LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റഷ്യ - യുക്രൈന്‍ യുദ്ധം ബാക്കിയാക്കുന്നത്- ക്രിസ്റ്റിന കുരിശിങ്കല്‍

യുദ്ധത്തിന്റെ ഭാവി അനാഥത്വത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും എന്നേക്കുമായുള്ള വേര്‍പിരിയലിന്‍റെയും മാത്രമാണ്. അനര്‍ത്ഥങ്ങള്‍ മാത്രം മനുഷ്യന് തിരിച്ചുനല്‍കുന്ന കൂടിയ അധ്വാനമാണ് യുദ്ധം. അധികാരത്തിന്, ധനത്തിന്, അതിര്‍ത്തിക്ക്, രാജ്യങ്ങളുടെ ശാക്തിക ബലാബലങ്ങളുടെ മാറ്റുരയ്ക്കുന്നതിന്, കേവലം മികവ് തെളിയിച്ച് വാചകമടിയ്ക്കുന്നതിന്, അങ്ങനെയെങ്ങനെ ചില ധാര്‍ഷ്ട്യങ്ങളുടെ വിജയത്തിനുവേണ്ടി ബലിയാടാകുന്നവരുടെ ദുരിതങ്ങള്‍ ഒരു തലമുറയില്‍ അവസാനിക്കുന്നില്ല എന്നതാണ് സത്യം. എല്ലാം തിരിച്ചറിയുമ്പോഴും കെടുതികള്‍ക്ക് മുന്‍പില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ നിസഹായരായി മാറുന്ന സാധാരണ മനുഷ്യര്‍! മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, ഉറ്റവരെയും തങ്ങളുടെ ആയൂഷ്കാലത്തിന്‍റെ മുഴുവന്‍ അധ്വാനത്തിന്‍യും ഫലമായി ഊറിക്കൂടിയ സമ്പത്തും നഷ്ടപെട്ടവര്‍.. വിറങ്ങലിച്ച് നില്‍ക്കുന്ന ഈ മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ''ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമെന്ന്'' സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ് ടാഗിടുമ്പോള്‍പോലും ആ ജനത എത്തിനില്‍ക്കുന്ന അതിഭയാനകവും ഭീതി നിറഞ്ഞതുമായ ജീവിത സാഹചര്യത്തെ ആഴത്തില്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കുമോ?

അനാഥരാകുന്ന കുഞ്ഞുങ്ങള്‍ 

കുട്ടികളും സ്ത്രീകളുമാണ് എക്കാലത്തും യുദ്ധത്തിന്റെ ഇരകള്‍. യുദ്ധം 'വേണോ വേണ്ടേ' എന്ന തീരുമാനത്തില്‍ യാതൊരു പങ്കുമില്ലാത്തതുകൊണ്ടുകൂടിയാണ് ഇവര്‍ കൂടിയ ഇരകളായിത്തീരുന്നത്. റഷ്യ - യുക്രൈന്‍ യുദ്ധത്തിലും സ്ഥിതി വ്യത്യസ്തമാകാന്‍ യാതൊരു കാരണവുമുണ്ടായിരുന്നില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ ഹൃദയഭേദകമായ നിരവധി കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചുപോയാല്‍ കുട്ടികള്‍ക്ക് വിലാസവും ചരിത്രവുമുണ്ടാകണം എന്ന് കരുതി മൂന്നു നാല് വയസ് പ്രായമുള്ള മക്കളുടെ ശരീരത്തില്‍ മേല്‍വിലാസം എഴുതി അയക്കുന്ന അമ്മമാരെ നാം കണ്ടു. റഷ്യന്‍ അധിനിവേശ സമയത്ത് യുക്രൈന്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ ഈ രീതിയിലാണ് നാടുകടത്തിയത്. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെയല്ലാതെ സ്വന്തം  കുഞ്ഞുങ്ങളെ ഇത്തരത്തില്‍ കൈമാറാന്‍ ആര്‍ക്ക് കഴിയും. ബോംബുകളും ഷെല്ലുകളും വര്‍ഷിച്ചുകൊണ്ടേയിരിക്കുന്ന പ്രദേശത്തുനിന്ന് എങ്ങനെയെങ്കിലും അവര്‍ രക്ഷപ്പെടട്ടെ എന്ന മനസ്സുരുകിയുള്ള ആഗ്രഹവും പ്രാര്‍ത്ഥനയുമാണ്‌, എങ്ങോട്ടെന്ന് തങ്ങള്‍ക്കുതന്നെ തിട്ടമില്ലാത്ത ഇടങ്ങളിലേക്ക് കുട്ടികളെ യാത്രയാക്കുന്നതിന് പിറകിലുള്ളത്. 10 ലക്ഷം കുട്ടികള്‍ ഇതുവരെ യുദ്ധമുഖത്തുനിന്ന് പലായനം ചെയ്തെന്നാണ് യുണിസെഫിന്‍റെ കണക്കുകള്‍ പറയുന്നത്. പലായനം ചെയ്യാന്‍പോലും കഴിയാതെ ശേഷിക്കുന്ന 65 ലക്ഷം കുഞ്ഞുങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നതെന്നും ലോകരാഷ്ട്രങ്ങള്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും യുണിസെഫ്‌ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൊടും തണുപ്പില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ നൂറുകണക്കിന് കിലോമീറ്റര്‍ കാല്‍നടയായാണ് കുട്ടികള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ നിരവധി കുഞ്ഞുങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കുട്ടികള്‍ മഞ്ഞുമൂടിയ പാതകളില്‍ കുടുങ്ങിക്കിടക്കുന്നുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനൊക്കെയപ്പുറം യുദ്ധകാലത്ത് കുഞ്ഞുങ്ങള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യതയും കൂടുതലാണ്. കുട്ടിക്കടത്ത്, ലൈഗീക പീഡനങ്ങള്‍ തുടങ്ങി പിഞ്ചുമക്കളുടെ മനസ്സും ശരീരവും കീറിമുറിയ്ക്കപ്പെടുന്ന എന്തെല്ലാം കാര്യങ്ങള്‍ സംഭവിക്കാം എന്ന് ഊഹിക്കാന്‍ പോലും സാധിക്കില്ല. 'സേവ് ദ ചില്‍ഡ്രനി'ന്‍റെ റിസര്‍ച്ച് പ്രകാരം 2017 മുതല്‍ ലോകത്തില്‍ 420 മില്യണ്‍ കുട്ടികള്‍ ജീവിക്കുന്നത് യുദ്ധമേഖലയിലാണ്. അഫ്ഗാനിസ്ഥാന്‍, സെന്‍ട്രല്‍ ആഫ്രിക്ക റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സൗത്ത് സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് എന്നാണ്. 

സ്ത്രീകള്‍ അനുഭവിക്കുന്ന സമാനതകളില്ലാത്ത പീഡനങ്ങള്‍

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളാണ് എന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ സൈന്യം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്ത് കത്തിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളെ മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് ബാലത്സഗം ചെയ്യുകയോ അല്ലെങ്കില്‍ മക്കളുടെ മുന്‍പില്‍ വെച്ച് അമ്മമാരെ ലൈംഗീകമായി പീഡിപ്പിക്കുകയൊ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. യുദ്ധത്തില്‍ ശത്രുവിനെ എല്ലാതരത്തിലും നശിപ്പിക്കാന്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുയെന്ന രീതി ചരിത്രപുസ്തകത്തില്‍ കാണാന്‍ സാധിക്കും. അതേ തന്ത്രമാണ് ഇപ്പോഴും റഷ്യന്‍ സൈന്യം യുക്രൈന്‍ സ്ത്രീകള്‍ക്ക് മേല്‍ പ്രയോഗിക്കുന്നത്. മറ്റൊരാളുടെ വേദനയില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുകയെന്നത് എത്രയോ നീചമായ രീതിയാണ്. എല്ലാ രീതിയിലും ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ ഇത്തരം സമീപനങ്ങള്‍ സ്ത്രീകളോട് കാണിക്കുന്നുണ്ടെങ്കില്‍ പെണ്ണുടലിനെ സംബന്ധിച്ച് നമ്മുടെ ധാരണകള്‍ ഇപ്പോഴും ഏതോ പ്രാചീനയുഗത്തില്‍ തന്നെ കുറ്റിയടിച്ചു നില്‍ക്കുകയാണ് എന്നതാണ് വസ്തുത. റഷ്യന്‍ സൈന്യം പീഡിപ്പിച്ച നിരവധി പെണ്‍കുട്ടികളാണ് ഗര്‍ഭിണികളായിരിക്കുന്നത്. അവരുടെ കണ്ണുനീരിന് മറുപടി പറയാന്‍ മനുഷ്യരാശിക്ക് സാധ്യമല്ല. മാനസിക ശാരീരിക പീഡനത്തോടൊപ്പം പട്ടിണിയും തൊഴിലില്ലായ്മയും ഓരോ യുദ്ധവും ബാക്കിയാക്കുകയാണ്. ആണ്‍മേല്‍ക്കോയ്മക്ക് മുന്നില്‍ അധികാരത്തിന് പുറത്തുനില്‍ക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വേദനകള്‍ക്ക് മുന്‍പില്‍ മനുഷ്യാവകാശ സംഘടനയും യു എന്നുമൊക്കെ നോക്കുകുത്തിപോലെ നില്‍ക്കുകയാണ്. കൊന്നും കൊലവിളിച്ചും ചൂഷണം ചെയ്തും ജീവിക്കുന്ന അധികാരികള്‍ക്ക് മുന്‍പില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ നില്‍ക്കുന്ന അന്താരാഷ്ട്ര സംഘടനകളൊക്കെ വെറും തമാശയായി മാറുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും പരിശ്രമിക്കണം. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് ഒരു മേശക്ക് ചുറ്റുമിരുന്നുള്ള സമാധാനപരമായ ചര്‍ച്ചകളാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ, ചോര പൊടിഞ്ഞ ഓര്‍മ്മകള്‍  ബാക്കിയാകുന്ന അവസാനത്തെ യുദ്ധമാകട്ടെ റഷ്യ -യുക്രൈന്‍ യുദ്ധം എന്ന് നമുക്ക് പ്രത്യാശിക്കാം.

Contact the author

Christina Kurisingal

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More