കോവിഡ് ഭീതിയിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചും ഏറ്റവും വലിയ ഒറ്റദിന നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്സിൽ ആദ്യമിനിറ്റില്‍ തന്നെ 3000 പോയിന്റ് കുറഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടമായി പിന്‍വാങ്ങി. ഓഹരി വിപണി ഇതിനു മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തകര്‍ച്ചയാണ് നേരിടുന്നത്. കനത്ത ഇടിവിനെതുടര്‍ന്ന് 45 മിനിറ്റ് നേരം വ്യാപാരം നിര്‍ത്തിവെക്കേണ്ടിവന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായി. ഒരു ഡോളറിന് വില 74 രൂപയ്ക്ക് താഴെയാണ് വ്യാപാരം നടക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ഗെയില്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്. അമേരിക്കൻ വിപണികളിലും നഷ്ടം തുടരുകയാണ്.