ഹൈദരബാദ്: ബോളിവുഡിന് വേണ്ടി തെലുങ്ക് സിനിമകള്‍ ഉപേക്ഷിക്കാന്‍ ധൈര്യമില്ലെന്ന് നടി രമ്യ കൃഷ്ണന്‍. തുടര്‍ച്ചയായി ബോളിവുഡിലെ സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ ഹിന്ദി സിനിമകള്‍ക്ക് വേണ്ടി തെലുങ്ക് സിനിമകള്‍ ഉപേക്ഷിക്കാന്‍ ധൈര്യമില്ലെന്ന് പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ കൃഷ്ണന്‍ പറഞ്ഞു. സിനിമകള്‍ ലഭിക്കണമെങ്കില്‍ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിക്കണം. അതോടൊപ്പം സിനിമകള്‍ വിജയിക്കുകയും ചെയ്യണമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
'ഇപ്പോള്‍ ബോളിവുഡിലെ സിനിമകള്‍ വിജയിക്കുന്നില്ല. തെലുങ്ക് സിനിമകള്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. കമല്‍ ഹാസന്‍ നായകനായ 'പഞ്ചതന്തിരം' എന്ന സിനിമയില്‍ കോള്‍ ഗേള്‍ ആയ മാഗി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് രജനികാന്തിന്റെ 'പടയപ്പ'യില്‍ ഒരു പ്രതിനായികയായാണ് വേഷമിട്ടത്. തുടര്‍ന്ന് 'സൂപ്പര്‍ ഡ്യൂലക്‌സ്'ചെയ്തു. ഈ സിനിമകളിലെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് ഒരു പ്രത്യേക രീതിയിലുള്ള റോളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ പോയതെന്നും' രമ്യ കൃഷ്ണന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിജയ് ദേവരകൊണ്ട നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'ലൈഗര്‍' ആണ് രമ്യ കൃഷ്ണന്റേതായി റിലീസിന് എത്തിയ പുതിയ ചിത്രം. വിജയ്‌യുടെ അമ്മയായ ബാലാമണി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചത്. സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ രമ്യയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.
1983-ൽ 'വെള്ളൈ മനസു' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച രമ്യ കൃഷ്ണൻ നാല് പതിറ്റാണ്ടോളം നീണ്ട കരിയറിൽ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. അല്ലരി പ്രിയുഡു, കണ്ടേ കുത്തൂരേ കാണു, പടയപ്പ, സ്വീറ്റി നന്നാ ജോഡി, പഞ്ചതന്ത്രം, ബാഹുബലി, സൂപ്പർ ഡീലക്സ് എന്നിവയാണ് രമ്യാ കൃഷ്ണന്റെ കരിയറിലെ പ്രധാന സിനിമകള്‍. ദയവാൻ, പരംപാറ, ഖൽനായക്, ചാഹത്, ബനാരസി ബാബു, ബഡേ മിയാൻ ഛോട്ടേ മിയാൻ തുടങ്ങി ഹിന്ദി സിനിമകളിലും രമ്യാ കൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്.