LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെ​ഗാസസ്: കേന്ദ്രസര്‍ക്കാരിന്റെ വാട്ടര്‍ ലൂ ആകുമൊ? - എസ്. വി. മെഹ്ജൂബ്

ഡല്‍ഹി: പെ​ഗാസസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തലിൽ പ്രതിസന്ധി രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും പലവഴിക്ക് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സജീവമായി രംഗത്തെത്തിയതോടെ പ്രധാനമന്ത്രി മോദിയും കേന്ദ്രസര്‍ക്കാരും പ്രശ്നമെങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ വെട്ടിലായിരിക്കുകയാണ്. വിഷയം ഏതുവിധത്തില്‍ അന്വേഷിച്ചാലും സര്‍ക്കാരിന് ഈ വിഷയത്തിലുള്ള പങ്ക് വെളിച്ചത്തുവരും എന്ന കാര്യമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.

ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തിലുള്ള ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ തള്ളിപ്പറയാനൊ, ഉത്തരവാദിത്തം ഏറ്റെടുക്കാനോ സര്‍ക്കാരിന് കഴിയില്ല. തള്ളിപ്പറഞ്ഞാല്‍ പെഗാസസിന്റെ ഭാഗത്തുനിന്ന് സര്‍ക്കാരിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം രാജ്യത്തിനകത്ത് വിദേശ ചാരസംഘടനക്ക് യഥേഷ്ടം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താനായത് എങ്ങിനെയെന്നതിനെ കുറിച്ചും സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. പകരം അന്വേഷണത്തിന് ഉത്തരവിട്ടാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ സര്‍ക്കാരിനെതിരായിരിക്കും എന്ന കാര്യവും ബിജെപി, ആര്‍എസ്എസ് നേതൃത്വത്തെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച പ്രതിപക്ഷത്തിന്റെ നീക്കത്തോട് നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.  ഇതുസംബന്ധമായി പൊതുപ്രസ്താവന നടത്താനും കേന്ദ്രം തയാറായിട്ടില്ല.

ഈ സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി രംഗത്തുവരികയും കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സംയുക്ത പ്രതിപക്ഷക്കൂട്ടായ്മ കഴിഞ്ഞ ദിവസം പ്രശ്നം സജീവമാക്കിയിരിക്കുന്നത്. വിഷയത്തില്‍ ഇടപെടാനുള്ള രാജ്യത്തെ പാര്‍ലമെന്‍റ് അംഗങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, സിപിഎം സിപിഐ, ഡിഎംകെ, ശിവസേന, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍ എസ് പി, മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ഒറ്റക്കെട്ടായാണ് രംഗത്തുവന്നത്. ഈ നീക്കം ഇപ്പോള്‍ തന്നെ മമതാ ബാനര്‍ജിയുടെയും ശരത് പവാറിന്റെയും നേതൃത്വത്തില്‍  പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള വേറിട്ട നീക്കത്തെ ഐക്യപ്പെടുത്തുമെന്നും ഭരണപക്ഷം ഭയപ്പെടുന്നുണ്ട്. ശക്തമായിക്കൊണ്ടിരിക്കുന്ന ഈ പ്രതിപക്ഷ കൂട്ടായ്മ, ഉത്തര്‍പ്രദേശിലടക്കം അടുത്തുതന്നെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളിയാകും എന്ന ഭയപ്പാടും കേന്ദ്ര സര്‍ക്കാരിനും കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിക്കും ഉണ്ട്. 

ഇതിനിടെ മാധ്യമപ്രവര്‍ത്തകരുടേയും നിയമജ്ഞരുടേയും ബുദ്ധിജീവികളുടേയും സംയുക്തകൂട്ടായ്മ വളര്‍ന്നുവരാനുള്ള പ്രധാനപ്പെട്ട കാരണമായും പെഗാസസ് മാറുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.  പെഗാസസില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ  എൻ. റാം, ശശികുമാർ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ഇസ്രായേലി ചാരസോഫ്റ്റ് വെയർ ഉപയോ​ഗിക്കാൻ ലൈസൻസ് നേടിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ ഫോൺ നേരിട്ടോ അല്ലാതേയോ ചോർത്താൻ സോഫ്റ്റ് വെയർ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കേന്ദ്ര സർക്കാര്‍ വെളിപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺചോർത്തൽ വിവാദം സിറ്റിം​ഗ് ജഡ്ജിയോ അല്ലെങ്കിൽ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ ഫോറൻസിക് പരിശോധനയിൽ ഫോൺചോർത്തൽ സ്ഥിരീകരിച്ചതായും ഇവര്‍ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച്  സിപിഎം എംപി ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്റെ മൗലികാവകാശത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് പെഗാഗസ് ഫോണ്‍ ചോര്‍ത്തലിലൂടെ നടന്നിരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കൾ, രണ്ട് കേന്ദ്രമന്ത്രിമാർ, 40 മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണ‍ുകൾ ഇസ്രയേൽ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ചോർത്തിയെന്ന് പ്രമുഖ ഓൺലൈൻ മാധ്യമമായ 'ദി വയറാ'ണ് വെളിപ്പെടുത്തിയത്. ദി വയർ ഉൾപ്പെടെ ലോകത്തെ പ്രമുഖ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. രാജ്യത്തെ പ്രതിപക്ഷത്തെ പ്രധാന നേതാവായ രാഹുല്‍ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍,  മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേല്‍ തുടങ്ങി 300 ഓളം പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പെഗാസസ് ചോര്‍ത്തിയതായാണ് റിപ്പോർട്ട്. ഇതിനുപുറമേ ഇന്ത്യന്‍ കോര്‍പറേറ്റുകളായ അംബാനിയടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ അടുപ്പക്കാരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഫോണ്‍ ചോര്‍ത്തല്‍ വിവാദം രാജ്യത്തെ വിവിധ സര്‍ക്കാരുകളെ താഴെയിറക്കിയ ചരിത്രം മുന്‍നിര്‍ത്തി വിശകലനം ചെയ്യുമ്പോള്‍, അത്ര പെട്ടെന്ന് മറികടക്കാന്‍ കഴിയുന്ന പ്രതിസന്ധിയിലല്ല കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ചെന്നുപെട്ടിരിക്കുന്നത് എന്നാണ് രാജ്യത്തെ പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഏകപക്ഷീയമായി നടപ്പിലാക്കിയ കാര്‍ഷിക നിയമവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയും കൊവിഡ്‌ കൈകാര്യം ചെയ്തതിലെ അതൃപ്തിയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും മാധ്യമ പ്രവര്‍ത്തകരും അധ്യാപകരുമുള്‍പ്പെടെയുള്ളവരുടെ അന്യായമായ തടങ്കലും മനുഷ്യാവകാശ ലംഘനവും ഉള്‍പ്പെടെ ജനമനസ്സുകളില്‍ ഇതിനകം രൂപംകൊണ്ട ഭരണവിരുദ്ധ വികാരത്തെ മൂര്‍ഛിപ്പിക്കാനും അതിന്റെ പ്രതിഫലനമെന്നോണം ശക്തമായ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടുവരാനും, ഇതെല്ലാം ചേര്‍ന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാട്ടര്‍ ലൂ ആകാനും പെഗാസസ് കാരണമായാല്‍ അത്ഭുതപ്പെടാനില്ല എന്നാണ് രാഷ്ട്രീയ, സാമൂഹ്യനിരീക്ഷകരുടെ വിലയിരുത്തലുകളില്‍ നിന്ന് പൊതുവില്‍ വായിച്ചെടുക്കാന്‍ കഴിയുക.  
  
Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More