കൊച്ചി: ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയെ പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ സിനിമയാണ് മിന്നല്‍ മുരളിയെന്ന് മന്ത്രി പറഞ്ഞു. മൈ ഡിയര്‍ കുട്ടിച്ചാത്തനുശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാനായി ഒരു മലയാളി സൂപ്പര്‍ഹീറോ സിനിമ. മിന്നലായി ബേസിലും ടൊവീനോയും അത്ഭുതമായി ഗുരു സോമസുന്ദരം എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
വെളളിയാഴ്ച്ച നെറ്റ്ഫ്ളിക്സിലൂടെയാണ് മിന്നല്‍ മുരളി പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് ബേസില്‍ ജോസഫും ടൊവീനോയും രംഗത്തെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'താങ്ക്യു സോ മച്ച് എവരിവണ്‍. തുടക്കം മുതല്‍ ദേ ഇപ്പോ വരെ ഞങ്ങളുടെ കൂടെ നിന്നതിന്. ഞങ്ങളുടെ മിന്നല്‍ മുരളിയെ നമ്മുടെ മിന്നല്‍ മുരളിയാക്കിയതിന്. ഒരുപാട് നന്ദി. അതിലേറേ സ്നേഹം' എന്നാണ് ടൊവീനോ ഫേസ്ബുക്കില്‍ എഴുതിയത്. ചിത്രത്തില്‍ ടൊവിനോയെക്കൂടാതെ അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്, ബൈജു, ഫെമിന എന്നിവരും അണിനിരക്കുന്നുണ്ട്. ജോക്കര്‍, ജിഗര്‍തണ്ട എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഫിയാ പോളാണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. ജസ്റ്റിന് മാത്യു, അരുണ്‍ എന്നിവരാണ് മിന്നല്‍ മുരളിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.