ഡല്‍ഹി: ഹൈഡ്രജന്‍ ബലൂണില്‍ കെട്ടി വളര്‍ത്തുനായയെ പറപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുളള യൂട്യൂബറായ ഗൗരവ് ജോണ്‍ ആണ് അറസ്റ്റിലായത്. ഗൗരവിനെതിരെ പീപ്പിള്‍ ഫോര്‍ അനിമല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം ഗൗരവിനും അമ്മയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ഗൗരവിന്റെ യൂട്യൂബ് ചാനലിനുവേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത്. ഡല്‍ഹിയിലെ പാര്‍ക്കില്‍ വച്ച് ഹൈഡ്രജന്‍ ബലൂണുകള്‍ ചേര്‍ത്ത് നായയുടെ ദേഹത്ത് കെട്ടി പറപ്പിക്കുകയായിരുന്നു. നായ വായുവില്‍ ഉയര്ന്നുപൊങ്ങുമ്പോള് ഗൗരവും അമ്മയും ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം.
ഗൗരവിന്റെ വീഡിയോ വൈറലായതോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയും സംഭവം വിവാദമാവുകയുമായിരുന്നു. തുടര്‍ന്ന് നായയെ പറപ്പിക്കുന്ന വീഡിയോ ഗൗരവ് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുകയും സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. വേണ്ടത്ര സുരക്ഷാനടപടികള്‍ സ്വീകരിച്ച ശേഷമാണ് വീഡിയോ ചിത്രീകരിച്ചതെന്നും വീഡിയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നതായും ഗൗരവ് പറഞ്ഞു.