LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചരിത്രത്തിലെ ശ്രീ നാരായണന്‍ - പ്രൊഫ. എം ജി എസ് നാരായണന്‍

വേദാന്ത സത്യം അതിന്റെ മൌലിക ശോഭയോടെ സ്വീകരിക്കുകയാണ് ശ്രീ നാരായണന്‍ ചെയ്തത്. ഇതിനെ വാസ്തവത്തില്‍ വേദാന്ത ചിന്തയുടെ നവീകരണമായിട്ടല്ല പൂര്‍ത്തീകരണമായിട്ടാണ് കാണേണ്ടത്. ആധുനിക പാശ്ചാത്യ സംസ്കൃതിയുടെ സ്വാധീനം കൊണ്ടാണ് 19-ാം നൂറ്റാണ്ടില്‍ ഭാരതത്തിലെ ബ്രഹ്മസമാജം പോലെ പല പരിഷ്കകരണ പ്രസ്ഥാനങ്ങളും ഉടലെടുത്തത്. എന്നാല്‍ ആംഗല വിദ്യാഭ്യാസമില്ലാതിരുന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രസ്ഥാനം ഭാരതീയമായ വേദാന്തചിന്തയുടെ തനതായ പ്രചോദനത്തില്‍നിന്നാണ് ആരംഭിക്കുന്നത്. കേരളീയരുടെ ആധുനിക വിദ്യാഭ്യാസം അതിന്റെ പ്രചാരണത്തിനും പ്രസക്തിക്കും ആക്കം കൂട്ടുകയാണുണ്ടായത്.

എല്ലാ പൌരാണിക ആത്മീയാചാര്യന്മാരെയും പോലെ ശ്രീനാരായണനും തന്റെ അനുയായികളുടെ വിഗ്രഹാരാധനയടക്കമുള്ള ദൌര്‍ബ്ബല്യങ്ങളെ സഹാനുഭൂതിയോടെ കണ്ടു. വേദാന്ത മാര്‍ഗ്ഗത്തിലൂടെ ആത്മീയ പുരോഗതി നേടിയ ആ സന്യാസിവര്യന്‍ പ്രഥമവും പ്രധാനവുമായി മോക്ഷപാതയെ കുറിച്ചാണ് ചിന്തിച്ചത്. എന്നാല്‍ വ്യക്തിനിഷ്ഠമായ സാധനാ പരീക്ഷണങ്ങളുടെ കൂടെത്തന്നെ തന്റെ ചുറ്റുമുള്ള സമൂഹത്തെ പരിഷ്കരിക്കാനുള്ള പ്രവര്‍ത്തനവും അദ്ദേഹം ആരംഭിച്ചു. ഔപചാരികമായ ആംഗല വിദ്യാഭ്യാസം ഇല്ലാതിരുന്ന ഗുരുവിനെ ആധുനിക സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരുവാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നത് ഭിഷഗ്വരന്‍ കൂടിയായിരുന്ന ഡോക്ടര്‍ പല്‍പ്പുവായിരുന്നു.

ആയിരക്കണക്കിന് ജനങ്ങള്‍ താഴത്തെ പാഴ്ചേറില്‍ അമര്‍ന്നിരിക്കെ..

"താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും 

തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം"

എന്ന ഉള്‍പ്രേരണയാല്‍ അരുവിക്കരയില്‍ ഒരു ശിലാവിഗ്രഹം ശിവലിംഗമായി പ്രതിഷ്ഠിച്ച് അദ്ദേഹം ഒരു മഹാവിപ്ലവത്തിന്‍റെ ആരംഭം കുറിച്ചു. ജാതിയില്‍ ഈഴവനായ തനിക്ക് ക്ഷേത്ര പ്രതിഷ്ഠ നടത്താന്‍ എന്തവകാശം എന്ന ചോദ്യത്തിന് 'താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെ' ആണെന്നായിരുന്നു ഗുരുവിന്റെ മറുപടി. ഏതു നൂതന ആശയം പ്രകടിപ്പിച്ചാലും അതില്‍ അവകാശച്ചോദ്യമുന്നയിക്കുന്ന ഈ കാലഘട്ടത്തില്‍ ഗുരുവിന്റെ ആത്മവിശ്വാസം നിറഞ്ഞ ആ പ്രഖ്യാപനത്തിന്റെ സ്മരണ എത്രയോ മൂല്യവത്താണ്. 

വാസ്തവത്തില്‍ ഈഴവശിവനെയല്ല, മഹായോഗീശ്വരനും നാട്യാചാര്യനുമായ സാക്ഷാല്‍ പരമേശ്വരനെത്തന്നെയാണ് ആ ശിലാഖണ്ഡത്തില്‍ നാരായണ ഗുരു ആവാഹിച്ചെടുത്തത്. ഗുരുവിന്റെ വിഗ്രഹപൂജ പോലും പ്രതീകാത്മകമായിരുന്നു. സാധാരണ ജനങ്ങളിലെ വിഗ്രഹാരാധനയെ ഗുരു എതിര്‍ത്തിരുന്നില്ല. സിദ്ധാന്തങ്ങളെ നേരിട്ട് എത്തിപ്പിടിക്കുവാന്‍ മനുഷ്യമനസ്സിന് എളുപ്പമല്ലെന്നും അതിനാല്‍ പ്രതീകാത്മകമായി ദേവസങ്കല്‍പ്പങ്ങളെ സ്വീകരിക്കണമെന്നുമാണ് ആ വേദാന്തി വിശ്വസിച്ചത്. ആ നിലയ്ക്ക് അദ്ദേഹം ആദ്യകാലത്ത് ശിവലിംഗ പ്രതിഷ്ഠയും പിന്നീട് കണ്ണാടി പ്രതിഷ്ഠകളുമാണ് നടത്തിയത്. ഇതിലൂടെ 'തത്വമസി'(അത് നീ തന്നെയാകുന്നു) എന്ന ബ്രഹ്മജ്ഞാനരഹസ്യമാണ് ഗുരു പ്രചരിപ്പിച്ചത്.

നമുക്ക് ജാതിയില്ല

'നമുക്ക് ജാതിയില്ല' എന്ന പ്രഖ്യാപനവും പിന്നീട് ശ്രീനാരായണ ഗുരു നടത്തുകയുണ്ടായി. എന്നാല്‍ ഗുരുവിനോളം വിശാല ഹൃദയം ഇല്ലാതിരുന്ന അനുയായികള്‍ അദ്ദേഹം സ്ഥാപിച്ച 'ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘ'ത്തെ ഒരു ഈഴവ സംഘടനയായി കാണുകയും, ആ നിലക്ക് അന്യരെ - പ്രത്യേകിച്ച് ഹരിജനങ്ങള്‍ എന്ന മുദ്രയുള്ള അധ:കൃത ജാതിക്കാരെ സ്വീകരിക്കാന്‍ തയാറാകാതെ, ഗുരുവിനെപ്പോലും സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ഇടവരുത്തുകയും ചെയ്തു. മിക്ക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കും സംഭവിക്കുന്ന ഒരു ദുരന്തമാണിത്.

താന്‍ തന്നെ രൂപം കൊടുത്ത ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘത്തില്‍ നിന്നുള്ള ഗുരുവിന്റെ ഈ രാജി, ഈഴവ പരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ നിന്ന് വിശാലമായ ലോകാചാര്യ പദത്തിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്. നടരാജ ഗുരുവിനെയും അദ്ദേഹത്തില്‍ നിന്ന് വേദാന്തതത്വം ഗ്രഹിച്ച നിത്യ ചൈതന്യ യതിയേയും പോലുള്ളവര്‍ ഭാഗ്യവശാല്‍ ആദര്‍ശനാളം കെടാതെ സൂക്ഷിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ തയാറായി. എങ്കിലും വിശാലമായ സമത്വാദര്‍ശവും സങ്കുചിതമായ ജാതി താത്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ശ്രീനാരായണ ഗുരുവിനെ കേവലം ഒരു സമുദായ പരിഷ്കര്‍ത്താവ് മാത്രമായി താഴ്ത്തിക്കെട്ടുവാനുള്ള ബോധപൂര്‍വ്വമായ ശ്രമം കമ്മ്യൂണിസ്റ്റ് ചിന്തകരാണ്‌ തുടങ്ങിവെച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയത, ഭൌതികവാദം പ്രസംഗിക്കുന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നത് വസ്തുതയാണ്. അതേസമയം എല്ലാ ജാതിമതങ്ങളിലുംപെട്ട പൊതുജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും വ്യക്തിമഹത്വവും അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയുമായിരുന്നില്ല. അതുപോലുള്ള നിരവധി കാരണങ്ങളാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാകാവുന്ന ലാഭം കണക്കിലെടുത്ത് വിവിധ കക്ഷികള്‍ നാരായണ ഗുരുവിനെ സ്വന്തമാക്കിവെയ്ക്കാന്‍ ശ്രമിച്ചു.

 ശ്രീനാരായണ ഗുരുവിന്‍റെ പ്രവര്‍ത്തനഫലമായി അവശതയില്‍നിന്ന് ഐശ്വര്യത്തിലേക്കും അനൈക്യത്തില്‍നിന്ന് സംഘടിത ശക്തിയിലേക്കും വളര്‍ന്ന സമുദായത്തിലെ അംഗങ്ങള്‍ ഏതാണ്ട് മുഴുവന്‍തന്നെ അദ്ദേഹത്തിന്‍റെ അനുയായികളായി അറിയപ്പെടാന്‍ ആഗ്രഹിച്ചതില്‍ അത്ഭുതപ്പെടാനില്ലല്ലോ. എന്നാല്‍ അതിനപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതില്‍ പലര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല.

ചിരപുരാതനമായ ഭാരതീയ പാരമ്പര്യമനുസരിച്ച് സന്യാസിമാര്‍ക്ക് സമൂഹത്തില്‍ ഒരു സ്ഥാനമുണ്ടായിരുന്നു. രാജാക്കന്മാര്‍പോലും കുലഗുരുവിനെ ആദരിച്ചിരുത്തി മുഖ്യ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന്‍റെ തീരുമാനം കൈക്കൊള്ളണം എന്നാണ് സങ്കല്‍പ്പം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്ന ഈ സങ്കല്‍പ്പം രാമായണ, മഹാഭാരതാദി പാരായണ ഗ്രന്ഥങ്ങളിലൂടെ കുഗ്രാമങ്ങളില്‍ പോലും എത്തിച്ചേര്‍ന്നു. സാധാരണക്കാരുടെ ഉപബോധമനസ്സില്‍ സ്ഥാനം പിടിച്ച ഈ സങ്കല്‍പ്പമാണ് ബ്രിട്ടീഷ് ഭരണം നല്‍കിയ സ്വാതന്ത്ര്യബോധത്തോടെ സമുദായ പരിഷ്കരണത്തെപ്പറ്റി ചിന്തിക്കുവാന്‍ 19-ാം  നൂറ്റാണ്ടില്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. അത്തരത്തില്‍ പൌരാണികമായ ഒരാചാര്യ സങ്കല്‍പ്പത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത സന്യാസിയായിട്ടാണ് കേരളീയര്‍ ശ്രീനാരായണ ഗുരുവിനെ കണ്ടത്. ഇതദ്ദേഹത്തിന്റെ ജാതിവിരുദ്ധമായ പരിഷ്കരണ ശ്രമങ്ങള്‍ക്ക് ധര്‍മ്മത്തിന്റെ പരിവേഷം നല്‍കി.

ഗാന്ധി-ഗുരു ഒരു താരതമ്യം 

മഹാത്മാഗാന്ധിക്ക് സത്യാന്വേഷണം ലക്ഷ്യവും ദേശീയ സ്വാതന്ത്ര്യസമ്പാദനം അതിന്റെ പരിശ്രമത്തില്‍ ഒരുപോല്പ്പന്നവും ആയിരുന്നതുപോലെ ശ്രീനാരായണന് ആത്മീയ പരിവര്‍ത്തനം ലക്ഷ്യവും സാമുദായിക പരിഷ്കരണം അതിന്റെ മാര്‍ഗ്ഗത്തില്‍ ഒരു ഘടകവും ആയിരുന്നു. ഗാന്ധിജിയെ രാഷ്ട്രപിതാവായി ജനങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം അദ്ദേഹത്തെ സ്വയം കണ്ടത് ഒരു സത്യാന്വേഷകനായിട്ടാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സില്‍ സംഘടനാ സ്ഥാനം വഹിക്കാതെ കോണ്‍ഗ്രസ്സിനെ നയിക്കാനും ഭാരതം സ്വന്ത്രമായ വേളയില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ഗ്രാമങ്ങളില്‍ സ്നേഹസമാധാന യാത്ര തുടരാനും അദ്ദേഹത്തിനു കഴിഞ്ഞത്, സമാനമായ രീതിയില്‍ ഒരു ഘട്ടത്തില്‍ താന്‍തന്നെ രൂപം കൊടുത്ത സംഘങ്ങളില്‍നിന്ന് സ്വയം പുറത്തുപോയി ആശ്രമത്തിലെ തപശ്ചര്യയിലേക്ക് മടങ്ങുവാന്‍ ഗുരുവിന് ഒരു പ്രയാസവും തോന്നിയില്ല. ചുരുക്കത്തില്‍ സമുദായ പരിഷകര്‍ത്താവ് എന്ന നിലയില്‍ നാരായണ ഗുരുവിനെ ഉയര്‍ത്തിക്കാട്ടാനാണ് ഭൌതികവാദത്തില്‍ അധിഷ്ഠിതമായ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ സമുദായ പരിഷ്കരണത്തിന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ രണ്ടാം സ്ഥാനമേയുണ്ടായിരുന്നുള്ളൂവെന്ന് ചരിത്ര വസ്തുതകള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകും. ഗുരുവിന്റെ ജീവിതത്തില്‍ പ്രഥമസ്ഥാനം എല്ലായ്പ്പോഴും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയായിരുന്നു. ആത്മീയ പുരോഗതിക്കുള്ള കഠിന ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തന്നെയാണ് സമുദായ പരിഷ്കരപ്രവര്‍ത്തങ്ങള്‍ അദ്ദേഹം നടത്തിയത്. ഈ വീക്ഷണമാണ് വേദാന്തസാധനയെ കേന്ദ്രീകരിച്ചുള്ള ആശ്രമജീവിതം നയിക്കുവാന്‍ ശ്രീനാരായണനെ പ്രേരിപ്പിച്ചത്. അതിനിടയില്‍ സസന്തോഷം ആധുരസേവനത്തിനും സാരോപദേശത്തിനും സമുദായ പ്രവര്‍ത്തങ്ങള്‍ക്കും അദ്ദേഹം തയാറായി. 

ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം നല്‍കിയത്

'ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം നല്‍കിയത്' എന്ന പ്രഖ്യാപനം ചരിത്രപരമായി ഒരു സത്യമായിരുന്നു. ജാതിവ്യവസ്ഥ അത്തരത്തില്‍ ഒരു സന്യാസിയെ അംഗീകരിക്കുക എന്നത് പ്രയാസമായിരുന്നു. ശങ്കരാചാര്യരുടെ വേദാന്തപ്രസ്ഥാനം സൈദ്ധാന്തികമായി നോക്കിയാല്‍ ബൌദ്ധപ്രസ്ഥാനത്തെപ്പോലെതന്നെ ഹൈന്ദ പാരമ്പര്യത്തിന്റെ ഒരു ഉദാത്ത സംഭാവനയാണല്ലോ. വൈരാഗ്യവും സുഖത്യാഗവും സമത്വവും ഈ രണ്ടിന്റെയും മുഖമുദ്രയാണ്. രണ്ടും ഈശ്വര നിരപേക്ഷമായിരുന്നു. ഈ സാമ്യം കൊണ്ടാവണം ശ്രീശങ്കരനെ പ്രച്ഛന്ന ബൌദ്ധന്‍ എന്ന് ചിലര്‍ വിശേഷിപ്പിച്ചത്. ഏതായാലും പ്രയോഗത്തില്‍ എത്രയോ നൂറ്റാണ്ടുകളായി ബൌദ്ധ പാരമ്പര്യത്തെപ്പോലെതന്നെ ശങ്കരസ്ഥാപനങ്ങളും ആചാരജഡിലമായി മാറിക്കഴിഞ്ഞിരിക്കുന്നു.

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ വേദാന്ത സത്യം അതിന്റെ മൌലിക ശോഭയോടെ സ്വീകരിച്ച ശ്രീ നാരായണന്റെ അനുയായികളും ഗുരുദര്‍ശനത്തെ അതിന്റെ സത്തക്ക് നേര്‍വിരുദ്ധമായ തലത്തില്‍ കൊണ്ടുപോയി കെട്ടുകയാണുണ്ടായത്. ചരിത്രത്തില്‍ ശ്രീനാരായണ ഗുരുവിനെ പ്രതിഷ്ഠിക്കേണ്ടത് ആര്‍ഷ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിലാണ്. ഉപനിഷത്തുകള്‍ വളര്‍ത്തിക്കൊണ്ടുവന്ന യുക്തിചിന്തയുടെ ഉത്കൃഷ്ടഫലം എന്ന നിലയില്‍ ഉയര്‍ന്നുവന്ന വേദാന്തത്തിന്റെ ജാതി കളങ്കം നീക്കി, മനുഷ്യര്‍ക്കിടയില്‍ സമത്വബോധം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ അതിനെ ഒരു ശക്തമായ ഉപകരണമാക്കുകയാണ് ശ്രീനാരായണന്‍ ചെയ്തത്.

അന്യജാതികളോട്, അന്യമതങ്ങളോട് മത്സരമോ പകയോ കൂടാതെ വിദ്യഭ്യാസത്തിലൂടെയും വ്യവസായ വികസനത്തിലൂടെയും ഐശ്വര്യത്തിലെത്തുവാനാണ് ഗുരു അനുയായികളോട് ആഹ്വാനം ചെയ്തത്. ഈഴവര്‍ മാത്രമല്ല ബ്രാഹ്മണന്മാരും നായന്മാരും പുലയരും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരില്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ സമത്വ വേദാന്തപാഠം, താന്‍ സ്ഥാപിച്ച സംഘം കൈവിടുന്നത് തന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിനു കാണേണ്ടിവന്നു. സ്വസമുദായം എന്ന ഇത്തിരിവട്ടത്തില്‍ ഒതുങ്ങാന്‍ ആ വേദാന്തിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ യാഥാസ്ഥികമായ ചട്ടക്കൂടുണ്ടാക്കിയവരോട് വിയോജിച്ചുകൊണ്ട് സംഘവുമായുള്ള ബന്ധം വേര്‍പ്പെടുത്തുവാനാണ് അദ്ദേഹം ശ്രമിച്ചത്.

ശ്രീബുദ്ധനെപ്പോലെ ശ്രീശങ്കരനെപ്പോലെ ഭാരതീയ സംസ്കാരത്തിന്റെ ഉന്നതമായ സമത്വഭാവന ഉയര്‍ത്തിപ്പിടിക്കുവാന്‍ ശ്രീനാരായണന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ സംഘക്കാര്‍ സങ്കുചിത സ്വാര്‍ത്ഥ വീക്ഷണത്തോടെ പില്‍ക്കാലത്ത് ആ പ്രസ്ഥാനത്തെ വഴിതിരിച്ചുകൊണ്ടുപൂയി എന്നത് ഒരു യാഥാര്‍ഥ്യമാണ്. ശ്രീബുദ്ധനെപ്പോലെ, ശ്രീശങ്കരനെപ്പോലെ ഗുരു തുടങ്ങിയ പ്രസ്ഥാനവും ആദ്യ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നുപോയത് ചരിത്രത്തിന്റെ മറ്റൊരു ചതിമാത്രം. അതുകൊണ്ട് അദ്ദേഹത്തിന്‍റെ മഹത്വമോ ദര്‍ശനമോ ഇല്ലാതാകുന്നില്ല, അതിന്റെ മാറ്റ് കുറയുന്നുമില്ല.

Contact the author

M. G. S. Narayanan

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More