LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സീറ്റു തര്‍ക്കത്തില്‍ മുന്നണിമാറ്റം: അന്ന് വീരേന്ദ്ര കുമാര്‍ ഇന്ന് മാണി സി കാപ്പന്‍

തിരുവനന്തപുരം: സീറ്റു തര്‍ക്കത്തെ ചൊല്ലി തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ എന്‍സിപി ഇടത് മുന്നണി വിടുമെന്ന കാര്യത്തില്‍ ഏകദേശം തീര്‍ച്ച കൈവന്നിരിക്കുകയാണ്. ഇതുനായി ബന്ധപ്പെട്ടുകൊണ്ട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എന്‍ പീതാംബരന്‍ മാസ്റ്ററും പാലാ എംഎല്‍എയായ മാണി സി കാപ്പനും അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം അന്തിമതീരുമാനം പുറത്തുവരും.

അതേസമയം എന്‍സിപിയെ പ്രതിനിധീകരിച്ച് മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുന്ന ഏ കെ ശശീന്ദ്രന്‍ ഇടതുമുന്നണിയില്‍ തുടരുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇത് എന്‍സിപിയുടെ പിളര്‍പ്പിനു വഴിവെക്കുമെന്നാണ് കരുതുന്നത്. നിലവില്‍ എന്‍സിപിക്ക് നിയമസഭയില്‍ ഏ കെ ശശീന്ദ്രനും മാണി സി കാപ്പനുമടക്കം രണ്ട് എംഎല്‍എമാരാണ് ഉള്ളത്. മുന്‍ മന്ത്രികൂടിയായ തോമസ്‌ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടെന്ന് പ്രതിപക്ഷത്തിന്റെ കൂടി സമ്മതത്തോടെ സര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷനെ അറിയിക്കുകയായിരുന്നു. ഏ കെ ശശീന്ദ്രനും മാണി സി കാപ്പനും ഇരു മുന്നണികളിലായാലും കൂറുമാറ്റ നിരോധന നിയമപ്രകാരം രണ്ടുപേരും അയോഗ്യരാക്കപ്പെടില്ല. അതുകൊണ്ട് തന്നെ പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ സ്ഥാനത്ത് തുടരാന്‍ കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ നിന്നുള്ള എംഎല്‍എ ആയ ശശീന്ദ്രന് കഴിയും.

രണ്ടുകാര്യങ്ങളാണ് ഇടതുമുന്നണിയില്‍ തന്നെ തുടരാന്‍ ഏ കെ ശശീന്ദ്രനെ പ്രേരിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താന്‍ രാജിവെക്കേണ്ടിവന്ന ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ശക്തമായ പിന്തുണയാണ്. പിന്നീട് മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ സാധിച്ചതും മുഖ്യമന്ത്രി നല്‍കിയ പിന്തുണയുടെ ബലത്തിലാണ്. ഇനി എന്‍സിപിയുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം യു ഡി എഫിലേക്ക് ചേക്കേറിയാലും പാര്‍ട്ടിയിലും,വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും താന്‍ തഴയപ്പെടുമെന്ന പീതാംബരന്‍ മാസ്റ്ററില്‍ നിന്നടക്കം ലഭിച്ച സൂചനയാണ് എല്‍ ഡി എഫില്‍ ഉറച്ചുനില്‍ക്കാന്‍ മന്ത്രി ശശീന്ദ്രനെ പ്രേരിപ്പിക്കുന്ന രണ്ടാമത്തെ ഘടകം.

അതേസമയം ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഏറെക്കുറെ തീര്‍ച്ചപ്പെടുത്തിയ ഇടതുമുന്നണിയില്‍ നിന്ന് വിട്ടുപോകുന്നതില്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ശരദ് പവാറിന് വ്യക്തിപരമായി വിയോജിപ്പാണുള്ളത്. എന്നാല്‍ പാലാ സീറ്റ് നിഷേധിച്ചുകൊണ്ട് സിപിഎം നടത്തുന്ന അപമാനഭാരം പേറിക്കൊണ്ടുനില്‍ക്കാനാവില്ല എന്ന നിലപാടാണ് എന്‍ പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും അഖിലേന്ത്യാ അദ്ധ്യക്ഷനെ അറിയിച്ചിരിക്കുന്നത്. പവാര്‍ അതിനു മുന്നില്‍ വഴങ്ങുമെന്നാണ് കരുതുന്നത്.

ജയസാധ്യതയുള്ള നാല് സീറ്റുകള്‍ പൊതുവില്‍ ദുര്‍ബ്ബലമായ എന്‍സിപി ക്ക് നല്‍കിയിട്ടും ഇത്തരത്തില്‍ വാശിപിടിക്കാനാണ് തീരുമാനമെങ്കില്‍ പൊയ്ക്കോട്ടേ എന്ന നിലപാടാണ് സിപിഐ അടക്കമുള്ള എല്‍ ഡി എഫ് ഘടക കക്ഷികള്‍ കൈക്കൊണ്ടിട്ടുള്ളത്. ജോസ് കെ മാണി മുന്നണിയിലേക്ക് വന്ന സാഹചര്യത്തില്‍ എന്‍ സി പി വിട്ടുപോകുന്നത് ഘടക കക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജനം കൂടുതല്‍ എളുപ്പമാകുമെന്നാണ് എല്‍ഡിഎഫും കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനോട് പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് കണിശമായി അറിയിച്ചത്. 

എന്‍സിപി ഇടതുമുന്നണി വിടുമ്പോള്‍ അവശേഷിക്കുന്ന ശശീന്ദ്രന്‍ വിഭാഗം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എസ്സില്‍ ലയിക്കാനാണ് സാധ്യത എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇതിനു സിപിഎം മുന്‍ കയ്യെടുക്കുമെടുക്കുമെന്നാണ് കരുതുന്നത്. ഏ കെ ശശീന്ദ്രനെ നേരത്തെത്തന്നെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് എസ്സിലേക്ക് സ്വാഗതം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വെച്ച് ഘടക കക്ഷികള്‍ മുന്നണി വിടുന്നത് സംസ്ഥാനത്ത് ഇത് പുതിയ കാര്യമല്ല. വി എസ് മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരുന്ന പി ജെ ജോസഫ്, സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് ഇടതുമുന്നണി വിട്ട് ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് കൂടുമാറിയത്. തുടര്‍ന്നുവന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഒരു വര്‍ഷത്തിന്റെ ഇടവേളയില്‍ പി ജെ ജോസഫ് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജോസ് കെ മാണിയുടെ എല്‍ ഡി എഫിലേക്കുള്ള വരവും തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് നടന്നത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോഴിക്കോട് സീറ്റിനെ ചൊല്ലിയുണ്ടായ അവകാശവാദം സിപിഎം അംഗീകരിക്കാതിരുന്നതിന്റെ പേരില്‍ ഇടതുമുന്നണി വിട്ട വീരന്‍ ജനതാദള്‍ പിന്നീട് തിരിച്ചെത്തുകയായിരുന്നു. ഒരു ടേമില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കെപി മോഹനനിലൂടെ പങ്കാളിത്തം നേടിയതിനു ശേഷമാണ്, ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ജനതാദള്‍ തിരിച്ച് ചേക്കേറിയത്. വീരേന്ദ്ര കുമാറിന് രാജ്യസഭാ സീറ്റ് നല്‍കിക്കൊണ്ടാണ് എല്‍ ഡി എഫ് വീരന്‍ ജനതയെ വരവേറ്റത്. വീരേന്ദ്ര കുമാറിന്റെ മരണശേഷം ഒഴിവുവന്ന രാജ്യസഭാ അംഗത്വം പിന്നീട് മകന്‍ എം വി ശ്രേയാംസ് കുമാറിന് നല്‍കുകയും ചെയ്തു. പൊതുവില്‍ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി മുന്നണിമാറുന്ന പ്രവണത എന്‍ സിപിയിലൂടെ സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്.

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More