LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാശ്മീരിൽ നിന്ന് ലക്ഷദ്വീപിലേക്കും കേരളത്തിലേക്കും ഒരേ ദൂരമാണ് - ഷാജു വി വി

'ആദ്യം കാശ്മീർ, ഇപ്പോഴിതാ ലക്ഷദ്വീപ്' എന്ന രീതിയിൽ രാഷ്ട്രീയ ചിന്തകർ, ഫാസിസ്റ്റ് അധിനിവേശത്തിൽ ചരിത്രമായിത്തീർന്ന മഹാവ്യസനത്തെ സ്വാഭാവിക ദുരന്ത വിധിയായെണ്ണി ഉദാസീനമായി താളുകൾ മറിക്കുന്നതിൽ വിദൂര സുരക്ഷിത നിരീക്ഷണത്തിൻ്റെ സംവേദനക്ഷമതയില്ലായ്മയുണ്ട്.  കാശ്മീരിൽ ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ഭരണകൂട വംശീയാടിച്ചമർത്തൽ തുടരുന്നു എന്നതുപോലെത്തന്നെ ലജ്ജാകരമാണ്, കാശ്മീരിനുവേണ്ടി സംസാരിച്ചിരുന്ന ജനാധിപത്യ രാഷ്ട്രീയ സ്വരങ്ങൾ പതുക്കെപ്പതുക്കെ നിശ്ശബ്ദമായി എന്നത്. രാഷ്ട്രീയ വിമർശനത്തിൻ്റെ ശബ്ദമണഞ്ഞു എന്നതിനെക്കാൾ നാം ആ ദേശത്തെ വിസ്മരിച്ചുപോയി എന്നതാണു ഭയാനകം. നമ്മളാ യാഥാർത്ഥ്യത്തോടു പൊരുത്തപ്പെട്ടു.

കാശ്മീരിൽനിന്നു വാർത്തകളൊന്നുമില്ലെന്നത് നമ്മെ ആധിപിടിപ്പിക്കാതെയായി. മരിച്ച താഴ്വരയിൽനിന്ന് അനക്കമൊന്നുമുണ്ടാവുന്നില്ലെങ്കിൽ അതിശയിക്കാനെന്തിരിക്കുന്നു എന്ന മട്ടിൽ ശിഷ്ട ഭാരതം ഒരു ദേശത്തെയാകെ സ്റ്റേറ്റ് തടങ്കലിൽ വെച്ചതിനെ ആളലില്ലാതെ ഉൾക്കൊണ്ടു തുടങ്ങി. കാശ്മീരിനെ നാം കൈവിട്ടു. നമ്മളറിയാതെ തന്നെ നമ്മുടെ രാഷ്ട്രീയ, നൈതിക, ധാർമ്മിക ജാഗ്രതയുടെ ഭൂപടത്തിൽ നിന്ന് കാശ്മീർ അപ്രത്യക്ഷമായി. പുറംലോകവുമായുള്ള കാശ്മീരികളുടെ വിനിമയം അസാധ്യമായെന്നു മാത്രമല്ല, കാശ്മീരികളുമായി രാജ്യത്തിൻ്റെ പല ഭാഗങ്ങളിലുള്ള പൗരസമൂഹങ്ങളുടെ ജനാധിപത്യ സങ്കൽപ്പനങ്ങളിലടിയുറച്ച ആത്മീയ വിനിമയംപോലും ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. താൽക്കാലികമായ പ്രതിഷേധങ്ങൾക്കുശേഷം ഇന്ത്യൻ ജനാധിപത്യ പൗരസമൂഹം കാശ്മീരിനെ അതിൻ്റെ വിധിക്കു വിട്ടുകൊടുത്തിരിക്കുന്നു.

ഓർമ്മകൾ അലോസരപ്പെടുത്തുമ്പോഴുള്ള ബോധപൂർവ്വമല്ലാത്ത തിരഞ്ഞെടുപ്പുകൂടിയാണ് മറവി. അനിഷ്ട യാഥാർത്ഥ്യങ്ങളിൽ തങ്ങിനിൽക്കുന്നതിൻ്റെ ഭാരത്തിന് വലിയ ഭാരമാണ്. ദുരന്തങ്ങളാണെങ്കിൽപ്പോലും പുതിയതാവണം. ഫാസിസ്റ്റു രാഷ്ട്രീയത്തോടുള്ള മന:ശാസ്ത്ര മാനങ്ങളുള്ള സന്ധി അതിലുണ്ട്. പൗരസമൂഹത്തിൻ്റെ  ജനാധിപത്യപരമായ ശബ്ദമുയർത്തലിൻ്റെ  പശ്ചാത്തലശോഭയോടെ ഫാസിസ്റ്റു ഭരണകൂടം അതിൻ്റെ ഇച്ഛകൾ അഭംഗുരം നടപ്പാക്കുന്നു. ഭരണകൂടത്തിൻ്റെ ശരീരത്തിലണിയിക്കുന്ന ജനാധിപത്യ ഉടയാടകൾ പോലെ നമ്മുടെ ചെറുത്തു നിൽപ്പുകൾ. നമ്മുടെ ശീഘ്ര പര്യവസായികളായ വിമർശ ശബ്ദങ്ങൾ രാജ്യത്ത് ജനാധിപത്യ സംവാദത്തിൻ്റെ രാഷ്ട്രീയാന്തരീക്ഷമുണ്ട് എന്ന വ്യാജ പ്രതീതി സമ്മാനിക്കുന്നു. നമ്മുടെ ഹ്രസ്വകാല വൈകാരിക സമരങ്ങൾ സ്റ്റേറ്റിന് അതിൻ്റെ അന്തർദ്ദേശീയ പ്രതിച്ഛായ വർദ്ധിപ്പിക്കാനുതകുന്ന ജനാധിപത്യ മുഖംമൂടികൾ മാത്രമായി പരിണമിക്കുന്നുണ്ടോ? ഹാഷ് ടാഗുകളും കൂടെ നിൽക്കലുകളും ചേർത്തു പിടിക്കലുകളും 'ആത്മസായൂജ്യത്തിൻ്റെ രാഷ്ട്രീയം' മാത്രമായിപ്പോകുന്നുണ്ടോ പലപ്പോഴും? സേവ് ലക്ഷദ്വീപ് എന്ന സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് രാഷ്ട്രീയ ശാന്തരായി ലക്ഷദ്വീപിനെ കൊലയ്ക്ക് കൊടുക്കാൻ അനുവദിക്കുകയാണോ നമ്മൾ?

ഉളളിലെ രാഷ്ട്രീയ എതിർപ്പുകളെ പ്രകാശിപ്പിക്കുന്നു. അതോടെ ചാരിതാർത്ഥ്യമുണ്ടാകുന്നു. പൗരധർമം നിർവ്വഹിച്ചതിൻ്റെ ആത്മനിർവൃതി ലഭിക്കുന്നു. മനസ്സ് സ്വസ്ഥമാകുന്നു. ഒരുതരം വികാര വിരേചന സൗഖ്യം സമ്മാനിക്കുന്ന മന:ശാസ്ത്ര ആതുരാലയങ്ങളാണോ സൈബർ സ്പേസ്? സൈബർ ഇടങ്ങളിലെ പൊതുലക്ഷ്യ രാഷ്ട്രീയ കൂടിച്ചേരലുകൾ ഭരണകൂടങ്ങളെ വിഹ്വലമാക്കിയിരുന്ന ഭൂതകാല സന്ദർഭങ്ങൾ കടംകഥയാവുകയാണോ?

അതിശയോക്തിയിലൂടെ അശുഭ രാഷ്ട്രീയദർശനത്തിൻ്റെ വ്യാജാന്തരീക്ഷം ഉണ്ടാക്കുകയാണോ ഞാൻ? ഫാസിസ്റ്റു ഭരണകൂടത്തിൻ്റെ ഹിംസയുടെ ദൃശ്യങ്ങൾ നിരന്തരം പ്രചരിപ്പിച്ച് നമ്മുടെ സംവേദനക്ഷമതയ്ക്ക് സാരമായ കേടുവന്നിട്ടുണ്ട്. പശുക്കളെ വിൽക്കാൻ കൊണ്ടു പോയെന്നതിൻ്റെ പേരിൽ കെട്ടിയിട്ടു മർദ്ദിക്കപ്പെടുന്ന മുസ്ലീം കൗമാരക്കാരൻ പണ്ടത്തെപ്പോലെ ഞെട്ടലുണ്ടാക്കുന്നില്ല. യഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളാണെന്ന് അസന്ദിഗ്ദമായി ബോധ്യപ്പെടുമ്പോൾ വേദനകൾക്ക് ശമനമുണ്ടാകുന്നു. നാഷണൽ ജ്യോഗ്രാഫിക് ചാനലിലെ പുലിയോളമില്ല യഥാർത്ഥ പുലി എന്നു കുട്ടികൾക്ക് തോന്നുംപോലെ സംവേദന ദരിദ്രരായിക്കൊണ്ടിരിക്കുകയാണോ നാം? സേവ് ലക്ഷദ്വീപ് എന്ന് ഞാൻ സ്റ്റാറ്റസിട്ടു കാണുമ്പോൾ അമിത് ഷാ പുഞ്ചിരിക്കുന്നുണ്ടാവുമോ? ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ നാം മറന്നു തുടങ്ങിയില്ലേ? മഅ്ദനിയെങ്ങാൻ ഓർമ്മയിൽ വന്നാൽ 'ഈ അപശകുന വൃദ്ധ രോഗി' എന്ന ഈർഷ്യ തോന്നിത്തുടങ്ങിയോ? നാം എഫ് ബി യിൽ സ്റ്റാറ്റസുകളിട്ട് രോഷംകൊണ്ട, യു എ പി എ ചുമത്തി ജയിലിലടക്കപ്പെട്ട മനുഷ്യർ ഏതോ രാഷ്ട്രീയ അന്യാപദേശ നോവലിലെ കൽപ്പനാ കഥാപാത്രങ്ങളായി മാറിക്കഴിഞ്ഞില്ലേ? സഖാവ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 'അവർ ചായ കുടിക്കാൻ പോയതല്ല' എന്ന പരിഹാസ വാക്യം നമ്മുടെ ചെവിയിൽ അൽപമെങ്കിലും മുഴങ്ങിയോ? താഹ ഒരു അസംബന്ധ കെട്ടുകഥയായി പരിണമിച്ചില്ലേ?

'സേവ് ലക്ഷദ്വീപ് ' മുദ്രാവാക്യം അൽപ്പായുസ്സുള്ള ശിശുവാകാതിരിക്കട്ടെ. ചുറ്റും കടലിൻ്റെ അതിർത്തിയുള്ള, ഭൂമിശാസ്ത്രപരമായിത്തന്നെ തടവറയുടെ ആഭ്യന്തര വിഭവങ്ങളുള്ള ഒരു ജനതയാണ് അവരുടെ അടുത്ത പരീക്ഷണശാല. അവർ കൗശലത്തോടെ  നമുക്കായി അടുത്ത രാഷ്ട്രീയ പദപ്രശ്നം വിളമ്പിത്തരുമ്പോൾ സമീപഭൂതകാല വിഷയങ്ങളെല്ലാം കൈവിട്ട് ആ ഇറച്ചിത്തുണ്ടിൽ തൽക്കാലത്തേക്ക് വിഹരിക്കുന്ന പട്ടികളായി നാം മാറാതിരിക്കേണ്ടതുണ്ട്. ഓർമ്മയുടെ രാഷ്ട്രീയം നിരന്തരം പ്രവർത്തനക്ഷമമാകുന്ന ഫാക്ടറികളാകട്ടെ നമ്മുടെ മസ്തിഷ്കങ്ങൾ. കാശ്മീരിൽ നിന്ന്  ലക്ഷദ്വീപിലേക്കൊരു ലിങ്കുണ്ട്. ഇസ്ലാമാണത്.

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അക്രമോൽസുക രാഷ്ട്രീയ ഭാവനകൾക്ക് കേരളം പ്രിയങ്കരമായ ഒരു കാൻവാസാണ്. എന്തൊക്കെ ദൗർബല്യങ്ങളുണ്ടെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ അകത്തെടുക്കാത്ത സെക്കുലർ രാഷ്ട്രീയമാണതിൻ്റെ അടിസ്ഥാനം. കാശ്മീരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ദൂരമേ കേരളത്തിലേക്കുമുള്ളൂ. അകലെയുള്ള ട്രാജഡികളോടുള്ള നിരീക്ഷണ ഡ്രോണുകളിൽനിന്നുള്ള ആകാശക്കാഴ്ച പോരാതെവരും ഈ കാലഘട്ടത്തെ നേരിടാൻ. 

Contact the author

Shaju V. V

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More