തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് തെന്നിന്ത്യന്‍ നടി മീന. ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ലെന്നും അതിനുളള ഏറ്റവും നല്ല മാര്‍ഗമാണ് അവയവ ദാനമെന്നും മീന പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താന്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചതായി നടി അറിയിച്ചത്. ഓഗസ്റ്റ് 13-നായിരുന്നു ലോക അവയവ ദാന ദിനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുളള ഏറ്റവും നല്ല മാര്‍ഗമാണ് അവയവ ദാനം. വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും അത് വലിയൊരു അനുഗ്രഹമാണ്. ഞാനും ആ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ സാഗറിന് കൂടുതല്‍ ദാതാക്കളെ കിട്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞേനേ. ഒരു ദാതാവിന് എട്ട് ജീവനുകള്‍ രക്ഷിക്കാനാവും. അവയവ ദാനത്തിന്റെ പ്രാധാന്യം എല്ലാവര്‍ക്കും മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടേയും ഡോക്ടര്‍മാരുടേയും മാത്രം കാര്യമല്ല. കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയെല്ലാം ബാധിക്കുന്നതാണ്. എന്റെ അവയവങ്ങള്‍ ദാനംചെയ്യുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുകയാണ്'- മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അടുത്തിടെയാണ് മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ മരിച്ചത്. അവയവ മാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാസാഗറിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.