മധ്യപ്രദേശിലെ ഭോപ്പാലിൽ പെട്രോളിന്റെ വില 100 രൂപ കടന്നു. ഭോപാൽ നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.08 രൂപയായി. ഡീസലിന്റെ വില ലിറ്ററിന് 90.05 രൂപയാണ്. ഡൽഹിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 92.05 രൂപയും ലിറ്ററിന് 82.61 രൂപയുമാണ്.
ഡൽഹിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 25 പൈസ വർധിപ്പിച്ചു. മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 98.36 രൂപയും ലിറ്ററിന് 89.75 രൂപയുമാണ്. സംസ്ഥാനത്ത് ഇന്ന് പെട്രോൾ വില ലിറ്ററിന് 25 പൈസയാണ് വർധിച്ചത്. ഡീസലിന് 26 പൈസയും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നിരിക്കുകയാണ്. ലിറ്ററിന് 94.10 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.78 രൂപ.
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ ഇന്ധന വില കൂട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പെട്രോൾ ഡീസൽ വില അടിക്കടി ഉയരുകയാണ്. മെയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കി നിശ്ചയിക്കുന്നത്. രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതു കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് വിലയിരുത്തൽ. മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ തുടരുന്നതിനാൽ രാജ്യത്ത് ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.