തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷനോട് നിയമോപദേശം തേടി. സര്‍ക്കാരിനോടുള്ള മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്.
മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ എന്‍.എസ് ഗേറ്റില്‍ നയനത്തില്‍ കെ.കൃഷ്ണകുമാര്‍, ചെന്നൈ പെനിന്‍സുല അപാര്ട്മെന്റ്ല് നളിനി രാധാകൃഷ്ണന് എന്നിവരാണ് മറ്റു പ്രതികള്‍. വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ് കൈമാറ്റം ചെയ്യുകയും കൈവശം വെയ്ക്കുകയും ചെയ്തു എന്നതാണ് മോഹന്‍ലാലും മറ്റു പ്രതികളും ചെയ്ത കുറ്റം. ഇത് സംബന്ധിച്ചുള്ള കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിട്ടുള്ളതാണ്.
പെരുമ്പാവൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു. മോഹന്‍ലാലിനു വേണ്ടി അഭിഭാഷകനാണ് ഹാജരായത്.