LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ടറ്റം കൂട്ടിമുട്ടാത്ത റയില്‍പാളം, ജീവിതത്തിന്റെ രൂപകം തന്നെയവര്‍ക്ക് മരണവും - അനില്‍ തിരുവോത്ത്

ചെറുപ്പന്ന് എപ്പഴോ ഓർമ്മയിൽപ്പതിഞ്ഞ ചിത്രങ്ങളിലൊന്ന്, സില്ലൗട്ടിൽ, മുഖം വ്യക്തമല്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ പലായനത്തിന്റെ ചിത്രമായിരുന്നു.

അന്ന് മനം വേവിച്ചിട്ടില്ലാത്ത ആ ചിത്രം ഒരു യഥാർത്ഥ ജീവിതത്തിന്റെ ഫോട്ടോ പകർപ്പായി ഇന്നലെ രാവിലെ വീണ്ടും കൺമുന്നിൽ വന്നപ്പോഴാണ് നടുക്കം എന്താണെന്ന്, ഒരു പക്ഷെ, ദാർശനികമായി അനുഭവിക്കുന്നത്. രണ്ടറ്റം കൂട്ടിമുട്ടാതെ നീണ്ടുകിടക്കുന്ന റെയിൽപ്പാളവും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും, ആ ഒറ്റപ്പെട്ട 15 മനുഷ്യരുടെ ആകെ സമ്പാദ്യങ്ങളും !

വഴിതെറ്റില്ലല്ലോ എന്നത് കൊണ്ട്, നേരെ വെച്ചുപിടിച്ചതാണ് ആ പാളങ്ങളിലൂടെ, ആ നിസ്സഹായ മനുഷ്യർ, ചിലർ തളർന്നുവീണു, ചിലർ ഉറങ്ങിവീണു, ചിലർ വിശന്നുവീണു, ചിലർ ദാഹിച്ചു വീണു. അവർക്കും കൂടി അവകാശപ്പെട്ട "ചരക്ക്" വഹിച്ചുപോയ ട്രെയിൻ ആണ് ശരീരത്തിൽ കയറിയിറങ്ങിയത്. അതിൽ അരിയാവാം, ഇന്ധനമാവാം. ഉരുക്കുകമ്പനിയിലെ ജോലിക്കാരുടെ ശരീരം ശിഥിലമാവാൻ എത്രനേരം എടുത്തുകാണും ? എന്തുകൊണ്ട് ഈ പലായനം സംഭവിച്ചു? ഇത്രകാലമായിട്ടും ഇവരോട് ആരും ഒന്നും മിണ്ടിയില്ലേ; ഭക്ഷണത്തെക്കുറിച്ചും വെള്ളത്തെക്കുറിച്ചും ? അല്പം മുമ്പുവന്ന ഒരു കൂട്ടപ്പലായനത്തിന്റെ ചിത്രങ്ങളും വാർത്തകളും ഈ കൂട്ടമരണ (അതൊരു കൂട്ട ആത്മഹത്യ തന്നെയല്ലെന്ന് ആരു കണ്ടു! വാർത്തയും ചിത്രങ്ങളും - എല്ലാ അതിവൈകാരികതകളും മാറ്റിവെച്ച് നോക്കിയാൽ അതൊരു രാഷ്ട്രീയ / ജനാധിപത്യ വിഷയമാണെന്ന് കാണാം.

ജനാധിപത്യത്തിലെ തീവണ്ടിയപകടം 

നാനൂറോ അഞ്ഞൂറോ കിലോമീറ്റർ നടത്തം എന്നത് ആധുനിക നാഗരികതയെ സംബ്ബന്ധിച്ച് ഭയങ്കരമായ ഉൾക്കിടിലമുണ്ടാക്കുന്ന ഒന്നാണ്, ഒരു മനുഷ്യന് തന്റെ ഭാണ്ഡങ്ങളും ജീവിതദുരിതവും പേറിയുള്ള നടത്തം എന്ന നിലയിൽ. ഈ കൊറോണക്കാലത്ത് അത് അതിതീവ്രമായിത്തീരാൻ ഇടയാകുന്നത്, അതിൽ പകുതിപോലും ഒരു വാഗ്ദത്തഭൂമി, അങ്ങനെയൊന്നുണ്ടെങ്കിൽ, തൊടില്ല എന്നതിനാൽ കൂടിയാണ്. വഴിയിൽ വീണുള്ള മരിപ്പ് ആധുനികദേശ രാഷ്ട്രങ്ങളിൽ സംഭവിക്കാനേ ഇടയില്ലാത്ത ഒന്ന് എന്നനിലയിൽ ഒരു ആഗോളപ്രശ്നവുമാണ്. അത് ഭരണകൂടങ്ങളുടെ അന്തകൻ കൂടിയാകുന്ന ഒരു വൻവിപത്ത് എന്ന് തിരിച്ചറിഞ്ഞ് അവരെ വിറകൊള്ളിക്കേണ്ടതാണ്.രാഷ്ട്രങ്ങളുടെ, ദേശങ്ങളുടെ ചരിത്രം എന്നത് പലായനങ്ങളുടെ കൂടി ചരിത്രമാണ്. അവ രചിച്ചത് ആനന്ദങ്ങളുടെ ചരിത്രമല്ല.അതുകൊണ്ട് ഇന്ന് ഇന്ത്യയ്ക്കകത്തെ ഈ സംസ്ഥാനാന്തര പലായനം എന്നത് ഓർമ്മയുടെ തിരിച്ചുവരവും, വർത്തമാനത്തെ അങ്ങേയറ്റം കഠിനമായ ഒരു അനുഭവമാക്കിത്തീർക്കുന്ന സംഭവവുമാണ്.

ലോക് ഡൗൺ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി വന്ന ആ എട്ടുമണി മറ്റൊരു എട്ടുമണി പോലെ ചരിത്രപ്രധാന്യമാർന്നതായിരുന്നു. അന്നദ്ദേഹം പറഞ്ഞ പ്രധാനമായ ഒരു കാര്യം, നിങ്ങൾ ഇപ്പോൾ എവിടെയിരിക്കുന്നുവോ അവിടെത്തന്നെയിരിക്കുക, നിങ്ങൾക്ക് ഒരാപത്തും സംഭവിക്കില്ല, ആരും പട്ടിണി കിടക്കില്ല എന്നാണ്. എല്ലാ പ്രഖ്യാപനവും പോലെ, കേൾക്കുമ്പോൾ സംഗീതവും അനുഭവിക്കുമ്പോൾ കഠോരവുമായിത്തീരുന്ന പ്രഖ്യാപനങ്ങളെ അദ്ദേഹം നടത്തിയിട്ടുള്ളു. ആ എ.ടി.എം ക്യൂവിലെ 'വീണുമരണം' നമുക്ക് ഇപ്പോൾ ഓർക്കാതേയുമിരിക്കാം. നിങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന ആശ്വാസത്തെ പിന്തുടർന്നവരായിരുന്നു അന്നും ഇന്നും തളര്‍ന്നു വീണു മരിച്ചവര്‍, അപകടപ്പെട്ടവര്‍.. ജനാധിപത്യം, വാക്കുകള്‍ക്കും പ്രവർത്തികള്‍ക്കുമിടയിലെ സുതാര്യതയുടെകൂടി രാഷ്ട്രീയ പ്രയോഗമാണ്.

ഇന്ന് കേരളത്തിൽ, ഈ കൊറോണക്കാലത്തും, അന്നത്തെ ആ പ്രളയകാലത്തും ശബരിമലക്കാലത്തും കേരളീയ ജനതയായ നമ്മൾ എന്തങ്കിലും അറിയാതിരുന്നിട്ടുണ്ടോ? കൊറോണ ജീവൻ അപഹരിച്ച ഒരാളുടെ ചരമ വാർത്ത കേരളത്തിന്റെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്നു, എന്തുകൊണ്ട് അയാൾക്ക് നില ഗുരുതരമായി എന്നതിന്റെ ലളിതമായ ആരോഗ്യകാരണങ്ങളും ആരോഗ്യസാങ്കേതിക കാരണങ്ങളും, അദ്ദേഹം പറയുന്നു. പ്രായം കൂടിയ ആളുകൾക്ക്, ഹൃദ്രോഗികൾക്ക്, ശ്വാസകോശരോഗമുള്ളവർക്ക് കൊറോണ ബാധ അപകടകരമാണെന്ന കാര്യം ലോകത്തിലെ എല്ലാർക്കുമെന്നപോലെ നമുക്കുമറിയാമായിരുന്നു. ആരോഗ്യമന്ത്രി നമുക്ക് ഈ വിവരങ്ങളെല്ലാം നേരത്തേ തന്നതാണ്. ഇങ്ങനൊന്ന് ലോകത്തവതരിച്ചിരിക്കുന്നു എന്നും, അത് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം, അവിടെനിന്ന് മെഡിക്കൽ വിദ്യാർത്ഥികൾ ഇങ്ങോട്ടു വരുന്നു എന്നറിഞ്ഞ നിമിഷം ഐസോലേഷൻ വാർഡ് തയ്യാറാക്കി ആദ്യത്തെ കാലാൾപ്പട ഇവിടെ സജ്ജമായി എന്നും ആരോഗ്യമന്ത്രി നമ്മളെ അറിയിക്കുന്നു. പിന്നെ അനുനിമിഷം നമ്മൾ കൊറോണയെക്കുറിച്ച് അറിയുന്നു. വൈറസ് ബാധിതർ സഞ്ചരിച്ച റൂട്ട് മാപ്പ് മൊബൈലിൽ എത്തുന്നു. അനുദിനം വർദ്ധിക്കുന്ന വൈറസ് ബാധിതരുടെ എണ്ണം നാം അറിയുന്നു, നാം വിജിലന്റ് ആവുന്നു. മാസ്ക്കുകളും, സാനിറ്റൈസറും നിത്യോപയോഗ വസ്തുക്കളാകുന്നു. കൊറന്റയിൻ (എനിക്കേറെക്കുറെ പുതിയ വാക്ക്) എന്നാൽ എന്ത് എന്ന് എല്ലാവരും അറിയുന്നു. സാമൂഹ്യ ഉത്തരവാദിത്വം ഏറ്റവും ശക്തമായി നിറവേറാൻ നാം കാരണക്കാരായിത്തീരുന്നു. മിത്രങ്ങളുടെ, ബന്ധുക്കളുടെ നിലയെന്തെന്ന് ഫോൺ വിളിച്ചന്വേഷിക്കുന്ന ഒരു 'മനഷ്യൻ' നമ്മളിൽ ഉണരുന്നു. കമ്മ്യൂണിറ്റി കിച്ചൻ എന്നൊരു സംഗതി പൊതുചർച്ചയിൽ വരുന്നു, അഥവാ പുതിയൊരു ഉത്തരവാദിത്ത സംസ്കാരം ആരംഭിയ്ക്കുന്നു. അടുക്കളയുടെ ഫോൺ  നമ്പർ പത്രത്തിൽ വരുന്നു. 'പെട്ടു' പോയവർ ആരും പെട്ടുപോയവരല്ല എന്ന് തിരിച്ചറിയുന്നു. അതിഥി തൊഴിലാളികൾ സുരക്ഷിതരാണെന്ന് അവർക്കു തന്നെ ബോദ്ധ്യപ്പെട്ടുന്നു, കേരളത്തിൽ ഞങ്ങൾ പാർപ്പിട രഹിതരോ ഭക്ഷണരഹിതരോ ആയിരിക്കില്ലെന്ന് അവർ അറിയുന്നു.പഞ്ചാബിലെ എം.പി, കേരളത്തിലാണെങ്കിൽ ഭയപ്പെടേണ്ട എന്ന് ഓരോ അതിഥിയേയും അറിയിക്കുന്നു.'ബ്യൂറോക്രസിക്ക് ' മലയാളത്തിൽ 'ഉദ്യോഗസ്ഥസാന്ത്വനം' എന്ന് അർത്ഥമുണ്ടായിവന്നു.

എന്തുകൊണ്ട് സർ..? മറ്റൊന്നുമല്ല കാരണം, അറിയുക എന്ന ജനാധിപത്യ അവകാശം, പൗരന്റെ മൗലികാവകാശം, യുദ്ധസമാനമായ ഒരു ഘട്ടത്തിൽ പോലും കൈവിടാതെ സൂക്ഷിച്ച ഒരു മുഖ്യമന്ത്രിയും, മൊത്തം സിസ്റ്റവും. നേരത്തേ സൂചിപ്പിച്ചപോലെ, നമുക്ക് എന്തെങ്കിലും അറിയായ്കയുണ്ടോ ഇപ്പോൾ ? ജനാധിപത്യം എന്നത് ജനങ്ങളിൽ നിന്നുള്ള ഉത്തരവാദിത്തം കൂടിയാണെന്ന് ഇതിനേക്കാൾ നന്നായി അറിഞ്ഞ സന്ദർഭമുണ്ടായിട്ടുണ്ടോ മുമ്പ് കേരളത്തിന് ! അതൊരു കമ്മ്യൂണിസ്റ്റ്കാരന്റെ ജനാധിപത്യ സങ്കല്പമാണ്. ചോറ് എല്ലിൽ കുത്തിയവന്റെ ഹുങ്കിൽ നിന്നല്ല, പട്ടിണി എന്തെന്നറിഞ്ഞവന്റെ എല്ലുറപ്പിൽ നിന്നേ ആ ബോധമുണ്ടാവു. പട്ടിയും പൂച്ചയും വരെ പട്ടിണി കിടക്കരുത് എന്ന കരുതൽ ഒരു ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഉന്നതബോധമാണെന്ന് കേരളം തിരിച്ചറിയുന്നു. എല്ലാം ഓർത്തു പറയുന്ന ഒരാളെ, എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളെ കണ്ട് അത്ഭുതപ്പെട്ടവരുണ്ട്. ഇങ്ങനെയായിരിക്കേണ്ടേ മുഖ്യമന്ത്രിയെന്ന് ധാരണ മാറിപ്പോയവരുണ്ട്.

നിർജ്ജനവഴികളിലൂടെ കിതച്ചു പായുന്ന തീവണ്ടി മനുഷ്യന്റെ കിതപ്പ് കേട്ടതായി അറിവുണ്ടോ..!

എന്തുകൊണ്ടാണ് ഉത്തരേന്ത്യയിലെ പലായനം / മരണം എന്ന ചോദ്യത്തിന് ഉത്തരമായി. ഒട്ടും സുതാര്യമല്ലാത്ത, ഒന്നിനും കൃത്യമായി ഉത്തരമില്ലാത്ത, എപ്പോൾ ഭക്ഷണം കിട്ടുമെന്നറിയാത്ത, എപ്പോൾ പാർപ്പിടം കിട്ടുമെന്നറിയാത്ത അവസ്ഥ, ആ അറിയായ്കയാണ് അവരുടെ അശാന്തി. എല്ലാ പലായനങ്ങൾക്കു പിന്നിലും ഒരശാന്തി ! അത് സുതാര്യമായ, ജനാധിപത്യപരമായ ഒരു നിലപാട് ഇല്ലാതായിപ്പോയതിന്റെ ഫലമാണ്. ഒരു ഭരണാധികാരി പ്രതീകങ്ങളിലൂടെയല്ലാതെ, സുതാര്യമായി, യാഥാർത്ഥ്യബോധത്തോടെ സംസാരിക്കാതിരിക്കുമ്പോൾ ജനതയുടെ മനസ്സിൽ അശാന്തി നിറയുന്നു. അവർ പലായനം ചെയ്യുന്നു. സംഘപരിവാർ ഭരണകൂടത്തിന്റെ നാളിതുവരെയുള്ള നടപടികളിലെ ഉരുക്കുമറ, ഇപ്പോഴെങ്കിലും തകർന്നില്ലെങ്കിൽ ആ പലായനം / മരണം വലിയ ദുരന്തമാകും. എവിടെ ഭക്ഷണം കിട്ടുമെന്ന്, എവിടെ വെള്ളം കിട്ടുമെന്ന് ഇപ്പോഴെങ്കിലും അവരോട് പറയൂ. കമ്മ്യൂണിറ്റി കിച്ചൺ, അവിടേക്ക് വിളിക്കാനുള്ള ഒരു ഫോൺ നമ്പർ ഇപ്പോഴെങ്കിലും അവരെ അറിയിക്കൂ...അവരോട് എല്ലാം തുറന്നു പറയൂ... വരാനിരിക്കുന്നത് ഒരുപക്ഷേ, മഹാമാരിയായേക്കാം എന്നുതന്നെ പറഞ്ഞാലും അവർ ഭയക്കില്ല. ആ അഞ്ഞൂറു മീറ്ററോളം വരില്ല ഒരു ദുരന്തവും, ആ സംഘം ചേരലിനോളം വരില്ല ഒരു ദുരന്തവും. സോഷ്യൽ ഡിസ്റ്റൻസിങ്ങ് എന്ന് കെട്ടിപ്പൂട്ടിനു മുമ്പ് പ്രധാനമന്ത്രി ആവർത്തിച്ചതാണ് - അധികാരമേറിയ അന്നു മുതൽ അദ്ദേഹം കൃത്യമായി പാലിച്ചു പോന്ന അതേ സോഷ്യൽ ഡിസ്റ്റൻസിങ്ങ് - അവർക്കുകൂടി, ഇപ്പോഴെങ്കിലും, അനുവദിയ്ക്കു. ഒരു കാര്യം തീർച്ചയാണ്, ജനാധിപത്യപരമായി സംസാരിക്കാൻ കഴിയാത്തതാണ്, തുറന്ന് സംസാരിക്കാൻ കഴിയാത്തതാണ്, സുതാര്യത ഇല്ലാത്തതാണ് ഈ കൂട്ട പലയാനത്തിന്റെ കാരണം. കേരളമുഖ്യമന്ത്രിയെപ്പോലെ, ആരോഗ്യമന്ത്രിയെപ്പോലെ ഒരു ദിവസമെങ്കിലും keep in touch ആയിരുന്നാൽ മതി. പ്രധാനമന്ത്രി ആവശ്യപ്പെട്ടപോലെ, അവർ എത്തിയേടത്ത് നില്ക്കും; അവർക്ക് വിശ്വാസം വേണം, ജനാധിപത്യം ഉണ്ടെന്നു തോന്നണം, എന്നാൽമാത്രം.ഇല്ലെങ്കിൽ ആ പലായനം ജനാധിപത്യത്തിൽനിന്നു  കൂടിയായിരിക്കും. ഈ മരണങ്ങൾ ജനാധിപത്യത്തിലെ തീവണ്ടിയപകടമാണ്, ഒരു കാലത്തും നഷ്ടപരിഹാരം കൊടുത്ത് വീട്ടാനാവാത്തത്. റെയിലിൽ കൂടി നടക്കുന്നത് അനധികൃതമാകയാൽ റെയിൽവെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമില്ല, നിർജ്ജനവഴികളിലൂടെ കിതച്ചു പായുന്ന തീവണ്ടി മനുഷ്യന്റെ കിതപ്പ് കേട്ടതായി അറിവുണ്ടോ..!

Contact the author

Anilkumar Thiruvoth

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More