാം നിയമം പാസാക്കി ഭൂ വിതരണം ചെയ്താല്‍ അത് ഒരു സമ്മാനമായാണ് കണക്കാക്കപ്പെടുക. എന്നാല്‍ കൃഷിക്കാര്‍ ഭൂസമരം നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് വിതരണമെങ്കില്‍ അതിന് തികച്ചും വ്യത്യസ്തമായ അര്‍ത്ഥമാണുണ്ടാവുക. അദ്ദേഹം നിയമ നിര്‍മ്മാണം നടത്തിയില്ല. പകരം സമരം നടത്തി. അതിനുശേഷം ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു''.


നിയമം നിര്‍മ്മിക്കാനും നടപ്പാക്കാനുമുള്ള സമ്മര്‍ദ്ദം അതു പ്രയോജനപ്പെടേണ്ട ജന വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നു വരുന്നതാണ് നല്ലത്. അവര്‍ക്കുവേണ്ടി മറ്റാരെങ്കിലും നല്‍കുന്ന സമ്മാനമാവരുത് അത്. ഓരോ നിയമ നിര്‍മ്മാണവും അതാര്‍ക്കുവേണ്ടി എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടിരിക്കും.

ശബരിമല സംബന്ധിച്ച വിഷയത്തിലേക്കു നോക്കൂ. ഹിന്ദു സമൂഹത്തിലെ സ്ത്രീ താല്‍പ്പര്യവും പുരുഷ താല്‍പ്പര്യവും തമ്മിലും സ്ത്രീ അവകാശങ്ങളും യാഥാസ്ഥിതിക പൗരോഹിത്യ നിര്‍ബന്ധങ്ങളും തമ്മിലുമുള്ള സംഘര്‍ഷങ്ങളാണ് അടിസ്ഥാന പ്രശ്നം. ആ ഏറ്റുമുട്ടലുകള്‍ കാലമേല്‍പ്പിക്കുന്ന അനിവാര്യതയാണ്. അതില്‍നിന്നും ഉരുത്തിരിയുന്നതാവണം പരിഹാരം. പകരം അധീശ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഗുണമാവില്ല.

തുല്യതക്കുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം തുടരുന്നു. നിഷേധിക്കപ്പെട്ട ഇടങ്ങളിലേക്ക് അവര്‍ കയറി വരുന്നു. കാലാഹരണപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും പിടിച്ചു നില്‍ക്കാന്‍ അവസാന അടവുകള്‍ പയറ്റുന്നു. അവിടെ ജനാധിപത്യ ഭരണകൂടത്തിന് ആര്‍ക്കൊപ്പം എന്നു നിശ്ചയിക്കേണ്ടിവരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭൗതിക സൗകര്യങ്ങളും പതിനേഴാം നൂറ്റാണ്ടിലെ മാനസിക അടിമത്തവുമായി ഏറെദൂരം മുന്നോട്ടു പോകാനാവില്ല. നാം ജീവിക്കുന്ന സമൂഹത്തിനകത്തു നീതി നിഷേധിക്കപ്പെടുന്ന സമൂഹമാണ് ഭാവി നിശ്ചയിക്കുന്ന ശക്തികളാവുക.

രണ്ടുതരം പരിഹാരങ്ങള്‍ പരീക്ഷിക്കുന്നുണ്ട്  രാഷ്ട്രീയപാര്‍ട്ടികള്‍. നിഷേധിക്കപ്പെട്ട ഇടത്തിലേക്ക് കോടതിവിധിയുടെ പിന്തുണയിലോ പുതിയ നിയമ നിര്‍മ്മാണം വഴിയോ സ്ത്രീകളെ കയറ്റുക എന്നതാണൊന്ന്. അതു ഭരണഘടന ഉറപ്പു നല്‍കുന്ന നീതി നിര്‍വ്വഹണമാണ്. പക്ഷെ ആ സമുദായത്തിനകത്തെ സ്ത്രീകളുടെ പൊതു ആവശ്യമായി വളരാത്തിടത്തോളം അതു നിഷ്ഫലമാണ്. രണ്ടാമത്തേത് ആചാര സംരക്ഷണത്തിനുള്ള നിയമ നിര്‍മ്മാണമാണ്. അതു കാലംകഴിഞ്ഞ മാമൂലുകള്‍ക്ക് ജീവന്‍ നല്‍കലാണ്. വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള സ്ത്രീ അവകാശങ്ങളുടെ നഗ്നമായ നിഷേധവുമാണ്. 

ഇവിടെയാണ് സുര്‍ജിതും ഹരേകൃഷ്ണ കോനാരും പറഞ്ഞ കാര്യം പ്രസക്തമാകുന്നത്. ഹിന്ദു സമൂഹത്തിലെ അയ്യപ്പ ഭക്തരായ സ്ത്രീകള്‍ക്കിടയില്‍ അങ്ങനെ ഒരാരാധനാ ആവശ്യം ഉയര്‍ന്നുവരണം. ഇപ്പോള്‍ ശക്തമായ സ്വാധീനം ആ സമൂഹത്തിലെ ആണധീശ ധാരണകള്‍ക്കാണ്. വിശ്വാസികളായ സ്ത്രീകളിലെ പുരോഗമന പക്ഷക്കാര്‍പോലും നിശ്ശബ്ദരാണ്. ഈ സമയത്ത് ബാഹ്യ ഇടപെടലുകള്‍ക്ക് പരിമിതിയുണ്ട്. ഹിന്ദുമത വിശ്വാസത്തിനകത്തെ പരിഷ്കരണ നീക്കം അവര്‍ക്കകത്തു രൂപപ്പെടണം. ഓരോ സമുദായത്തിലെ പരിഷ്കരണവും പ്രാഥമികമായി അതതു സമുദായത്തിന്റെ വിഷയമാണ്.

ഇതിനര്‍ത്ഥം പൊതുസമൂഹം ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്നല്ല. മാറ്റം ആഗ്രഹിക്കുന്ന സമൂഹത്തില്‍നിന്നാണ് നീക്കം ആരംഭിക്കേണ്ടത് എന്നു മാത്രമാണ്. അല്ലെങ്കില്‍ രാഷ്ട്രീയ വിലപേശലുകള്‍ക്കും ബലാബലം നിശ്ചയിക്കുന്ന രാഷ്ട്രീയ ലീലകള്‍ക്കും മര്‍ദ്ദിത വിഭാഗങ്ങള്‍ ഇരകളായിക്കൊണ്ടിരിക്കും. എല്ലാ കാലത്തേയ്ക്കുമായി നില നില്‍ക്കുന്ന ഒരാചാരവുമില്ല. ഒരു നിയമംകൊണ്ടും അതു നില നിര്‍ത്താനുമാവില്ല. ജനതയുടെ കുതിപ്പുകളെ താല്‍ക്കാലിക അജണ്ടകള്‍കൊണ്ടു തടയുന്നതെങ്ങനെ?

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More