ഭോപാല്‍: ഗസ്റ്റ് ഹൗസില്‍ തങ്ങിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കൊതുക് കുത്തിയതിനെ തുടര്‍ന്ന് പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ചൗഹാന്‍ അന്തിയുറങ്ങാന്‍ എത്തിയ മുറിയില്‍ കൊതുക് എത്തിയതിനെ തുടര്‍ന്നാണ് ഡിവിഷണല്‍ കമ്മീഷണര്‍ രാജേഷ് കുമാര്‍ ജെയ്ന്‍ എഞ്ചിനീയര്‍ക്ക് നോട്ടീസയച്ചത്. ഗസ്റ്റ്ഹൗസിന്റെ പരിപാലനത്തില്‍ ആവശ്യമായ ശ്രദ്ധ പാലിക്കുന്നില്ലെന്ന് കാണിച്ചാണ് നോട്ടീസ്.
ബസ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെ കാണുന്നതിനായി സിദ്ധിയില്‍ എത്തിയ ബിജെപി മുഖ്യമന്ത്രി നേരം വൈകിയതിനെ തുടര്‍ന്നാണ് ഗസ്റ്റ് ഹൗസില്‍ തങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ മുറിയില്‍ കൊതുകിന്റെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. വാട്ടര്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞ് വെള്ളം പാഴാകുന്നതും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഗസ്റ്റ്ഹൗസ് ഉദ്യോഗസ്ഥരെ അദ്ദേഹം ശകാരിച്ചിരുന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് എഞ്ചിനീയറെ സസ്‌പ്പെന്‍ഡ് ചെയ്‌തെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത് ഡിവിഷണല്‍ കമ്മീഷണര്‍ നിഷേധിച്ചു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ടുള്ള കത്ത് നേരത്തെ തന്നെ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.