കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ആപ്പിള്‍. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ ഞങ്ങളുടെ ചിന്തകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമാണ്. കൊവിഡിനെതിരെ പോരാടുന്ന എല്ലാവര്ക്കും ആപ്പിളിന്റ പിന്തുണയുണ്ടാവും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കും- ആപ്പിള്‍ സിഇഒ ടിം കുക്ക് ട്വീറ്റ് ചെയ്തു. എന്നാല്‍ എങ്ങനെയാണ് ആപ്പിള്‍ സഹായം ഉറപ്പുവരുത്തുക, എന്‍ജിഒ കളിലൂടെയാണോ, സര്ക്കാരിലൂടെയാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
കൊവിഡിനെ പ്രതിരോധിക്കാനായി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യ നേരിടുന്ന പ്രതിസന്ധി തന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു എന്ന് ട്വീറ്റ് ചെയ്ത ഗൂഗ്ള്‍ സി ഇ ഒ സുന്ദര്‍ പിച്ചെ, കമ്പനിയും ജീവനക്കാരും ഒത്തുചേര്‍ന്ന് 135 കോടി രൂപ കൊവിഡിനെതിരെ പോരാടാന്‍ ഇന്ത്യക്ക് നല്‍കുമെന്ന് അറിയിച്ചു. ക്രിട്ടിക്കല്‍ ഒക്സിലിന് ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി ഇന്ത്യക്ക് സഹായം നല്‍കും എന്നറിയിച്ച മൈക്രോസോഫ്റ്റ് സി ഇ ഒ സത്യാ നാദെല്ല, രാജ്യത്തെ കൊവിഡ് കാഴ്ചകള്‍ ഹൃദയഭേദകമാണ് എന്ന് കുറിച്ചു. മൈക്രോസോഫ്റ്റ് കമ്പനിയുടെ സാങ്കേതികവിദ്യ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കും. മറ്റ് വിഭവങ്ങളും രാജ്യത്തിനായി നല്‍കും-സത്യാ നാദെല്ല ഉറപ്പു നല്കി.
ടെക് കമ്പനികള്‍ മാത്രമല്ല, യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, പാക്കിസ്ഥാന് തുടങ്ങി നിരവധി രാജ്യങ്ങളും ഇന്ത്യയെ സഹായിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്.