ജമ്മു കശ്മീരിൽ നിയമിതരാകുന്ന സൈനികർക്ക് മനോവീര്യം വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ നിർബന്ധമാക്കുമെന്ന് ഇന്ത്യൻ സൈന്യം. തീവ്രവാദത്തിനും നുഴഞ്ഞുകയറ്റത്തിനുമെതിരെ ഏറ്റവുമധികം പോരാട്ടം നടക്കുന്ന പ്രദേശമായതിനാലാണ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്ന് സൈന്യം അറിയിച്ചു. ആദ്യമായാണ് മനോവീര്യം വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ സേനയിൽ നിർബന്ധിതമാക്കുന്നത്.
പുൽവാമയിലെ ഖ്ര്യൂ പ്രദേശത്തുള്ള 15 കോർപ്സ് ബാറ്റിൽ സ്‌കൂളിലാണ് ഈ പരിഷ്കരണം ആദ്യമായി കൊണ്ടുവരുകയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. റാങ്കുകളുടെ വ്യത്യാസമില്ലാതെ നിയമിതരാകുന്ന എല്ലാ സൈനികർക്കും പരിശീലനം നൽകും. റെഗുലർ പരിശീലനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ഉൾപ്പെടുത്തുക. നിയന്ത്രണം രേഖയിൽ നിയമിതരാകുന്നവർക്ക് 14 ദിവസവും ഉൾപ്രദേശങ്ങളിൽ നിയമിതരാകുന്നവർക്ക് 28 ദിവസവുമാണ് പരിശീലനം നൽകുക.
ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കൽ റിസർച്ച് ലാബാണ് ഇത്താരമൊരു പരിപാടി മുന്നോട്ട് വെച്ചത്. സൈനികരുടെ മാനസികാരോഗ്യം പരിശോധിക്കുന്നതിനായാണ് ഈ ലാബ് നിലകൊള്ളുന്നത്.