LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാര്‍ക്സിന്‍റെ ചിന്തനരീതിയെ എങ്ങനെ കാണണം? - ടി. വി. മധു

ഇന്ന് കാള്‍ മാര്‍ക്സിന്‍റെ ചരമദിനം (5 May 1818 – 14 March 1883). മാര്‍ക്സിനുശേഷം ചരിത്രം മറ്റൊരു വന്‍കരയായി മാറി എന്ന ലൂയി അള്‍ത്ത്യൂസറുടെ നിരീക്ഷണത്തെ ശരിവെയ്ക്കും വിധം ചിന്തയുടെ മണ്ഡലത്തില്‍ ഏകദേശം ഒന്നര നൂറ്റാണ്ടിനുശേഷവും ഏറ്റവും സജീവമായി നില്‍ക്കുകയാണ് മാര്‍ക്സ്. മാര്‍ക്സിന്‍റെ ചിന്തന രീതിയെ എങ്ങനെ കാണണം എന്ന ഉപതലക്കെട്ടില്‍ 'മാര്‍ക്സ് വായന'യെ കുറിച്ച് ഡോ. ടി.വി.മധു എഴുതിയ ചെറുകുറിപ്പ് വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കുന്നു. 

മാര്‍ക്സിന്‍റെ ചിന്തനരീതിയ എങ്ങനെ കാണണം? - ടി. വി. മധു

ക്രിട്ടീക് എന്ന രീതിശാസ്ത്രപരമായ സങ്കല്‍പ്പനം മാര്‍ക്സിന്റെ കൃതികളില്‍ എങ്ങനെ കടന്നുവരുന്നു എന്നത് മാര്‍ക്സ് വായനകളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായൊരു പ്രശ്നമാണ്. മൂലധനം എന്ന കൃതി അദ്ദേഹം എഴുതിയത് ക്ലാസ്സിക്കല്‍ സമ്പദ് ശാസ്ത്രത്തിന്റെ ക്രിട്ടീക് എന്ന നിലയിലാണല്ലോ. 'ക്രിട്ടീക് ഓഫ് പൊളിറ്റിക്കല്‍ എക്കോണമി'എന്ന് അതിന്റെ തലക്കെട്ടില്‍ത്തന്നെ ചേര്‍ത്തതില്‍ മാര്‍ക്സ് പുലര്‍ത്തിയ സൂക്ഷ്മത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക ശാസ്ത്രത്തിലെ ഒരു പ്രത്യേക പ്രവണതയെയാണ് മാര്‍ക്സ് 'ക്ലാസ്സിക്കല്‍ പൊളിറ്റിക്കല്‍ എക്കോണമി' എന്ന് വിളിച്ചത്. കെയ്ന്‍സിനെപ്പോലുള്ള പില്‍ക്കാല ചിന്തകര്‍ ഇതേ വിശേഷണം ഉപയോഗിച്ചത് മറ്റൊരത്ഥത്തിലാണ്. മൂലധന സമ്പദ് വ്യവസ്ഥയുടെ സ്വയം നിയന്ത്രകമായ നിയാമക സ്വഭാവത്തിലെക്കാണ് കെയ്ന്‍സും മറ്റും ചൂണ്ടിയത്. 

മൂലധന വ്യവസ്ഥയുടെ വഴക്കങ്ങള്‍ പ്രകൃതി നിയമങ്ങള്‍ക്ക് സമാനമായി വര്‍ത്തിക്കുന്നുവെന്ന മുന്‍ ധാരണയിന്‍മേലാണ് ക്ലാസ്സിക്കല്‍ സമ്പദ് ശാസ്ത്ര വിശകലന പദ്ധതി സ്വയം ഒരു ശാസ്ത്രമായി ചമയുന്നത്. ഈ മുന്‍ ധാരണയെയാണ് മാര്‍ക്സ് പിടികൂടിയത്. മുന്‍പ് പറഞ്ഞപോലെ, നല്കപ്പെട്ടവയെ സ്വയം സിദ്ധവും അനിവാര്യവുമായ സത്യങ്ങളെ സ്വീകരിക്കുന്നതിലൂടെ അത് സാമൂഹ്യമായ നിയമങ്ങളെ  പ്രകൃതിനിയമങ്ങളായി തെറ്റിദ്ധരിച്ചു. ഇത് കേവലം ഒരു തെറ്റിദ്ധാരണ മാത്രമല്ല. നിലവിലുള്ളതിനെ സാധ്യമാക്കുന്ന ഉപാധികള്‍ കാഴ്ചയില്‍ പെടാതെ പോകുമ്പോള്‍ അത് സ്വയം സമ്പൂര്‍ണ്ണമായ ഒന്നായി കാണപ്പെടുന്നു. ഫെറ്റിഷ് എന്ന നിലയില്‍ അതിന് തനതായ ഭാവം കൈവരുന്നു.മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കാഴ്ചയില്‍ പെടാതെ പോകുന്നതെന്തോ അതാണ്‌ ഈ പ്രത്യേകതരം കാണലിനെ സാധ്യമാക്കുന്നത്. ഒരു സൈദ്ധാന്തിക വ്യവഹാരത്തിനുള്ളിലെ കാഴ്ച്ചയുടെ വൈകല്യത്തെയല്ല, അതിനെ സാധ്യമാക്കുന്ന ഉപാധികളെ പുറത്തെടുക്കുന്ന രീതിയായി മാര്‍ക്സ് ക്രിട്ടീക് എന്ന രീതിശാസ്ത്രപരമായ സങ്കല്‍പ്പനത്തെ പ്രയോജനപ്പെടുത്തിയെന്ന് പറയാം.

'ഗ്രുന്തിസെ'- മൂലധനത്തിന് മുന്നൊരുക്കമായി മാര്‍ക്സ് നടത്തിയ പഠനങ്ങള്‍ 

മൂലധനം എഴുതുന്നതിന് മുന്നൊരുക്കമായി മാര്‍ക്സ് നടത്തിയ പഠനങ്ങള്‍ 'ഗ്രുന്തിസെ' എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്. ഒരുപക്ഷേ സമകാല മാര്‍ക്സ് വായനകളുടെ സ്വഭാവത്തെ വലിയൊരളവില്‍ സ്വാധീനിച്ച ഒന്നാണ് ഈ കുറിപ്പുകളുടെ പ്രസിദ്ധീകരണം. ലൂയി അള്‍ത്യൂസറുടെയും മറ്റും വായനകളില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ പല ആശയങ്ങളും ഗ്രുന്തിസെയില്‍ ഉണ്ട്. ഗ്രുന്തിസെയിലെ ചിന്തകളിലേക്കുള്ള പ്രവേശിക എന്ന നിലയില്‍ 1887-ല്‍ മാര്‍ക്സ് തയാറാക്കിയ ആമുഖകുറിപ്പിന്റെ കയ്യെഴുത്തുപ്രതിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതും മാര്‍ക്സ് വായനകളില്‍ വഴിത്തിരിവായി മാറി. ഈ കുറിപ്പുകളിലെല്ലാം മാര്‍ക്സിന്റെ മുന്‍പ് സൂചിപ്പിച്ച തരത്തിലുള്ള സവിശേഷമായ ചിന്തന രീതിയുടെ കൂടുതല്‍ തെളിച്ചമുള്ള മുഖങ്ങളുണ്ട്. ക്ലാസ്സിക്കല്‍ സമ്പദ് ശാസ്ത്ര സിദ്ധാന്തങ്ങളെ ('ക്ലാസ്സിക്കല്‍' എന്നത് മാര്‍ക്സ് നല്‍കുന്ന വിശേഷണമാകാം. മാര്‍ക്സിനു മുന്‍പ്‌ ആരും അങ്ങനെയൊരു വിശേഷണം ഉപയോഗിച്ചു കാണുന്നില്ല).

എന്താണ് ക്രിട്ടീക്

ക്രിട്ടീക്കിന് വിധേയമാക്കുക എന്നാല്‍ അവയുടെ കണ്ടെത്തലുകളെ വിമര്‍ശിക്കുക എന്നതല്ല; മറിച്ച്, അവയുടെ രീതി വിദ്യയെത്തന്നെ പ്രശ്നവല്‍ക്കരിക്കുക എന്നതാണ്. രാഷ്ട്രീയ സമ്പദ് ശാസ്ത്ര സിദ്ധാന്തങ്ങളുടെ രീതി വര്‍ത്തമാനത്തെ ഭൂതത്തിലേക്ക് പ്രക്ഷേപിക്കുന്നതിലൂടെയാണ് പ്രവര്‍ത്തനക്ഷമമാകുന്നത് എന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നുണ്ട്. അതായത് ഒരു പ്രത്യേക സാമൂഹ്യ പരിതസ്ഥിതിയില്‍ വിശകലനത്തിനായി ലഭ്യമാകുന്ന വസ്തുതകളെ മുന്‍കൂറായിത്തന്നെ അവിടെയുള്ള യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ കാണുകയാണ് അവ ചെയ്യുന്നത്. ഉള്ളവ എന്ന മട്ടില്‍ വസ്തുതകളെ കാണുമ്പോള്‍ ക്ലാസ്സിക്കല്‍ സമ്പദ് ശാസ്ത്ര സിദ്ധാന്തങ്ങളുടെ രീതി 'തുടക്ക' ത്തിലേ പിഴക്കുകയാണ്. തുടങ്ങുന്ന ബിന്ദു-അത് 'വ്യക്തി' ആയാലും 'മനുഷ്യന്‍' ആയാലും 'കമ്പോളം ' ആയാലും 'ചരക്ക്' ആയാലും-പലമട്ടിലുള്ള ബാലതന്ത്രങ്ങളാല്‍ അകമേ സങ്കീര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു. ഉള്ളവ എന്ന മട്ടില്‍ ലഭ്യമാകുന്നവയെല്ലാം പല ചരിത്ര ബന്ധങ്ങളിലൂടെ ഊറിക്കൂടി ഉറഞ്ഞു ചെര്‍ന്നുണ്ടാകുന്നതാണ്. ഉദാഹരണത്തിന് വ്യക്തി (individuated individual) എന്ന മാര്‍ക്സിന്‍റെ പ്രയോഗം ശ്രദ്ധേയം) ഒരു പ്രത്യേക ചരിത്ര ഘട്ടത്തിനുള്ളിലാണ് രൂപപ്പെടുന്നത്. ചരിതത്തിലെ ഒരു സ്ഥാനമാണത്. അതിനെ അടിസ്ഥാനമായെടുക്കുമ്പോള്‍ തുടക്കത്തിലേ പിഴയ്ക്കുകയാണ്. ഏതാടിസ്ഥാനങ്ങളില്‍ നിന്നാണോ തുടങ്ങുന്നത് അവയുടെ ദാര്‍ഢൃം ഊറിക്കൂടിയ ബന്ധങ്ങള്‍ ഘനീഭവിച്ച് രൂപപ്പെടുന്നതാണെന്ന് തിരിച്ചറിയുന്നതില്‍ നിന്നും അവ രീതിശാസ്ത്രപരമായി വിലക്കപ്പെട്ടിരിക്കുന്നു. 'തത്വചിന്തനത്തിന്റെ ദാരിദ്ര്യം' എന്ന കൃതിയിലും ക്ലാസ്സിക്കല്‍ സമ്പദ് ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് തുടക്കത്തിലേ പിഴയ്ക്കുന്നതിനെപ്പറ്റി മാര്‍ക്സ് പറയുന്നുണ്ട്.

'തുടക്കം' എന്ന പ്രശ്നത്തെത്തന്നെ ആഴത്തില്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കുന്ന ഇടപെടലുകള്‍ ജര്‍മ്മന്‍ ആശയവാദത്തിന്റെ ചരിത്രത്തിലുണ്ട്. സിദ്ധാന്തത്തെ വിപ്ലാവാത്മക പ്രയോഗം എന്ന നിലയില്‍ പുന:സംവിധാനം ചെയ്യാനുള്ള മാര്‍ക്സിന്റെ ശ്രമത്തിന് ഇവ പശ്ചാത്തലമൊരുക്കുന്നുണ്ട്. സത്യത്തെക്കുറിച്ചും ശാസ്ത്രത്തിന്റെ വിജ്ഞാന സിദ്ധാന്തപരമായ മുന്‍ധാരണകളെക്കുറിച്ചുമുള്ള ഡേവിഡ് ഹ്യൂമിന്റെയും മറ്റും നിലപാടുകളും മാര്‍ക്സിന്റെ സിദ്ധാന്ത വിമര്‍ശനത്തിന് പിന്‍ബലം നല്‍കിയിട്ടുണ്ടാകാം. പ്രകൃതി ശാസ്ത്രത്തെ മാതൃകയാക്കുന്ന സിദ്ധാന്തീകരണ രീതി സ്വന്തം മുന്‍ധാരണകളാല്‍ തന്നെ അകമേ സമ്മര്‍ദ്ദത്തില്‍ പെട്ടുപോകുന്നതെങ്ങിനെയെന്ന് മാര്‍ക്സ് തിരിച്ചറിഞ്ഞത് മേല്‍പറഞ്ഞ നിലപാടുകളെപ്പറ്റിയുള്ള തത്വചിന്താപരമായ മനനത്തില്‍ നിന്നാകാം. അറിവിനെ സാധ്യമാക്കുന്ന ഉപാധികളെ കണ്ടെടുക്കുന്ന സവിശേഷമായ രീതിയായി ക്രിട്ടീക് എന്ന ആശയത്തെ രൂപപ്പെടുത്തിയെടുത്തുകൊണ്ടുള്ള കാന്റിന്റെ ഇടപെടല്‍, കാന്റിയന്‍ സംവര്‍ഗ്ഗങ്ങളെ വിമര്‍ശനാത്മകമായി പുന:പരിശോധിക്കുന്നതിലൂടെ അടിസ്ഥാന പ്രമാണങ്ങളായി നിര്‍ണ്ണയിക്കപ്പെടുന്നവയെ വീണ്ടും മുറിച്ചുകടക്കുന്ന ഹെഗലിന്റെ രീതി, തുടക്കത്തിനു പിന്നിലെ തുടക്കം തേടി സിദ്ധാന്തീകരണത്തിന്റെ പതിവുകളെ ആകെ ഉലയ്ക്കുന്ന ഷില്ലിങ്ങിന്റെ ഇടപെടല്‍, ഇവയെല്ലാം മൂലധന വിമര്‍ശനത്തിന്റെ വഴി രൂപപ്പെടുത്തുന്നതിനുള്ള തത്വചിന്താപരമായ മുന്നൊരുക്കങ്ങളില്‍ മാര്‍ക്സിന് പ്രചോദനമായിട്ടുണ്ട്.

വരികള്‍ക്കിടയിലെ അര്‍ത്ഥത്തിന്റെ അന്തര്‍ഗതങ്ങള്‍ക്ക് കാതോര്‍ക്കലല്ല ഇവിടെ വായന

മാര്‍ക്സ് വായനയുടെ പ്രസക്തമായ വഴികളിലൊന്ന് ഇപ്പറഞ്ഞ അന്വേഷണങ്ങളിലൂടെ ഉരുത്തിരിയുന്നുണ്ട്. എന്നാല്‍ മാര്‍ക്സിന്റെ കൃതികളില്‍ നിന്ന് ഉദ്ധരിച്ചുചേര്‍ക്കാവുന്ന പ്രസ്താവനകളൊന്നും ഈ വായനക്ക് പിന്‍ബലം നല്‍കിയെന്ന് വരില്ല. തത്വചിന്താപരമോ രീതിശാസ്ത്രപരമോ ആയ വിശദീകരണങ്ങള്‍ മാര്‍ക്സ് പ്രസിദ്ധീകരിച്ച കൃതികളില്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ഒരു ഗൃഹപാഠം എന്ന പോലെ മാര്‍ക്സ് തയാറാക്കിയ (ഗ്രുന്തിസെയിലെയും മറ്റും) കുറിപ്പുകളുടെയും. അവയുടെ അടിസ്ഥാനത്തില്‍, മൂലധനമടക്കമുള്ള കൃതികളുടെയും ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ മേല്‍പറഞ്ഞ വായനക്ക് കൂടുതല്‍ തെളിച്ചമുള്ള വഴി തുറന്നുകിട്ടുന്നുണ്ട്‌. ക്ലാസ്സിക്കല്‍ സമ്പദ് ശാസ്ത്രം കണ്ടെത്തലുകളുടെ പേരിലല്ല, മറിച്ച് അതിന്റെ കാഴ്ചശക്തിയെത്തന്നെ നിര്‍ണ്ണയിക്കുന്ന പോസിറ്റീവിസ്റ്റ് മുന്‍ധാരണകളുടെ പേരിലാണ് അപര്യാപ്തമാകുന്നത്. അതുകൊണ്ടുതന്നെ 'ശാസ്ത്രീയമായ' കണ്ടെത്തലുകളിലെ വൈകല്യങ്ങളെയല്ല, ശാസ്ത്രത്തിന്റെ കാഴ്ചയെത്തന്നെ പ്രശ്നവല്‍ക്കരിക്കുന്ന മൌലികമായ ഇടപെടലായി മാര്‍ക്സ് ക്രിട്ടീക്കിനെ പ്രയോജനപ്പെടുത്തി. മാര്‍ക്സ് എഴുതിയ വരികള്‍ക്കിടയിലെ അര്‍ത്ഥത്തിന്റെ അന്തര്‍ഗതങ്ങള്‍ക്ക് കാതോര്‍ക്കലല്ല ഇവിടെ വായന. മറിച്ച് പരസ്പരം ചേര്‍ന്നും മുറിഞ്ഞുമൊക്കെ പലമട്ടില്‍ പ്രകാശിതമായ ചിന്തകളുടെ രീതിശാസ്ത്രപരമായ അവലംബങ്ങളെ പുന:സംഘടിപ്പിക്കാന്‍ കൂടിയാണ് അത്.  

Contact the author

Dr. T V Madhu

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More