ഗ്രാമി പുരസ്ക്കാര വേദിയില്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രമുഖ യൂട്ട്യൂബര്‍ ലില്ലി സിംഗ്. ഞാന്‍ കര്‍ഷകര്‍ക്കൊപ്പം എന്നെഴുതിയ മാസ്ക് ധരിച്ചു കൊണ്ടാണ് പുരസ്ക്കാര വേദിയില്‍ ലില്ലി എത്തിയത്.
റെഡ് കാര്‍പ്പറ്റിലെ ദൃശ്യങ്ങള്‍ക്ക് വലിയ മധ്യമ ശ്രദ്ധ ലഭിക്കുമെന്ന് അറിയാം, അതുകൊണ്ടാണ് താന്‍ ഇത് ചെയ്യുന്നതെന്ന് , ചിത്രം പങ്കുവച്ച് കൊണ്ട് ലില്ലി വ്യക്തമാക്കി. ബോളിവുഡ് നടി സ്വര ഭാസ്ക്കറും ലില്ലിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുന്‍പും സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയേകി ലില്ലി രംഗത്ത് രംഗത്ത് എത്തിയിരുന്നു.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്കിയ പോപ് ഗായിക റിയാനക്ക് ലില്ലി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഒരുപാട് നന്ദിയുണ്ട് , ഇത് മനുഷ്യത്വപരമായ പ്രശ്നമാണ്. താന്‍ കര്ഷകര്ക്കൊപ്പമെന്നാണ് ലില്ലി ട്വിറ്ററില്‍ കുറിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് നിരവധി പ്രമുഖരും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം നാലുമാസം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 26ന് ഭാരത് ബന്ദ് നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നിശ്ചയിച്ചിരിക്കുകയാണ് . ട്രേഡ് യൂണിയനുകളുടെയും മറ്റ് ബഹുജന സംഘടനകളുടെയും സംയുക്തമായാണ് ഭാരത് ബന്ദ് നടത്തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നാണ് ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധം ആരംഭിച്ചത്.