ഉത്രവധക്കേസിൽ ഭർത്താവ് സൂരജിനെയും പിതാവിനെയും അമ്മക്കും സഹോദരിക്കും ഒപ്പം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊട്ടാരക്കരയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്തത്. അമ്മയോടും സഹോദരിയോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കുടുംബാംഗങ്ങളുടെ പങ്ക് കണ്ടെത്തുന്നതിനാണ് 4 പേരേയം ഒരുമിച്ച് ഇരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. രണ്ടാം തവണയാണ് അമ്മയെയും സഹോദരിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. നേരത്തെ ഇരുവരെയും 6 മണിക്കൂർ നേരം ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ വൈരുദ്ധ്യങ്ങൾ സംബന്ധിച്ചായിരുന്നു പ്രധാനമായും ഇവരിൽ നിന്ന് വിശദീകരണം തേടിയത്.
സൂരജിനെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. കൂട്ടു പ്രതിയായ സുഹൃത്ത് സുരേഷിനെ കസ്റ്റഡി ആവശ്യപ്പെടില്ല. ഇയാളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലാണ് കസ്റ്റഡി വേണ്ടെന്ന് തീരുമാനിച്ചത്.
കേസിൽ അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കഴിഞ്ഞ ദിവസം ആടൂരിലെ ബാങ്കിലെത്തിച്ച് തെളിവെടുത്തിരുന്നു. ബാങ്ക് ലോക്കറിൽ നിന്നും ഉത്രയുടെ 38 പവൻ സ്വർണം എടുത്ത് വീട്ടിൽ കുഴിച്ചിട്ടെന്ന് സുരേന്ദ്രൻ ക്രൈംബ്രാഞ്ചനോട് സമ്മതിച്ചിരുന്നു. മാർച്ച് 2 ന് സൂരജാണ് സ്വർണം ലോക്കറിൽ നിന്ന് എടുത്തത്. ബാങ്കിലെ സ്വർണത്തിലുള്ള കുറവ് അന്വേഷണ സംഘം പരിശോധിച്ചു. ബാങ്കിൽ നിന്ന് എടുത്ത സ്വർണം ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ സുരേന്ദ്രൻ ശ്രമിച്ചിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സുരേന്ദ്രനെ 3 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ അമ്മക്ക് അറിയാമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.