ഭാര്യ പ്രിയങ്ക ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ കേസിൽ നടൻ ഉണ്ണി രാജിനെ റിമാന്റ് ചെയ്തു. നെടുമങ്ങാട് കോടതി 14ദിവസത്തേക്കാണ് ഉണ്ണിയെ റിമാന്റ് ചെയ്തത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ മാനസികമായും ശാരീരികമായും പീഡീപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. മരിക്കുന്നതിന് തലേദിവസം ശാന്തമ്മയും പ്രിയങ്കയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് താൻ പ്രിയങ്കയെ മർദ്ദിച്ചു. അടുത്തു ദിവസം പ്രിയങ്ക സ്വന്തം വീട്ടിലേക്ക് പോയി. ഇതിന്റെ പേരിൽ ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് താൻ കരുതിയില്ലെന്നും ഉണ്ണി പൊലീസിനോട് പറഞ്ഞു.
നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡിവൈഎസ്പി അങ്കമാലി കുറുകുറ്റിയിലെ വീട്ടിൽ നിന്നാണ് ഉണ്ണിയെ കസ്റ്റഡിയിൽ എടുത്തത്. കൊവിഡ് ചികിത്സയിലായിരുന്ന ഇയാളെ രോഗമുക്തനായതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ഭർത്താവായ ഉണ്ണിയും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് കാണിച്ച് മരിക്കുന്നതിന് തലേദിവസം നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരം വെമ്പായം സ്വദേശിയായ പ്രിയങ്കയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉണ്ണിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഭർതൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക വെമ്പായത്തെ വീട്ടിലെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രിയങ്കയുടെ കുടുംബവും ആരോപിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നുള്ള പീഡനമാണ് മരണകാരണമെന്നാണ് പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണം. മരണത്തിന് ശേഷം പ്രിയങ്കയുടെ അനിയനും പൊലീസിൽ പരാതി നല്‍കിയിരുന്നു. ഉണ്ണി പ്രിയങ്കയെ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദിക്കുന്ന വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.
2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മിൽ വിവാഹിതരാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലൂടെയാണ് ഉണ്ണി ചലച്ചിത്ര ലോകത്തിലെത്തുന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട്.