ഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിനുമേല്‍ 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90 രൂപയോടടുത്തു. രാജ്യത്തെ ഗ്രാമങ്ങളിലാകട്ടെ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപയില്‍ അധികമാണ് വില.
സംസ്ഥാനത്ത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 89.68 രൂപയാണ്. കൊച്ചിയില്‍ ഇത് 88.01 രൂപയാണ്. ഡീസല്‍ ഒരു ലിറ്ററിന് തിരുവനന്തപുരത്ത് 83.92 രൂപയും കൊച്ചിയില്‍ 82.30 രൂപയുമാണ്. കോഴിക്കോട്ട് ഇത് യഥാക്രമം 88.31രൂപയും 82-61രൂപയുമാണ്.
ഈ മാസം( ഫെബ്രുവരി) പിറന്ന് 11 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആകെ അറു തവണയാണ് ഇന്ധന വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. 2021 പിറന്നതിനു ശേഷം 12 തവണയെങ്കിലും ഇന്ധന വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഇടിഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ മാത്രമാണ് അടിക്കടി വിലവര്‍ധന രേഖപ്പെടുത്തുന്നത്. അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെല്ലാം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലെക്കാള്‍ വില കുറവാണ്. എന്നാല്‍ വില പിടിച്ചു നിര്‍ത്താനുള്ള യാതൊരു നടപടിയും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ 8 മാസത്തിനിടെ 16.25 രൂപയാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് മേല്‍ വര്‍ദ്ധിച്ചത്.