ദിസ്പുര്‍: ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രത്യേക വാക്സിനേഷന് ഡ്രൈവുമായി അസം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ മുപ്പത് പേര് ആദ്യ ഘട്ടത്തില്‍ വാക്സിനേഷന് സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭിന്നലിംഗക്കാര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ഷെല്‍ട്ടര്‍ ഹോമിലാണ് വാക്സിനേഷന് ഡ്രൈവ് നടന്നത്.
'മിക്ക ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെയും പ്രധാന വരുമാന മാര്‍ഗ്ഗം ഭിക്ഷാടനമാണ്. മറ്റുളളവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ രോഗം ബാധിക്കാനുളള സാധ്യത വളരെ കൂടുതലാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ ഞങ്ങള്‍ക്ക് വാക്സിനേഷന് ലഭിക്കുമോ എന്ന് സംശയമായിരുന്നു. തുടര്‍ന്ന് അസം ആരോഗ്യവകുപ്പിനോട് വാക്സിനേഷനുവേണ്ടി അഭ്യര്‍ത്ഥിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അവര്‍ ഞങ്ങള്‍ക്ക് വാക്സിനേഷന് ലഭ്യമാക്കാനുളള പദ്ധതികള്‍ വളരെ പെട്ടന്ന് ആരംഭിക്കുകയും ചെയ്തു' -അസം ഗവണ്മെന്റ് ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്വാതി ബിധാന്‍ ബറുവ പറഞ്ഞു.
നിലവില്‍ ഗുവാഹത്തിയില്‍ മാത്രമാണ് ഭിന്നലിംഗക്കാര്‍ക്കുളള വാക്സിനേഷനുളളത് കൂടുതല്‍ വാക്സിന് ലഭ്യമാവുമ്പോള്‍ വാക്സിനേഷന് വ്യാപിപ്പിക്കുമെന്ന് സ്വാതി ബിധാന്‍ ബറുവ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇരുപതിനായിരം ട്രാന്സ്ജെന്ജഡര് വ്യക്തികളാണ് അസമിലുളളത്. അതേസമയം, അസമില്‍ 3,24,979 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. 2,213 പേര്‍ക്ക് ജീവന് നഷ്ടമായി.